കൂട്ടിക്കല്‍: കൂട്ടിക്കല്‍ പഞ്ചായത്തിൽ സി.പി.എം അച്ചടക്കനടപടി. ലോക്കല്‍ കമ്മിറ്റി അംഗത്തെയും ബ്രാഞ്ച് സെക്രട്ടറിയെയും തരംതാഴ്ത്തി. 15 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു കൂട്ടിക്കല്‍ പഞ്ചായത്തിൽ സി.പി.എം ഭരണം തിരിച്ചുപിടിച്ചത്.
ഇതിനുപിന്നാലെയാണ് ചപ്പാത്ത് വാര്‍ഡിലെ ഇടതുസ്ഥാനാർഥിയുടെ തോല്‍വിയിൽ നടപടി. സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവും സജീവ പ്രവര്‍ത്തകനുമായ ടി.പി. റഷീദ്, ബ്രാഞ്ച് സെക്രട്ടറി മുഹമ്മദ് എന്നിവരെയാണ് സ്ഥാനത്തുനിന്ന് നീക്കിയത്. രേഖാമൂലം വിശദീകരണം ചോദിക്കാതെയാണ് നടപടിയെന്ന് ആക്ഷേപമുണ്ട്. ലോക്കല്‍ സെക്രട്ടറി ഫോണില്‍ വിളിച്ച് വിശദീകരണം ആരായുകമാത്രമാണ് ചെയ്തതെന്ന് ഇവര്‍ പറയുന്നു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ചപ്പാത്തുവാര്ഡിൽ മുന്‍ പഞ്ചായത്ത് അംഗം കൂടിയായ ബിസ്മിയെയാണ് സി.പി.എം സ്ഥാനാർഥിയാക്കിയത്. സ്ഥാനാർഥി ചര്‍ച്ചയില്‍തന്നെ പരാജയസാധ്യത റഷീദ് ഉന്നയിച്ചിരുന്നു. മുന്‍ പഞ്ചായത്ത് അംഗമെന്ന നിലയില്‍ പരാജയമാെണന്നും അതിനാല്‍ സ്ഥാനാർഥിയാക്കരുതെന്നും റഷീദ് പറഞ്ഞിരുന്നവത്രെ. എന്നാല്‍, ഇത് അവഗണിച്ചാണ് ബിസ്മിയെ സ്ഥാനാർഥിയാക്കിയത്.
ഉദരരോഗത്തിന് ചികിത്സയിലായിരുന്ന റഷീദ് തെരഞ്ഞെടുപ്പ് രംഗത്ത് പൂര്‍ണമായി സജീവമല്ലായിരുന്നു. ഇത് തോല്‍വിക്ക് കാരണമായതായി സി.പി.എം വിലയിരുത്തുന്നു. ബ്രാഞ്ച് സെക്രട്ടറിയുടെ സ്ഥിതിയും വ്യത്യസ്തമല്ല.