കുമരകത്തേക്ക് പറന്നിറങ്ങാനാകുമോ ? ചർച്ചയിൽ വീണ്ടും നിറഞ്ഞ് ഹെലിപാഡ്
text_fieldsകോട്ടയം: ലോകപ്രശസ്ത ടൂറിസം കേന്ദ്രങ്ങളിലൊന്നായ കുമരകത്ത് ഹെലിപ്പാഡ് വേണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. നിരവധി സഞ്ചാരികൾ നിത്യേന എത്തുന്ന കുമരകത്ത് വി.വി.ഐ.പികൾക്ക് വേണ്ടിയെങ്കിലും ഹെലികോപ്ടർ ഇറക്കാൻ സാധിക്കുന്ന ഹെലിപ്പാഡ് വേണമെന്ന ആവശ്യമാണ് ചർച്ചയാകുന്നത്. രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട ഗതാഗത ക്രമീകരണങ്ങളുടെ ഭാഗമായി ജനങ്ങളെ മണിക്കൂറുകളോളം പൊലീസ് റോഡിൽ ‘ബന്ദിയാക്കിയതാണ്’ രു ചർച്ച വീണ്ടും സജീവമാക്കിയത്.
വർഷങ്ങൾക്ക് മുമ്പ് എ.ബി. വാജ്പേയ് പ്രധാനമന്ത്രിയായിരുന്നപ്പോൾ കുമരകം കുറച്ചുനാളേക്ക് രാജ്യത്തിന്റെ ‘തലസ്ഥാനമായി’ മാറിയിരുന്നു. കുമരകത്ത് ഹെലിപ്പാഡ് നിർമിക്കണമെന്ന ആവശ്യം അന്നേ ഉയർന്നതാണ്. ആവശ്യമായ ഭൂമി ലഭ്യമാകാത്തതും പരിസ്ഥിതി പ്രശ്നങ്ങളും തടസ്സമായി. ഇപ്പോൾ ആ സ്ഥിതിക്ക് മാറ്റം വരുന്നെന്ന നിലക്കാണ് കാര്യങ്ങൾ.
വി.വി.ഐ.പി ഹെലികോപ്ടർ ഇറങ്ങാൻ പറ്റുന്ന രീതിയിൽ കുമരകത്ത് വിശാല ഹെലിപ്പാഡ് നിർമിക്കാനുള്ള പദ്ധതി ആലോചിക്കാൻ ഉടൻ യോഗം വിളിക്കുമെന്ന് സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി വി.എൻ. വാസവൻ വ്യക്തമാക്കി. പാലായിൽ ചടങ്ങിൽ പങ്കെടുത്ത ശേഷം ഹെലികോപ്ടറിൽ കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ ഇറങ്ങിയ രാഷ്ട്രപതി റോഡ് മാർഗമാണ് കുമരകത്തേക്ക് പോയത്. ഇതുമൂലം രണ്ടു ദിവസമാണ് നഗരത്തിൽ മണിക്കൂറുകളോളം ഗതാഗത നിയന്ത്രണമുണ്ടായത്. ഇതിന് പരിഹാരം എന്ന നിലക്കാണ് ഹെലിപ്പാഡ് വീണ്ടും ചർച്ചയാകുന്നത്. നാട്ടുകാരും ജില്ലയിലെ പ്രമുഖ സഞ്ചാരികളുമെല്ലാം ഇതേ ആവശ്യം ഉന്നയിക്കുന്നു.
ഒന്നര ഏക്കറോളം സ്ഥലം ലഭിച്ചാൽ മൂന്നു ഹെലികോപ്ടർ ഒരുമിച്ച് ഇറങ്ങാവുന്ന ഹെലിപ്പാഡ് കുമരകത്ത് നിർമിക്കാനാകും. ചുറ്റും നൂറുമീറ്റർ വിസ്തൃതിയിൽ മരങ്ങൾ ഉൾപ്പെടെ മറ്റു തടസ്സങ്ങൾ ഉണ്ടാകരുതെന്നും വ്യവസ്ഥയുണ്ട്. കുമരകത്ത് അനുയോജ്യമായ ഒന്നരയേക്കർ ഭൂമി നൽകാൻ പഞ്ചായത്തിന്റെ കൈവശമില്ല. പക്ഷേ, ഇവിടത്തെ ഹയർ സെക്കൻഡറി സ്കൂളിന് നാലേക്കറിലധികം സ്ഥലമുണ്ട്. ഈ സ്ഥലം ലഭ്യമാക്കിയാൽ ഹെലിപാഡിന് ചിറകുവക്കും. എന്നാൽ കുമരകത്തിന്റെ പ്രകൃതി ഭംഗിയും ആവാസവ്യവസ്ഥയും പക്ഷിഗവേഷണ കേന്ദ്രവുമെല്ലാം ഈ ഹെലിപ-ഡിന് തടസ്സമായി മുന്നിലുണ്ട്.
എങ്കിലഫലും ഹെലിപാഡ് നിർമിക്കാനുള്ള സാധ്യത പരിശോധിക്കാനാണ് സർക്കാർ നീക്കം. ഇക്കാര്യത്തിൽ പഞ്ചായത്ത്- കാർഷിക ഗവേഷണ കേന്ദ്രം പ്രതിനിധികൾ, ഹോട്ടൽ ഗ്രൂപ്പുകൾ, സാങ്കേതിക വിദഗ്ധർ എന്നിവരെ പങ്കെടുപ്പിച്ച് യോഗം വിളിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നതായാണ് മന്ത്രി വി.എൻ. വാസവൻ വ്യക്തമാക്കിയത്.
പദ്ധതിക്കു കേന്ദ്രാനുമതി വേണം. പദ്ധതി ശരിയായി അവതരിപ്പിച്ചു മുന്നോട്ടുപോയാൽ അതു ലഭിക്കുമെന്നാണ് പ്രതീക്ഷ. കുമരകത്ത് സീ പ്ലെയിനും ഹെലിപാഡും ഉൾപ്പെടെ വികസന പദ്ധതി 2009ൽ നിയമസഭയിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ സ്ഥലപരിമിതി മൂലം മുന്നോട്ടു പോകാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

