ജില്ല സ്കൂൾ കായികമേള; കിരീടത്തിലേക്ക് കുതിച്ച് പാലാ
text_fieldsമിലൻ ബെന്നി, സീനിയർ ലോങ് ജംപ് (സെന്റ് പീറ്റേഴ്സ്, കറുമ്പനാടം)
പാലാ: നിർത്താതെ പെയ്ത തുലാമഴയിലും ആവേശംകെടാതെ ജില്ല കായികമേള സമാപനത്തോടുക്കുമ്പോൾ ഓവറോൾ കിരീടം ഏറെക്കുറെ ഉറപ്പിച്ച നിലവിലെ ചാമ്പ്യനായ പാലാ ഉപജില്ല വൻ കുതിപ്പ് തുടരുന്നു. രണ്ടാം ദിനം നനഞ്ഞുകുതിർന്ന ട്രാക്കിലും ഫീൽഡിലും പുതിയ വേഗവും ദൂരവും ഉയരവും കുറിച്ച് താരങ്ങൾ മെഡലിലേക്ക് പാഞ്ഞടുത്തു.
30 സ്വർണവും 17 വെള്ളിയും 11 വെങ്കലവും അടക്കം 258 പോയന്റുമായി പാലാ ബഹുദൂരം മുന്നിലാണ്. രണ്ടാമതുള്ള കാഞ്ഞിരപ്പള്ളിക്ക് 118 പോയന്റേയുള്ളൂ. നിരവധി തവണ ചാമ്പ്യനും കഴിഞ്ഞ തവണ രണ്ടാമതുമായിരുന്ന ഈരാറ്റുപേട്ടയാകട്ടെ 109 പോയന്റുമായി മൂന്നാമതാണ്. കാഞ്ഞിരപ്പള്ളിക്ക് 12 സ്വർണവും ഈരാറ്റുപേട്ടക്ക് 10 സ്വർണവുമുണ്ട്. 38 പോയന്റുള്ള കുറവിലങ്ങാടാണ് നാലാമത്. 37 പോയന്റുമായി ഏറ്റുമാനൂർ അഞ്ചാമത്.
17 സ്വർണം വാരിപ്പിടിച്ച പാലാ സെന്റ് തോമസ് എച്ച്.എസ്.എസ് 120 പോയന്റുമായി സ്കൂളുകളിൽ മുന്നിൽ തന്നെയാണ്. 71 പോയന്റുള്ള പൂഞ്ഞാർ എസ്.എം.വി എച്ച്.എസ്.എസാണ് രണ്ടാമത്. കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ജി.എച്ച്.എസ് 28 പോയന്റുമായി മൂന്നാമതുണ്ട്. കുറുമ്പനാടം സെന്റ് മേരീസ് ജി.എച്ച്.എസാണ് നാലാമത് (24 പോയന്റ്). കാഞ്ഞിരപ്പള്ളി മുരിക്കുംവയൽ വി.എച്ച്.എസ്.എസാണ് അഞ്ചാം സ്ഥാനത്ത്. 23 പോയന്റ്.
വെള്ളിയാഴ്ച വൈകീട്ട് നാലിന് മേള സമാപിക്കും. മന്ത്രി വി.എൻ. വാസവൻ സമ്മാനദാനം നിർവഹിക്കും. ജോസ് കെ. മാണി എം.പി അധ്യക്ഷത വഹിക്കും. എം.എൽ.എമാരായ സി.കെ. ആശ, ചാണ്ടി ഉമ്മൻ, ജോബ് മൈക്കിൾ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗൾ, പാലാ മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ തുടങ്ങിയവർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

