ജില്ല സ്കൂൾ കായികമേള; പാലാ കുതിച്ചുതുടങ്ങി
text_fieldsറവന്യൂ ജില്ല കായികമേള നടക്കുന്ന പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിലെ തകർന്ന സിന്തറ്റിക് ട്രാക്ക്
പാലാ: കാത്തിരിപ്പുകൾക്കൊടുവിൽ കഴിഞ്ഞ വർഷം കൈവന്ന കിരീടം വിട്ടുകൊടുക്കില്ലെന്നുറപ്പിച്ച പാലാ ഉപജില്ലയുടെ കുതിപ്പോടെ 23ാമത് റവന്യു ജില്ല കായികമേളക്ക് തുടക്കമായി. പൊട്ടിത്തകർന്ന മുനിസിപ്പൽ സ്റ്റേഡിയത്തിൽ വീറിനും വാശിക്കും തെല്ലും കുറവ് വരാത്ത പോരാട്ടത്തിലെ ആദ്യ ദിനം ആതിഥേയരായ പാലാ ബഹുദൂരം മുന്നിലാണ്.
17 സ്വർണവും എട്ടു വെള്ളിയും നാലു വെങ്കലവുമായി 143 പോയന്റുമായാണ് പാലാ കുതിക്കുന്നത്. എട്ടു സ്വർണവും അഞ്ചു വെള്ളിയും ആറു വെങ്കലവുമായി 71 പോയന്റോടെ കാഞ്ഞിരപ്പള്ളിയാണ് രണ്ടാമത്. രണ്ടു സ്വർണവും എട്ടു വെള്ളിയും മൂന്നു വെങ്കലവുമായി ഈരാറ്റുപേട്ട 42 പോയന്റോടെ മൂന്നാമതുണ്ട്.
ഏറ്റുമാനൂർ (23 പോയന്റ്), കുറവിലങ്ങാട് (19 പോയന്റ്) എന്നിങ്ങനെയാണ് ആദ്യ അഞ്ച് സ്ഥാനക്കാർ. എട്ടു സ്വർണമടക്കം 52 പോയന്റ് നേടിയ പാലാ സെന്റ് തോമസ് എച്ച്.എസ്.എസ് ആണു സ്കൂളുകളിൽ മുന്നിൽ. പൂഞ്ഞാർ എസ്.എം.വി എച്ച്.എസ്.എസ് (28 പോയന്റ്), മുരിക്കുംവയൽ ഗവ. വി.എച്ച്.എസ്.എസ് (15 പോയന്റ്), ചേർപ്പുങ്കൽ ഹോളി ക്രോസ് എച്ച്.എസ്.എസ് (14 പോയന്റ്), കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ജി.എച്ച്.എസ് (14 പോയന്റ്) എന്നിവയാണു തൊട്ടടുത്ത സ്ഥാനങ്ങളിൽ.
എന്തു പരീക്ഷണമീ സിന്തറ്റിക്..!
സമ്മതിച്ചുകൊടുക്കണം ഈ കുട്ടികളെ. അതിവേഗവും ദൂരവും പരീക്ഷിക്കുന്ന മൈതാനത്തിൽ അതിനെക്കാൾ പരീക്ഷണമായി തീർന്ന സിന്തറ്റിക് ട്രാക്കിനെ അതിജീവിച്ച് വിജയം വരിക്കുന്നതിൽ അവരെ എഴുന്നേറ്റുനിന്ന് കൈയടിച്ച് അനുമോദിക്കേണ്ടതാണ്.
കായിക മേളയിൽ എതിരാളികളേക്കാൾ കായിക താരങ്ങൾക്ക് വെല്ലുവിളിയും ഭീഷണിയും ഉയർത്തുന്നത് പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കാണ്. സിന്തറ്റിക് എന്ന് പേരേയുള്ളൂ. പണ്ടെന്നോ സിന്തറ്റിക് ട്രാക്കായിരുന്നതിന്റെ ഓർമ മാത്രമേ ശേഷിക്കുന്നുള്ളൂ. കൊടുംവേനലിൽ വരണ്ട് വിണ്ടുകീറിയ നെൽപ്പാടം കണക്കെയാണ് ട്രാക്ക്.
സിന്തറ്റിക് ടർഫ് കാലപ്പഴക്കത്തിൽ ദ്രവിച്ച് കീറിപ്പോയിരിക്കുന്നു. വ്രണങ്ങൾ പോലെ പൊട്ടിക്കീറിയ മുറിവിനു മുകളിലൂടെയാണ് അത്ലറ്റുകൾ പരക്കം പായുന്നത്. ട്രാക്ക് തിരിക്കുന്ന വരകളൊക്കെ സാങ്കൽപ്പിക രേഖകളായി മാറിക്കഴിഞ്ഞു. നടക്കാൻ പോലും ബുദ്ധിമുട്ടുള്ള ട്രാക്കിലൂടെ ഓടിയും ചാടിയും ഒട്ടേറെ പേർക്ക് പരിക്കേറ്റു.
ജില്ലയിൽ മറ്റെവിടെയും സിന്തറ്റിക് ട്രാക് സ്റ്റേഡിയം ഇല്ലാത്തതിനാലാണ് പാലായിലെ പൊട്ടിപ്പൊളിഞ്ഞ സ്റ്റേഡിയത്തിൽ തന്നെ കായിക മേള നടത്തേണ്ടി വന്നതെന്ന് സംഘാടകർ പറയുന്നു.നഗരസഭയുടെ കീഴിലാണ് സ്റ്റേഡിയം. കെ.എം. മാണിയുടെ സ്വപ്നം എന്ന പേരിൽ പണിതുയർത്തിയ സ്റ്റേഡിയത്തിൽ കോടികൾ ചെലവഴിച്ചുണ്ടാക്കിയ സിന്തറ്റിക് ട്രാക് പരിപാലിക്കുന്നതിൽ നഗരസഭ കാണിച്ച അലംഭാവമാണ് ശോച്യാവസ്ഥയ്ക്ക് കാരണമെന്ന് മാണി സി. കാപ്പൻ എം.എൽ.എ കുറ്റപ്പെടുത്തുന്നു.
കായികതാരങ്ങളുടെ വളർച്ചയിൽ നഗരസഭക്ക് താൽപര്യമില്ല, സ്റ്റേഡിയത്തിൽ നടക്കുന്ന കായിക മത്സരങ്ങൾക്കു വരെ നഗരസഭ ഫീസ് ഇടാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഏഴു കോടി രൂപ ട്രാക് നവീകരണത്തിന് അനുവദിച്ചിട്ടുണ്ടെന്നും മഴ കഴിഞ്ഞാലുടൻ പുതിയ സിന്തറ്റിക് ട്രാക് സ്ഥാപിക്കുമെന്നും എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

