Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവേനലെത്തും മുമ്പേ...

വേനലെത്തും മുമ്പേ കുടിവെള്ള ക്ഷാമം; അനങ്ങാപ്പാറ നയവുമായി ജലഅതോറിറ്റി

text_fields
bookmark_border
Representation image
cancel
camera_alt

പ്രതീകാത്മക ചിത്രം

കോട്ടയം: വേനൽക്കാലം എത്തുംമുമ്പേ ശുദ്ധജല ക്ഷാമത്തിന്റെ പിടിയിലാകുകയാണു ജില്ലയുടെ പടിഞ്ഞാറൻ മേഖല. കുമരകം, തിരുവാർപ്പ് പഞ്ചായത്തുകളിൽ ജല അതോറിറ്റിയുടെ ശുദ്ധജല വിതരണം കാര്യക്ഷമമല്ലാത്തതിനാൽ പല പ്രദേശങ്ങളിലും ശുദ്ധജലം ലഭിക്കാത്ത അവസ്ഥയാണ്. വെള്ളം കിട്ടാതെ ജനം ദുരിതത്തിലാകുമ്പോഴും പരിഹാരം കാണാൻ ജല അതോറിറ്റി നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. പടിഞ്ഞാറൻ മേഖലയിൽ മാത്രമല്ല പള്ളം ഉൾപ്പെടെ പ്രദേശങ്ങളിലും ശുദ്ധജലം ലഭിച്ചിട്ട് നാളുകളേറെയായി.

ശുദ്ധജലവിതരണ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു പകരം പലതരം മുടന്തൻ ന്യായങ്ങൾ നിരത്തുകയാണ് വാട്ടർ അതോറിറ്റി ചെയ്യുന്നതെന്ന് നാട്ടുകാർ പറയുന്നു. മോട്ടോറുകളുടെ തകരാർ, വൈദ്യുതി പ്രശ്നം തുടങ്ങിയ കാരണങ്ങൾ പറഞ്ഞു ജല അതോറിറ്റി പലപ്പോഴും ഒഴിവാക്കുകയാണത്രേ. മോട്ടോർ തകരാർ സ്ഥിരമായി ഉണ്ടാകുമ്പോൾ അതു മാറി പുതിയതു സ്ഥാപിക്കാൻ നടപടി എടുക്കാറില്ലെന്നാണു ജനങ്ങളുടെ പരാതി.

പ്രധാന പൈപ്പ് പൊട്ടുകയോ ജോയിന്റ് ഭാഗത്ത് തകരാർ സംഭവിക്കുകയോ ചെയ്താൽ വേഗം നന്നാക്കി ജല വിതരണം പുനഃസ്ഥാപിക്കാനുള്ള നടപടിയും പലപ്പോഴും സ്വീകരിക്കാറില്ല. ഒരുവിധ മുൻകരുതലും എടുക്കാറില്ല. പൈപ്പ് തകരാർ സംഭവിച്ചു കഴിയുമ്പോഴാണ് നന്നാക്കാൻ വേണ്ട സാമഗ്രികൾ വാങ്ങാൻ പോകുന്നതത്രെ. ആ സാധനങ്ങൾ വാങ്ങി എത്തിക്കുമ്പോൾ ദിവസങ്ങളെടുക്കും. പിന്നെ പൈപ്പ് നന്നാക്കാൻ വീണ്ടും ദിവസങ്ങൾ വേണ്ടി വരും. പ്രധാന പൈപ്പ് ലൈനിന് തകരാർ സംഭവിച്ചാൽ ഒരാഴ്ച ജല വിതരണം മുടങ്ങുന്ന അവസ്ഥയാണ് പൊതുവിലുള്ളത്.

ഉൾപ്രദേശങ്ങളിൽ കടുത്ത കുടിവെള്ളക്ഷാമം

വിതരണ ടാങ്കിന് സമീപ പ്രദേശത്തു പോലും വെള്ളം കിട്ടാനില്ല. കുമരകം, തിരുവാർപ്പ് പഞ്ചായത്തുകളിലെ ഉൾപ്രദേശങ്ങളിൽ താമസിക്കുന്നവരാണ് ഏറെ വലയുന്നത്. ചെങ്ങളം ശുദ്ധീകരണ ശാലയിൽനിന്ന് പമ്പ് ചെയ്യുന്ന വെള്ളം കുമരകത്തെ ചൂളഭാഗം, ചന്തക്കവലയ്ക്കു സമീപം എന്നിവിടങ്ങളിലെ ടാങ്കിൽ നിറച്ചാണു കുമരകത്ത് വിതരണം നടത്തുന്നത്. പുതിയ ശുദ്ധജല വിതരണ പദ്ധതിക്കായി പൈപ്പ് സ്ഥാപിച്ചെങ്കിലും ടാങ്കുകളിൽ നിന്ന് വിതരണത്തിനുള്ള പൈപ്പ് സ്ഥാപിക്കാൻ കഴിഞ്ഞിരുന്നില്ല.

പതിറ്റാണ്ടുകൾ പഴക്കമുള്ള പൈപ്പാണു പല സ്ഥലത്തും. ഇവ പൊട്ടി വെള്ളം പാഴാകുന്നു. പ്രഷർ കുറയുന്നതു മൂലം ഉൾപ്രദേശങ്ങളിലെ പൈപ്പുകളിൽ വെള്ളം എത്തുന്നില്ല. പമ്പിങ് സമയത്ത് ടാങ്കുകളുടെ സമീപത്തെ വാൽവ് ഭാഗത്തു കൂടി നഷ്ടപ്പെടുന്നത് ദിവസവും ആയിരക്കണക്കിന് ലിറ്റർ വെള്ളമാണ്. ചന്തക്കവലക്ക് സമീപത്തെ ടാങ്കിനു താഴത്തെ വാൽവ് ഭാഗത്തുനിന്ന് ഒഴുകുന്ന വെള്ളം ചാലിലൂടെ സമീപത്തെ കുഴിയിൽ എത്തുന്നു. നാട്ടുകാർ ശുദ്ധജലം കിട്ടാതെ വിഷമിക്കുമ്പോഴാണ് വെള്ളം പാഴായി പോകുന്നത്.

വേനലായാൽ എന്താകും?

തണുപ്പ് കാലത്ത് ഇതാണ് അവസ്ഥയെങ്കിൽ വേനലായാൽ എന്താകും കുടിവെള്ള ക്ഷാമമെന്നറിയാതെ വലയുകയാണ് പ്രദേശവാസികൾ. പൊതുവിൽ ഇവിടങ്ങളിലെ വെള്ളത്തിന്‍റെ ശുദ്ധതയെക്കുറിച്ച് പലകുറി സംശയവും ഉയർന്നതാണ്. കഴിഞ്ഞ വർഷവും കുമരകത്ത് ഇതേ അവസ്ഥയായിരുന്നു. ജനുവരിയിൽ തന്നെ ശുദ്ധജലം കിട്ടാതെ വന്നു. അന്ന് പഞ്ചായത്തിലെ ഭരണകക്ഷി അംഗങ്ങൾ ജല അതോറിറ്റിക്ക് മുന്നിൽ സമരം നടത്തി.

അതേസമയം തന്നെ പ്രതിപക്ഷ അംഗങ്ങൾ പഞ്ചായത്ത് ഓഫീസ് പടിക്കലും സമരം നടത്തിയിരുന്നു. എന്നാൽ, ആര് എന്തു സമരം നടത്തിയാലും ഒന്നുമില്ലെന്ന മട്ടിലായിരുന്നു ജല അതോറിറ്റി. ഇത്തവണയും സമരം അല്ലാതെ മാർഗമില്ലാത്ത അവസ്ഥയിലാണ് ജനങ്ങളും പഞ്ചായത്ത് അംഗങ്ങളും. പുതിയ ഭരണസമിതി നിലവിൽ വന്നതിനാൽ സമരത്തിന്‍റെ തീവ്രത വർധിക്കുമെന്നും അത് ഫലം ചെയ്യുമെന്നുമുള്ള പ്രതീക്ഷയിലാണ് പ്രദേശവാസികൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Summerwater crisiswater authoritydrinking water shortage
News Summary - Drinking water shortage before summer; Water Authority not responded
Next Story