പാൽവില കൂടും; നവംബർ ഒന്നു മുതൽ വില വർധിപ്പിക്കാൻ ക്ഷീരസംഘങ്ങൾ
text_fieldsഇൻസൈറ്റിൽ ക്ഷീര സഹകരണ സംഘത്തിന് മുമ്പിൽ ഒട്ടിച്ച പോസ്റ്റർ
കോട്ടയം: ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങൾ വഴി വിൽപന നടത്തുന്ന പാലിന്റെ വില വർധിപ്പിക്കും. മിക്കയിടങ്ങളിലും നവംബർ ഒന്നു മുതൽ പാൽവില വർധിക്കുമെന്ന് വ്യക്തമാക്കുന്ന ബോർഡുകളും പോസ്റ്ററുകളും സംഘങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. ഒരു ലിറ്റർ പാലിന് 65 ഉം 70 ഉം രൂപയാണ് ഒന്നുമുതൽ നൽകേണ്ടതെന്നാണ് ബോർഡുകളിൽ വ്യക്തമാക്കുന്നത്.
മൂന്നു വർഷം മുമ്പ് മുതൽ സർക്കാർ തീരുമാനപ്രകാരം ഒരു ലിറ്റർ പാലിന് 54 രൂപയാണ് കർഷകർക്ക് ലഭ്യമാക്കുന്നത്. ഇതേ തുകക്കാണ് കർഷകരിൽനിന്ന് ക്ഷീര സഹകരണ സംഘങ്ങൾ പാൽ വാങ്ങുന്നത്. പാലിന്റെ ഗുണമേന്മയുടെയും കൊഴുപ്പിന്റെയും അടിസ്ഥാനത്തിൽ ഈ വിലയിൽ ചെറിയ മാറ്റങ്ങളുണ്ടാകും. ക്ഷീര സഹകരണ സംഘങ്ങളിൽനിന്ന് കൃത്യമായ അളവിൽ ശുദ്ധമായ പാൽ ലഭിക്കുമെന്ന പൊതുവിലയിരുത്തലും ആളുകളിലുണ്ട്. അത് ക്ഷീര സൊസൈറ്റികളുടെ വിശ്വാസവും വർധിപ്പിച്ചു. എന്നാൽ, അടുത്തിടെ ജില്ലയിൽ ക്ഷീരകർഷകരുടെ എണ്ണം ഗണ്യമായി കുറഞ്ഞത് ക്ഷീര സംഘങ്ങളെയും പ്രതികൂലമായി ബാധിച്ചു.
പശു ഉൾപ്പെടെ കന്നുകാലികളെ വളർത്തുന്നതിലെ ചെലവ് വർധിച്ചതും വളർത്തുമൃഗങ്ങൾ പലതരം രോഗങ്ങൾ ബാധിച്ചു ചത്തതുമൊക്കെയാണ് പിന്തിരിയാൻ പല കർഷകരേയും പ്രേരിപ്പിച്ചത്. സംസ്ഥാനത്തിനകത്തുനിന്ന് കൂടുതൽ പാൽ ഉൽപാദിപ്പിക്കുന്ന പശുക്കളെയും എരുമകളെയും ലഭിക്കാത്തതും മറ്റൊരു കാരണമാണ്. അത് സൊസൈറ്റികളുടെ പ്രവർത്തനത്തെയും സാരമായി ബാധിച്ചു. നിത്യ ചെലവ്, ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെ കൂടുതൽ ബാധ്യതകൾ സംഘങ്ങൾക്കുണ്ടായി. എന്നാൽ സംഘങ്ങളിലൂടെ വിതരണം ചെയ്യുന്ന പാലിന്റെ ഗുണമേന്മയുടെ അടിസ്ഥാനത്തിൽ ആവശ്യക്കാർ കൂടി വരികയുമാണ്.
പാലിന്റെ ലഭ്യത കുറഞ്ഞതും ആവശ്യക്കാർ വർധിച്ചതും സംഘങ്ങൾക്ക് തിരിച്ചടിയായി. അതിനെ അതിജീവിക്കാൻ വില വർധനയാണ് മാർഗം. എന്നാൽ സംഘങ്ങൾ നിശ്ചയിക്കുന്ന വിലക്ക് പാൽ വിറ്റാലും വാങ്ങാൻ ആളുകളുണ്ട്. ആ സാഹചര്യത്തിലാണ് നവംബർ ഒന്നു മുതലുള്ള വില വർധന.
സ്വന്തം നിലക്ക് പാൽ വില വർധിപ്പിക്കാൻ സർക്കാർ അധികാരം നൽകിയിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് വില കൂട്ടുന്നതെന്നുമാണ് സംഘം വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഗുണമേന്മയുള്ള പാലാണ് ക്ഷീര സഹകരണ സംഘങ്ങൾ വഴി വിതരണം ചെയ്യുന്നത്. സംഘങ്ങളുടെ ദൈനംദിന ചെലവിനുള്ള തുക ഉൾപ്പെടെ ഇതിൽനിന്നാണ് കണ്ടെത്തുന്നത്. ആ സാഹചര്യത്തിലാണ് വില വർധിപ്പിക്കാൻ നിർബന്ധിതരായതെന്നാണു സംഘങ്ങളുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

