നഗരസഭ റോഡുകളുടെ വികസനം നിർദേശിച്ച് വിശദ നഗരാസൂത്രണ പദ്ധതി
text_fieldsകോട്ടയം: നഗരസഭയിലെ റോഡുകളുടെ വികസനവും സോൺ നിയന്ത്രണങ്ങളിൽ ഇളവും നിർദേശിച്ച് വിശദ നഗരാസൂത്രണ പദ്ധതിയുടെ കരട് റിപ്പോർട്ട്. അഞ്ച് വിശദ നഗരാസൂത്രണ പദ്ധതിയാണ് മുനിസിപ്പാലിറ്റിയിലുള്ളത്. ഇതിൽ കാര്യമായ മാറ്റം വരുത്തുന്നവ ടൗൺ പ്ലാനിങ് വിഭാഗം കൗൺസിലിൽ അവതരിപ്പിച്ചു. കാലത്തിനനുസരിച്ച മാറ്റം ഉൾക്കൊള്ളിച്ച് ഡി.ടി.പി സ്കീം പുതുക്കാൻ 2022ൽ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് തയാറാക്കിയ കരട് റിപ്പോർട്ട് രണ്ട് പ്രത്യേക കമ്മിറ്റികൾ ചർച്ച ചെയ്ത് കൗൺസിലിലേക്കു ശിപാർശ ചെയ്തതാണ്. സ്കീം മാപ്പിലും സോണിലും മാറ്റം വരുന്നില്ല.
ജോയന്റ് പ്ലാനിങ് കമ്മിറ്റി പുനഃസംഘടിപ്പിക്കും
നഗരസഭ മാസ്റ്റർ പ്ലാനിൽ മാറ്റം വരുത്തുന്നതിന് ജോയന്റ് പ്ലാനിങ് കമ്മിറ്റി പുനഃസംഘടിപ്പിക്കാൻ കൗൺസിൽ തീരുമാനിച്ചു. കോട്ടയം നഗരസഭ, പനച്ചിക്കാട്, വിജയപുരം പഞ്ചായത്തുകൾ ഉൾപ്പെടുന്ന പ്രദേശമാണ് മാസ്റ്റർപ്ലാൻ പരിധിയിൽ വരുന്നത്. നഗരസഭ ചെയർപേഴ്സൻ ആയിരിക്കും കമ്മിറ്റി ചെയർമാൻ. പഞ്ചായത്ത് പ്രസിഡന്റുമാർ അംഗങ്ങളും സെക്രട്ടറി കൺവീനറും ആയിരിക്കും. 2020ലാണ് നഗരസഭയുടെ മാസ്റ്റർ പ്ലാൻ നിലവിൽ വന്നത്. പുതിയ കാലത്തിനനുസരിച്ച് മാസ്റ്റർ പ്ലാൻ പുനരവലോകനം ചെയ്യാൻ സർക്കാർ അനുമതി നൽകിയിരുന്നു. ഇതിനായി ജോയന്റ് പ്ലാനിങ് കമ്മിറ്റി പുനഃസംഘടിപ്പിക്കാൻ സർക്കാർ നിർദേശം നൽകുകയായിരുന്നു.
യോഗത്തിൽ വൈസ് ചെയർമാൻ ബി. ഗോപകുമാർ അധ്യക്ഷത വഹിച്ചു. എം.പി. സന്തോഷ് കുമാർ, ഡോ. പി.ആർ. സോന, എം.എസ്. വേണുക്കുട്ടൻ, ജിബി ജോൺ, സാബു മാത്യു, സരസമ്മാൾ, ടി.സി. റോയ്, റീബ വർക്കി, ദീപമോൾ, കെ. ശങ്കരൻ, വിനു ആർ. മോഹൻ, എം.എ. ഷാജി തുടങ്ങിയവർ സംസാരിച്ചു.
പ്രധാന നിർദേശങ്ങൾ
- എം.സി റോഡിന്റെ മണിപ്പുഴ ജങ്ഷനും നാട്ടകം കോളജ് ജങ്ഷനും ഇടയിലുള്ള ഭാഗത്തിന്റെ നഗരാസൂത്രണ പദ്ധതിയിൽ അഞ്ച് റോഡുകളെക്കുറിച്ചാണ് നിർദേശമുള്ളത്
- എം.സി റോഡിന് ബിൽഡിങ് ലൈൻ ഉൾപ്പെടെ 31 മീറ്ററാണ് സ്കീമിൽ നിഷ്കർഷിച്ചിട്ടുള്ളത്. ഇത് മാസ്റ്റർ പ്ലാൻ പ്രകാരമുള്ള 25 മീറ്റർ എന്നാക്കാം
- മുളങ്കുഴ-പാക്കിൽ റോഡ് ബിൽഡിങ് ലൈൻ ഉൾപ്പെടെ 21 മീറ്റർ എന്നത് മാസ്റ്റർ പ്ലാൻപ്രകാരം 18 മീറ്റർ ആക്കാം
- സിമന്റ് കവല-പാറേച്ചാൽ റോഡ് 50 മീറ്റർ ദൂരം മാസ്റ്റർപ്ലാൻ പ്രകാരമുള്ള 18 മീറ്റർ ആക്കാം
- കോട്ടയം പോർട്ട് റോഡ് 18 മീറ്റർ ആക്കാം
- നാട്ടകം ഗവ. കോളജ് റോഡ് സ്കീം പ്രകാരം നിലനിർത്തും
- കോടിമത ഏരിയയിൽ എം.സി. റോഡിന് ബിൽഡിങ് ലൈൻ ഉൾപ്പെടെ 26 മീറ്ററാണ് നിഷ്കർഷിച്ചിട്ടുള്ളത്. ഇത് മാസ്റ്റർ പ്ലാൻ പ്രകാരം 25 മീറ്ററാക്കാം
- ടി.ബി റോഡിനെ എം.ജി റോഡുമായി ബന്ധിപ്പിക്കുന്ന റോഡിന് മാസ്റ്റർ പ്ലാൻ പ്രകാരം വീതികൂട്ടാം.
- മണിപ്പുഴ-ഈരയിൽക്കടവ് റോഡിന്റെ തുടർച്ചയായി 800 മീറ്റർ നീളത്തിൽ പാക്കിൽ റോഡുമായി ബന്ധിപ്പിച്ച് 25 മീറ്റർ വീതി റോഡ് വികസിപ്പിക്കുന്ന കാര്യവും നിർദേശത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

