ജില്ല ജനറൽ ആശുപത്രി മന്ദിരം; പൈലിങ് പൂർത്തിയായി
text_fieldsകോട്ടയം: ജില്ല ജനറൽ ആശുപത്രിയിൽ പുതിയ മൾട്ടി സ്പെഷാലിറ്റി മന്ദിരം നിർമിക്കുന്നതിന് പൈലിങ് പൂർത്തിയായി. ഫൗണ്ടേഷൻ നിർമാണപ്രവൃത്തികൾ അടുത്തയാഴ്ച തുടങ്ങും. അടുത്ത മാസം നിർമാണോദ്ഘാടനം നടക്കും. കെട്ടിടം പണിയാൻ കുഴിച്ചെടുത്ത മണ്ണ് മൂന്നിലൊന്ന് നീക്കാൻ ബാക്കിയുണ്ട്. അത് മാറ്റുന്നതോടെ പ്രവൃത്തികൾ വേഗത്തിലാവുമെന്നാണ് അധികൃതർ പറയുന്നത്. രണ്ടുവർഷമാണ് നിർമാണകാലാവധി.
2018ലാണ് കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി പത്തുനിലക്കെട്ടിടം പ്രഖ്യാപിച്ചത്. അർധസർക്കാർ സ്ഥാപനമായ ഇൻകെൽ ലിമിറ്റഡിനാണ് നിർമാണചുമതല. 129.89 കോടി രൂപക്കാണ് ആദ്യഘട്ടം ഭരണാനുമതി ലഭിച്ചിട്ടുള്ളത്. കെട്ടിടം പണിയാൻ വാർഡുകളടക്കം കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയിരുന്നു.
2,86,850 ചതുരശ്ര അടി വിസ്തൃതിയുള്ള 10 നില മന്ദിരമാണ് നിർമിക്കുന്നത്. 35 ഒ.പി. ഡിപാർട്ട്മെന്റുകൾ, 391 കിടക്കകൾ, 10 ഓപ്പറേഷൻ തിയറ്റററുകൾ, സൂപ്പർ സ്പെഷാലിറ്റി ഒ.പി-ഐ.പി, സി.ടി, എം.ആർ.ഐ മെഷീനുകൾ തുടങ്ങിയ സൗകര്യങ്ങളുണ്ടാവും കെട്ടിടത്തിൽ. 2025 ജനുവരിയിൽ മന്ദിരം തുറന്നുകൊടുക്കുമെന്നാണ് മന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നത്.
എന്നാൽ പലവിധ സാങ്കേതിക തടസ്സങ്ങൾ മൂലം നടപടികൾ വൈകുകയായിരുന്നു. കെട്ടിടം നിർമിക്കുന്ന സ്ഥലത്തെ മണ്ണ് മാറ്റാൻ ഇടമില്ലാത്തതായിരുന്നു അവസാനത്തെ തടസ്സം. നിലവിൽ മണ്ണ് മണ്ഡലത്തിലെ പല നിർമാണപ്രവർത്തനങ്ങൾക്കായി കൊണ്ടുപോയി. എൻ.എച്ച്.എം കെട്ടിടത്തിന് പുറകിൽ കൂട്ടിയിട്ട മണ്ണ് കെട്ടിടത്തിനും ഭീഷണിയാണ്. ഉടൻ നീക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

