11 പേരെ കടിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു
text_fieldsകോട്ടയം: നാഗമ്പടത്ത് 11 പേരെ കടിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കോടിമതയിലെ എ.ബി.സി സെന്ററിൽ നിരീക്ഷണത്തിലായിരുന്ന നായ്, വെള്ളിയാഴ്ച പേ ലക്ഷണങ്ങൾ കാണിച്ച് ചത്തിരുന്നു. തുടർന്ന് തിരുവല്ലയിലെ മഞ്ഞാടി ലാബിൽ പരിശോധിച്ചപ്പോഴാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ഇതോടെ കടിയേറ്റവർ ഭീതിയിലാണ്.
നാലുവയസ്സുകാരൻ ഉൾപ്പെടെയുള്ളവർക്കാണ് കടിയേറ്റത്. ഒരാളുടെ വിരലിന്റെ അറ്റം കടിച്ചെടുത്തിരുന്നു. നായ് മറ്റു നായ്ക്കളെയും കടിച്ചതായി സംശയമുണ്ട്. ഝരു നായ് എ.ബി.സി സെന്ററിൽ നിരീക്ഷണത്തിലുണ്ട്. ഇതിന് പേ ലക്ഷണങ്ങളില്ല. ഈ സാഹചര്യത്തിൽ പ്രദേശത്തെ തെരുവുനായ്ക്കൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകാനൊരുങ്ങുകയാണ് ജില്ല മൃഗസംരക്ഷണ വകുപ്പ്.
തെരുവുനായ് അല്ല ഇതെന്നാണ് വിവരം. ആരോ ഉപേക്ഷിച്ച, വീട്ടിൽ വളർത്തിയിരുന്ന നായാണിത്. കഴിഞ്ഞമാസം നഗരസഭ മുൻ ചെയർമാനടക്കമുള്ളവർക്ക് പേവിഷബാധയുള്ള നായുടെ കടിയേറ്റിരുന്നു. തുടർന്ന് രണ്ടു വാർഡുകളിലെ തെരുവുനായ്ക്കൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകിയിരുന്നു.
കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് ഏഴരയോടെ നാഗമ്പടത്തുവെച്ചാണ് നാലു വയസ്സുകാരന് ഉള്‍പ്പടെ 11 പേര്‍ക്ക് കടിയേറ്റത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. കുറിച്ചി ഷാജി വില്ലയില്‍ അജീഷയുടെയും ശിവയുടെയും മകന് അര്‍ഷിതിനു (നാല്) ഇന്‍ഡോര്‍ സ്റ്റേഡിയത്തിനു സമീപത്തുനിന്നാണ് കടിയേറ്റത്.
അമ്മയോടൊപ്പം ഇതുവഴി നടന്നുവരികയായിരുന്നു. പ്രകോപനമില്ലാതെ ഇവരുടെ സമീപത്തുകൂടി കടന്നുപോയ നായ് പെട്ടെന്ന് തിരികെ ഓടിയെത്തി കടിക്കുകയായിരുന്നു. കുട്ടിയുടെ കൈയിലാണ് കടിയേറ്റത്.
പള്ളം സ്വദേശി നിധിന് (29), അയര്‍ക്കുന്നം സ്വദേശികളായ രാഹുല്‍ (29), ഏലിയാസ് (53), പി.ടി. ഷാജി (49), കൈനടി സ്വദേശി പ്രതിഭ (17), ചങ്ങനാശ്ശേരി സ്വദേശി വിനീഷ് (18), തിരുവനന്തപുരം സ്വദേശി ഷാക്കീര്‍ (35), അന്തർസംസ്ഥാന തൊഴിലാളികളായ ലുക്കു (42), ദിനേശ് കുമാര്‍ (30), പത്തനംതിട്ട ആനയടി സ്വദേശി പി. പത്മലോചന്‍ (65) എന്നിവര്‍ക്കും കടിയേറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

