ജില്ല പഞ്ചായത്ത്: അഞ്ചാമത്തെ വനിത സാരഥിയായി നിർമല ജിമ്മി
text_fieldsകോട്ടയം: ജില്ല പഞ്ചായത്തിെൻറ അഞ്ചാമത്തെ വനിത സാരഥിയായി കേരള കോൺഗ്രസ് എം അംഗമായ നിർമല ജിമ്മി ചുമതലയേറ്റു. സി.പി.എമ്മിലെ ടി.എസ്. ശരത്താണ് വൈസ് പ്രസിഡൻറ്. രണ്ടാം തവണയാണ് ഇവർ അധ്യക്ഷസ്ഥാനത്തെത്തിയത്. തെൻറ വിവാഹവാർഷിക ദിനത്തിൽ ലഭിച്ച പുതിയ പദവി ഇരട്ടിമധുരമായി നിർമല ജിമ്മിക്ക്. നിർമലക്ക് 14 വോട്ടും യു.ഡി.എഫിലെ രാധ വി. നായർക്ക് ഏഴുവോട്ടും ലഭിച്ചു.
22 അംഗങ്ങളിൽ പൂഞ്ഞാറിൽനിന്നുള്ള ജനപക്ഷം അംഗം ഷോൺ ജോർജ് വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. കോവിഡ് പോസിറ്റിവായ കുറിച്ചി ഡിവിഷന്‍ അംഗം യു.ഡി.എഫിലെ പി.കെ. വൈശാഖ് പി.പി.ഇ കിറ്റ് അണിഞ്ഞെത്തിയാണ് വോട്ട് ചെയ്തത്. വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പില്‍ ടി.എസ്. ശരത്തിന് 14 വോട്ടും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ ജോസ്‌മോന്‍ മുണ്ടക്കലിന് ഏഴു വോട്ടും ലഭിച്ചു. വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിലും ഷോണ്‍ ജോർജ് വിട്ടുനിന്നു.
പൂഞ്ഞാർ ഡിവിഷൻ അംഗമായിരിക്കെ 2013-15 കാലഘട്ടത്തിൽ അധ്യക്ഷയായിരുന്നു നിർമല ജിമ്മി. അന്ന് യു.ഡി.എഫിെൻറ ഭാഗമായിരുന്നു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനവുമായി ബന്ധപ്പെട്ട തര്‍ക്കത്തെതുടർന്നാണ് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം യു.ഡി.എഫ് വിട്ടത്. അതുകൊണ്ടുതന്നെ അധ്യക്ഷ സ്ഥാനം ഇവർക്ക് അഭിമാനപ്രശ്നമായിരുന്നു.
ആദ്യ രണ്ടു വര്‍ഷം കേരള കോണ്‍ഗ്രസിനും തുടര്‍ന്നുള്ള രണ്ടു വര്‍ഷം സി.പി.എമ്മിനും അവസാന ഒരു വര്‍ഷം സി.പി.ഐക്കും എന്നതാണ് പ്രസിഡൻറ് പദവിയിലെ എല്‍.ഡി.എഫ് ധാരണ. വൈസ് പ്രസിഡൻറ് സ്ഥാനത്തില്‍ ആദ്യത്തെ രണ്ടു വര്‍ഷം സി.പി.എമ്മും അവസാന രണ്ടു വര്‍ഷം കേരള കോണ്‍ഗ്രസും ഇടക്കുള്ള ഒരു വര്‍ഷം സി.പി.ഐയും അധികാരം പങ്കിടും.
പാലായിലെ കെ.എം. മാണിയുടെ കല്ലറയിലെത്തി റീത്ത് സമർപ്പിച്ചശേഷമാണ് നിർമല ജിമ്മി വോട്ടെടുപ്പിനെത്തിയത്. മാണിയുടെ വീട്ടിലെത്തി കുട്ടിയമ്മയുടെ അനുഗ്രഹവും തേടി. ഭർത്താവ് ജിമ്മി, മക്കളായ ജിനോ, ജിയോ, ജിനോയുടെ ഭാര്യ ക്രിസ്റ്റി എന്നിവർക്കൊപ്പമാണ് നിർമല വോട്ടെടുപ്പിന് എത്തിയത്.
വരണാധികാരിയായ കലക്ടര്‍ എം. അഞ്ജന മുമ്പാകെ പുതിയ പ്രസിഡൻറ് സത്യപ്രതിജ്ഞ ചെയ്തു. പ്രസിഡൻറ് നിർമല ജിമ്മി വൈസ് പ്രസിഡൻറിന് സത്യവാചകം ചൊല്ലിക്കൊടുത്തു.
കന്നിയങ്കത്തിൽ മത്സരിച്ചു ജയിച്ചാണ് വെള്ളൂർ ഡിവിഷൻ അംഗം ടി.എസ്. ശരത് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് സ്ഥാനത്തെത്തിയത്. സി.പി.എം കടുത്തുരുത്തി ഏരിയ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ ജില്ല സെക്രേട്ടറിയറ്റ് അംഗവുമാണ്. എസ്.എഫ്.ഐ മുൻ സംസ്ഥാന ജോയൻറ് സെക്രട്ടറിയും മുൻ ജില്ല സെക്രട്ടറിയുമാണ്.