തിരുവാർപ്പിൽ ഇത്തവണയും ഡ്രോണുകൾ വിത്ത് വിതക്കും; 170 ഹെക്ടറോളം വരുന്ന പാടശേഖരത്താണ് വിത്തുവിതക്കുന്നത്
text_fieldsകഴിഞ്ഞവർഷം പുതുക്കാട്ടൻമ്പത് പാടശേഖരത്ത് ഡ്രോൺ ഉപയോഗിച്ച് വിത്ത് വിതച്ചപ്പോൾ (ഫയൽചിത്രം)
കോട്ടയം: തിരുവാർപ്പിലെ പാടശേഖരങ്ങളിൽ ഈവർഷവും ഡ്രോണുകൾ വിത്ത് വിതക്കും. പരീക്ഷാണാടിസ്ഥാനത്തിൽ കഴിഞ്ഞവർഷം പുതുക്കാട്ടമ്പത് പാടശേഖരത്ത് ഡ്രോൺ ഉപയോഗിച്ച് വിത്ത് വിതച്ചിരുന്നു. ഇത് വിജയമായതോടെ ഡ്രോൺവഴിയുള്ള വിത വ്യാപകമാക്കാൻ തീരുമാനിക്കുകയായിരുന്നു.
തിരുവാർപ്പിലെ 170 ഹെക്ടറോളം വരുന്ന പാടശേഖരത്താണ് ഡ്രോൺ ഉപയോഗിച്ച് വിത്തുവിതക്കുന്നത്. പദ്ധതിക്കായി നബാർഡ് 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. വിരിപ്പുകൃഷി ചെയ്യുന്ന ചെങ്ങളം വില്ലേജിലെ മോർകാട് പാടശേഖരത്തിലാണ് ഡ്രോണുകൾ ഉപയോഗിച്ച് വിത്തുവിതക്കുക. 70 ഹെക്ടറോളം വരുന്ന പാടശേഖരമാണിത്. സമാനമായ രീതിയിൽ 14ാം വാർഡിലെ നൂറ് ഹെക്ടർ വരുന്ന മൂന്ന് പാടശേഖരങ്ങളും തെരഞ്ഞെടുത്തിട്ടുണ്ട്. പുഞ്ചകൃഷി നടത്തുന്ന പാടശേഖരങ്ങളാണിവ. ഒരേക്കർ സ്ഥലത്ത് പരമ്പരാഗത രീതിയിൽ വിതക്കുമ്പോൾ 50 കിലോ വിത്ത് ആവശ്യമാണ്. എന്നാൽ, ഡ്രോൺ ഉപയോഗിച്ചാൽ 35 കിലോ വിത്ത് മാത്രം മതിയാകുമെന്ന് തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് കൃഷി ഓഫിസർ നസിയ സത്താർ പറഞ്ഞു. വയലിലൂടെ നടന്ന് വിതക്കുമ്പോൾ മണ്ണിൽ ഇളക്കം തട്ടുന്നതുമൂലമുണ്ടാകുന്ന അമ്ലത്വം ലഘൂകരിക്കാനും ഇത് പ്രയോജനപ്പെടും. നല്ല വിളവ് ലഭിക്കുന്നതിനു പുറമെ വിത്തുവിതക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കർഷകരെ സഹായിക്കുന്നതിനുവേണ്ടിയാണ് ഡ്രോൺ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നത്.
കൃഷിവകുപ്പ് കൃഷി വിജ്ഞാൻ കേന്ദ്രയുടെ നേതൃത്വത്തിൽ ക്ലൈമറ്റ് സ്മാർട്ട് വില്ലേജ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇത് നടപ്പാക്കുന്നത്. കാലാവസ്ഥാനുസൃതമായ രീതിയിൽ നൂതനസാങ്കേതിക വിദ്യകളുപയോഗിച്ച് കാർഷികമേഖലയുടെ സമഗ്രവികസനമാണ് ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഒ.എസ്. അനീഷ് കുമാർ പറഞ്ഞു. നൂതന സാങ്കേതികവിദ്യകൾ കർഷകരെ പരിചയപ്പെടുത്തുക വഴി കൃഷി കൂടുതൽ ലാഭകരമാക്കുകയാണ് ലക്ഷ്യമെന്ന് തിരുവാർപ്പ് പഞ്ചായത്ത് കൃഷി ഓഫിസർ നസിയ സത്താർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

