കുമരകത്ത് വിനോദസഞ്ചാരികൾക്ക് ഭീഷണിയായി മദ്യപ സംഘങ്ങൾ; മർദനമേറ്റ റിസോർട്ട് ജീവനക്കാരൻ ഗുരുതര നിലയിൽ
text_fieldsകുമരകം: രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ കുമരകത്ത് എത്തുന്നവർക്ക് ഭീഷണിയായി മദ്യപസംഘങ്ങൾ. വിനോദ സഞ്ചാരികളെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്യുന്ന മദ്യപാനി സംഘങ്ങൾ പ്രദേശത്തെ സ്വൈരജീവിതത്തെ ബാധിക്കുകയാണ്. കുമരകം ബോട്ട് ജെട്ടിക്ക് സമീപമുള്ള പ്രദേശങ്ങളാണ് ഈ സംഘങ്ങളുടെ പ്രധാന താവളം. കഴിഞ്ഞദിവസം വൈകുന്നേരം മദ്യപിച്ചെത്തിയ യുവാക്കൾ റിസോർട്ട് ജീവനക്കാരനെ ക്രൂരമായി മർദിച്ചു.
ഗുരുതര പരിക്കേറ്റ സെക്യൂരിറ്റി ജീവനക്കാരൻ കോട്ടയം മെഡിക്കൽ കോളജ് തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. റിസോർട്ടിൽ സൂര്യാസ്തമയം ആസ്വദിച്ചിരിക്കുന്ന അതിഥികളുടെ ഇടയിലേക്ക് എട്ടംഗസംഘം കടന്നുകയറുകയും തടയാൻ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരനെ മർദിക്കുകയുമായിരുന്നു. ജീവനക്കാരന്റെ മുഖത്തും തലയ്ക്കുമാണ് പരിക്ക്. ഇത്തരത്തിൽ നിരവധി ആക്രമണങ്ങളുണ്ടായതായി റിസോർട്ടുകളിലെ ജീവനക്കാരും ഉടമകളും പരാതിപ്പെടുന്നു. റിസോർട്ടുകളിലും കടകളിലും ഈ സംഘങ്ങൾ നിർബന്ധിത പണപ്പിരിവും നടത്തുന്നുണ്ട്.
സ്ത്രീകളും കുട്ടികളുമടക്കം നിരവധി സഞ്ചാരികൾ നിത്യേന എത്തുന്ന പ്രദേശമാണ് കുമരകം. എന്നാൽ, സാമൂഹികവിരുദ്ധ സംഘം സഞ്ചാരികൾക്ക് ഭീഷണിയാണ്. കമിതാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന രീതിയും ഇവർക്കുണ്ട്. മൊബൈൽ ഫോണുകളിൽ ചിത്രം പകർത്തി ഭീഷണിപ്പെടുത്തുന്നതാണു രീതി. സ്വകാര്യവാഹനങ്ങളിൽ എത്തുന്നവർക്കും ഇവരുടെ ഭീഷണിയുണ്ട്.
കടകളിൽ നിർബന്ധിത പണപ്പിരിവും പതിവാണ്. പണം നൽകിയില്ലെങ്കിൽ കച്ചവടം തടസ്സപ്പെടുത്തുമത്രെ. കേരളത്തിലെ ഇതര വിനോദ സഞ്ചാര കേന്ദ്രങ്ങളെ അപേക്ഷിച്ച് കുമരകത്തേക്ക് അതിഥികളുടെ ഒഴുക്ക് വർധിച്ച സാഹചര്യത്തിൽ ഇവരുടെ അതിക്രമം തടഞ്ഞില്ലെങ്കിൽ വലിയ തിരിച്ചടിയാവുമെന്നു ടൂറിസം മേഖലയിലുള്ളവർ പറയുന്നു. പ്രദേശത്ത് പൊലീസ് പട്രോളിങ് ശക്തമാക്കണമെന്നും അവർ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

