ജില്ല ജനറൽ ആശുപത്രി; അഞ്ചാം വാർഡ് അറ്റകുറ്റപ്പണി ഉടൻ തുടങ്ങാൻ നിർദേശം
text_fieldsകഴിഞ്ഞ ദിവസം കോൺക്രീറ്റ് അടർന്നുവീണ നാലാം വാർഡിൽ എന്തൊക്കെ അറ്റകുറ്റപ്പണി ചെയ്യണമെന്ന് എൻജിനീയറിങ് വിഭാഗം പരിശോധന നടത്തി എസ്റ്റിമേറ്റ് എടുക്കും
കോട്ടയം: പ്ലാസ്റ്ററിങ് അടർന്നുവീണതിനെ തുടർന്ന് നാലുമാസം മുമ്പ് അടച്ച ജനറൽ ആശുപത്രിയിലെ അഞ്ചാം വാർഡ് നവീകരണത്തിന് അടിയന്തരമായി ടെൻഡർ നൽകാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ നേതൃത്വത്തിൽ ചേർന്ന യോഗം നിർദേശിച്ചു. 10 ദിവസത്തിനകം ടെൻഡർ പൂർത്തിയാക്കി പണി ആരംഭിക്കണം. ടെൻഡർ എടുക്കാൻ ആളില്ലെങ്കിൽ കാലതാമസം ഒഴിവാക്കാൻ നിർമിതിപോലുള്ള ഏജൻസിയെ ഏൽപിക്കാനും സൂപ്രണ്ടിനെ ചുമതലപ്പെടുത്തി. പ്രസവാനന്തര വാർഡായ അഞ്ചാം വാർഡിൽ പള്ളം ബ്ലോക്ക് പഞ്ചായത്ത് അധികൃതർ പരിശോധന നടത്തി അറ്റകുറ്റപ്പണിക്ക് 32 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് കണക്കാക്കിയിരുന്നു. എന്നാൽ, അത്രയും ഫണ്ടില്ലാത്തതിനാൽ 18 ലക്ഷമായി പുതുക്കി നൽകിയിട്ട് രണ്ടു മാസമായി. ഈ തുക ആശുപത്രി വികസനസമിതി ജില്ല പഞ്ചായത്ത് എൻജിനീയറിങ് വിഭാഗത്തിന് കൈമാറിയിട്ടും നടപടിയായിട്ടില്ല. അഞ്ചാം വാർഡ് പണി പൂർത്തിയായിരുന്നെങ്കിൽ നാലാം വാർഡിലെ രോഗികളെ അങ്ങോട്ടു മാറ്റാൻ കഴിയുമായിരുന്നുവെന്ന് ആശുപത്രി വികസന സമിതി അംഗങ്ങൾ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം കോൺക്രീറ്റ് അടർന്നുവീണ നാലാം വാർഡിൽ എന്തൊക്കെ അറ്റകുറ്റപ്പണി ചെയ്യണമെന്ന് എൻജിനീയറിങ് വിഭാഗം പരിശോധന നടത്തി എസ്റ്റിമേറ്റ് എടുക്കും. ആശുപത്രി വളപ്പിൽ ബഹുനില മന്ദിരം പണിയുന്നതിന്റെ ഭാഗമായി പൈലിങ് നടത്തുമ്പോൾ നിലവിലെ കെട്ടിടത്തിന് കേടുപാട് വരുമോ എന്ന ആശങ്ക സൂപ്രണ്ട് ബിന്ദുകുമാരി പങ്കുവെച്ചു. എന്നാൽ, 80 മീറ്റർ മാറിയാണ് കെട്ടിടം പണിയുന്നതെന്നും പഴയ കെട്ടിടത്തെ ബാധിക്കില്ലെന്നും നിർവഹണ ഏജൻസി പ്രതിനിധി അറിയിച്ചു. കെട്ടിടത്തിനു മുകളിലെ ഷീറ്റ് മേൽക്കൂര പകുതിയേ മറയ്ക്കുന്നുള്ളൂ. ഇതിനാൽ വെള്ളം മേൽക്കൂരയിൽ നിൽക്കുകയാണെന്ന് ആശുപത്രി വികസന സമിതി അംഗങ്ങൾ ശ്രദ്ധയിൽപെടുത്തി. എൻ.എച്ച്.എം നേരിട്ട് ചെയ്ത ജോലിയാണത്. വെള്ളം ഒഴുക്കിക്കളയാൻ ഉടൻ സൗകര്യമൊരുക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. നേത്രരോഗ വിഭാഗത്തിന്റെ ഓപറേഷൻ തിയറ്റർ പൂട്ടിയതിനു പകരം താൽക്കാലിക സൗകര്യങ്ങൾ ആശുപത്രിക്കുള്ളിൽ 10, 11, 12 മുറികളിൽതന്നെ നവംബർ 23നകം ഏർപ്പെടുത്തും. നിലവിലുള്ള രോഗികളെ പാമ്പാടി താലൂക്ക് ആശുപത്രിയിലേക്ക് വിടുകയാണ് ചെയ്യുന്നത്.
ശനിയാഴ്ച മുതൽ അവിടെ ശസ്ത്രക്രിയ തുടങ്ങും. ഇതിനായി വാഹനസൗകര്യം ആശുപത്രി ഏർപ്പെടുത്തും. ബദൽ സംവിധാനം വൈകുന്നതിനെയും എം.എൽ.എ വിമർശിച്ചു. അടിയന്തരമായി ചെയ്യേണ്ട ജോലികൾ വൈകുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും എം.എൽ.എ പറഞ്ഞു. ആശുപത്രി വികസന സമിതി അംഗങ്ങളായ പി.കെ. ആനന്ദക്കുട്ടൻ, പോൾസൻ പീറ്റർ, സാബു ഈരയിൽ, ജില്ല പഞ്ചായത്തംഗം വൈശാഖ്, മുനിസിപ്പൽ കൗൺസിലർ സിൻസി പാറയിൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

