ദീപ്തി ബ്രെയിൽ സാക്ഷരത പരിപാടി; കാഴ്ചപരിമിതിയുള്ളവരും അക്ഷരലോകത്തേക്ക്
text_fieldsദീപ്തി ബ്രെയിൽ സാക്ഷരത പരിപാടിയുടെ പ്രവേശനോത്സവം ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു
കോട്ടയം: കാഴ്ചവെല്ലുവിളി നേരിടുന്നവർക്കായി സംസ്ഥാന സാക്ഷരത മിഷൻ തയാറാക്കിയ ദീപ്തി ബ്രെയിൽ സാക്ഷരത പരിപാടിയുടെ ക്ലാസുകൾ തുടങ്ങി. ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ജില്ലതല പ്രവേശനോത്സവം ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്തു. ബ്രെയിൽ ലിപിയുടെ പഠനോപകരണങ്ങൾ ജില്ല പഞ്ചായത്ത് പ്രസിഡന്റ് വിതരണം ചെയ്തു.
40 ശതമാനം കാഴ്ചപരിമിതിയുള്ളവരെ ബ്രെയിൽ ലിപിയിലൂടെ അക്ഷരലോകത്തേക്ക് എത്തിക്കുന്ന പദ്ധതിയാണിത്. 46 പേരാണ് പഠിക്കാൻ രജിസ്റ്റർ ചെയ്തിട്ടുള്ളത്. മാർച്ചിൽ പരീക്ഷ നടത്തുന്ന നിലയിൽ പഠനസമയം ക്രമപ്പെടുത്തും. ബ്രെയിൽ ലിപിയിൽ പ്രാവീണ്യമുള്ളവരെ രണ്ടുപേരെ ഇൻസ്ട്രക്ടറായി നിയോഗിച്ചിട്ടുണ്ട്. ഞായറാഴ്ചകളിലാകും ക്ലാസുകൾ ക്രമീകരിക്കുക. കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് എന്ന സംഘടനയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക.
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല അധ്യക്ഷത വഹിച്ചു. നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ മുഖ്യാതിഥിയായിരുന്നു. സംസ്ഥാന സാക്ഷരത മിഷൻ കോഓഡിനേറ്റർ ഡോ. വി.വി. മാത്യു പദ്ധതി വിശദീകരണം നൽകി. ജില്ല സാക്ഷരത മിഷൻ കോഓഡിനേറ്റർ കെ.വി. രതീഷ്, കേരള ബ്ലൈൻഡ് ഫെഡറേഷൻ ഫോറം ജില്ല പ്രസിഡന്റ് തോമസ് മൈക്കിൾ, സെക്രട്ടറി ഇ. യൂസഫ്, ഇൻസ്ട്രക്ടർ കെ.കെ. സോമസുന്ദരൻ, സെന്റർ കോഓഡിനേറ്റർ അന്നമ്മ കെ. മാത്യു, താര തോമസ് തുടങ്ങിയവർ സംസാരിച്ചു. ബ്രെയിൽ സാക്ഷരത പഠിതാക്കളുടെ കലാപരിപാടികളും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

