കങ്ങഴയിലും നെടുംകുന്നത്തും കുടിവെള്ള വിതരണം പ്രതിസന്ധിയിൽ
text_fieldsപമ്പിങ് മുടങ്ങിയ മണിമലയാറിന്റെ തീരത്തെ കുളത്തൂർമൂഴി
പമ്പിങ് സ്റ്റേഷൻ
നെടുംകുന്നം: മണിമലയാറ്റിലെ ജലനിരപ്പ് താഴ്ന്നതോടെ മേഖലയിലെ കുടിവെള്ള വിതരണം പ്രതിസന്ധിയിൽ. കൃത്യമായ ഇടവേളയിൽ ഓരോ പ്രദേശത്തും വെള്ളമെത്തിക്കാൻ കഴിയാത്ത സ്ഥിതിയാണ്. കങ്ങഴ, നെടുംകുന്നം പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിൽ കുടിവെള്ളമെത്തിയിട്ട് ഒരുമാസമായി. കുടിവെള്ളം മുടങ്ങുന്നതിനെതിരെ പ്രതിഷേധവും ശക്തമാണ്. കൃത്യമായി കുളത്തൂർമൂഴിയിൽനിന്ന് വെള്ളം പമ്പു ചെയ്യാൻ കഴിയുന്നില്ലെന്നാണ് ജലവകുപ്പ് പറയുന്നത്.
ചിറയ്ക്കൽപാറ പാലം നിർമാണം നടക്കുന്നതിനാൽ സമീപത്തെ തടയണ തുറന്നു വിട്ടിരിക്കുകയാണ്. തടയണയിൽ വെള്ളം ഇല്ലാത്തതതാണ് ജലക്ഷാമം രൂക്ഷമാകാൻ കാരണം. വർഷങ്ങൾ പഴക്കമുള്ള മോട്ടോറാണ് ഇവിടെയുള്ളത്. ഇതിന്റെ ശേഷി കുറഞ്ഞതും കുടിവെള്ള വിതരണം പ്രതിസന്ധിയിലാക്കി. നിലവിൽ 12 ദിവസം കൂടുമ്പോളാണ് വെള്ളം പമ്പ് ചെയ്യുന്നത്.
നെടുംകുന്നം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ചിലപ്പോൾ വെള്ളം കിട്ടുന്നുണ്ടെങ്കിലും കങ്ങഴ പഞ്ചായത്തിലാണ് കുടിവെള്ള വിതരണം പൂർണമായി മുടങ്ങുന്നത്. പാലം നിർമാണത്തിന് തടസമാകാതിരിക്കാനാണ് തടയണ ഭാഗികമായി തുറന്നുവിട്ടത്. ഇതാണ് ജലക്ഷാമം രൂക്ഷമാകാൻ കാരണം. കഴിഞ്ഞ വർഷം കങ്ങഴ, വെള്ളാവൂർ പഞ്ചായത്തുകൾ ചേർന്ന് മണിമലയാറ്റിൽ 30,000 രൂപ മുടക്കി മണൽചാക്കുകൾ കൊണ്ട് താൽക്കാലിക തടയണ നിർമിച്ചിരുന്നു. ഇക്കുറി തടയണ നിർമിച്ചതുമില്ല. കാലപ്പഴക്കം ചെന്ന പൈപ്പുകൾ പലയിടത്തും പൊട്ടിയ നിലയിലാണ്. വെള്ളം പമ്പു ചെയ്യുമ്പോൾ റോഡിലൂടെ പൊട്ടി ഒഴുകുന്നുണ്ട്. പൈപ്പുകൾക്ക് തകരാർ ഉള്ളതിനാൽ വെള്ളത്തിന് മർദം കുറവാണ്.
ഇതിനാൽ ഉയർന്ന പ്രദേശങ്ങളിലേക്ക് വെള്ളമെത്താറുമില്ല. ഏതെല്ലാം പ്രദേശങ്ങളിലാണ് വെള്ളം എത്തുന്നതെന്ന് യാതൊരു മുന്നറിയിപ്പുകളും ജനങ്ങൾക്ക് കിട്ടാറില്ല. ഇത് സംബന്ധിച്ച് ജലവകുപ്പ് അധികൃതരുമായി ചർച്ച നടത്തിയെന്നും കുടിവെള്ള വിതരണം നടത്തുന്ന സ്ഥലങ്ങൾ മുൻകൂട്ടി പഞ്ചായത്തംഗങ്ങളെ അറിയിച്ച് വിവരം ജനങ്ങളെ അറിയാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ചീഫ് വിപ്പ് എൻ. ജയരാജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

