നാടൻ താറാവ് മുട്ടക്ക് ക്ഷാമം; മുതലെടുത്ത് വ്യാജലോബി
text_fieldsകോട്ടയം: നാടൻ താറാവ് മുട്ടക്ക് ക്ഷാമം. കർഷകർ വൻതോതിൽ ഈ മേഖലയിൽനിന്ന് പിന്മാറിയതോടെ മുട്ടകൾ കിട്ടാതായത് മുതലെടുത്ത് താറാവ് മുട്ടയെന്ന പേരിൽ മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള കോഴിമുട്ടകൾ വിൽക്കുന്നതായി വ്യാപക പരാതി. വലുപ്പമുള്ള കോഴിമുട്ടകൾക്ക് മുകളിൽ ചളി അടക്കം തേച്ച് തെറ്റിദ്ധരിപ്പിച്ചാണ് വിൽപന. നാടനെന്ന പേരിൽ തമിഴ്നാട്, കർണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ മുട്ടയും പൊതുവിപണിയിൽ വിൽപനക്കെത്തിക്കുന്നുണ്ട്.
വിലയിലും വർധനയുണ്ട്. നേരത്തേ പൊതുവിപണിയിൽ 10 രൂപയുണ്ടായിരുന്ന താറാവുമുട്ടക്ക് ഇപ്പോൾ 13രൂപ വരെ നൽകേണ്ടിവരുന്നതായി ഉപഭോക്താക്കൾ പറയുന്നു. ഉയർന്ന വില നൽകിയാലും നാടൻ താറാവ് മുട്ടയല്ല ലഭിക്കുന്നതെന്ന് കർഷക കോൺഗ്രസ് ജില്ല സെക്രട്ടറി എബി ഐപ്പ് പറഞ്ഞു. ചില രോഗങ്ങളുള്ളവർ സ്ഥിരമായി താറാവ് മുട്ടയാണ് കഴിച്ചിരുന്നത്. ഇവരാണ് ഏറെ പ്രയാസത്തിലായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അപ്പർ കുട്ടനാടൻ മേഖലയിലെ വൻകിട കർഷകരെല്ലാം താറാവ് കൂട്ടങ്ങളുമായി പാലക്കാട്ടേക്ക് പോയിരിക്കുകയാണ്. അവിടുത്തെ നെല്ല് പാടങ്ങളിൽ തീറ്റാനാണ് ഇവയെ കൊണ്ടുപോകുന്നത്. അതിനാൽ സ്ഥിരംകിട്ടിയിരുന്ന പല സ്ഥലങ്ങളിലും മുട്ട ലഭിക്കുന്നില്ല. മധ്യതിരുവിതാംകൂറിൽ പ്രവർത്തിച്ചിരുന്ന പല ഹാച്ചറികളും ലാഭകരമല്ലെന്ന കാരണം പറഞ്ഞ് പൂട്ടുന്നത് താറാവിന്റെയും മൂട്ടയുടെയും ക്ഷാമം രൂക്ഷമാകുന്നു. പക്ഷിപ്പനി കാരണം വലിയതോതിൽ താറാവുകളെ കൊന്നൊടുക്കിയതും മേഖലയെ ബാധിച്ചു. ഇതിനൊപ്പം തീറ്റയടക്കം ലഭ്യമല്ലാത്തതും ചെലവ് വർധിച്ചതുംമൂലം വലിയൊരുവിഭാഗം കർഷകർ ഈ മേഖലയിൽനിന്ന് പിന്മാറി. തീറ്റ വിലയിലും വർധനയുണ്ടായതായി കർഷകർ പറയുന്നു.
ഒരുവിഭാഗം ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് മാത്രം താറാവുകളെ വളർത്തുന്ന രീതിയിലേക്കുമായത് മുട്ടക്ഷാമത്തിന് കാരണമാകുന്നുണ്ട്. ഇതിനിടെ താറാവുകൾ മുട്ടയിടാൻ വൈകുന്നതും കർഷകർക്ക് തിരിച്ചടിയാണ്. സാധാരണഗതിയിൽ മുട്ടവിരിഞ്ഞ് നാലര മുതൽ അഞ്ചര മാസം കൊണ്ട് താറാവുകൾ മുട്ടയിടാറുണ്ട്. എന്നാൽ, ഇപ്പോൾ മുട്ടയിട്ട് തുടങ്ങാൻ ആറര മാസം വരെയെടുക്കുന്നു. പരമ്പരാഗത തീറ്റയുടെ കുറവും കഠിനമായ ചൂടുമാണ് ഇതിന് കാരണമെന്നാണ് കർഷകരുടെ വിലയിരുത്തൽ. ഇടുന്ന മുട്ടകളുടെ എണ്ണവും കുറഞ്ഞു.
പരമ്പരാഗത തീറ്റയുടെ ലഭ്യതക്കുറവ് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതായി ഇവർ ചൂണ്ടിക്കാട്ടുന്നു. ചെറുമത്സ്യങ്ങൾ കിട്ടാതായി. പനമ്പറ്റ കിട്ടുന്നതും കുറഞ്ഞു. പാടശേഖരങ്ങളിലെ അമിത കീടനാശിനി പ്രയോഗവും തീയിടലും കാരണം ചെറുകക്ക, വിര തുടങ്ങിയ ജൈവതീറ്റകളും ഇല്ലാതായി. ഇതാണ് മുട്ട ഉൽപാദനത്തെ ബാധിക്കുന്നതെന്നാണ് കർഷകർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

