ഡി.സി.സി പുനഃസംഘടന; പ്രസിഡന്റ് പദവിക്ക് ചരടുവലി
text_fieldsകോട്ടയം: കെ.പി.സി.സി പുനഃസംഘടനക്ക് പിന്നാലെ, ജില്ലകളിലും അഴിച്ചുപണിയുണ്ടാകുമെന്ന് വ്യക്തമായതോടെ ഡി.സി.സി നേതൃത്വം പിടിക്കാന്‍ ഗ്രൂപ്പുകളും നേതാക്കളും രംഗത്ത്.
ഒരുകാലത്ത് ജില്ല ‘എ’ ഗ്രൂപ്പിന്റെ കുത്തകയായിരുന്നെങ്കിലും ഉമ്മൻ ചാണ്ടിയുടെ മരണത്തോടെ ഇവർ ചിന്നിച്ചിതറിയ നിലയിലാണ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നേതൃത്വം നല്കുന്ന ഒരുവിഭാഗം, ഒറിജിനല്‍ ‘എ’ ഗ്രൂപ്പെന്ന അവകാശവാദത്തോടെ കെ.സി. ജോസഫ് നേതൃത്വം നല്കുന്ന വിഭാഗം എന്നിങ്ങനെ രണ്ടായിട്ടാണ് ഇപ്പോൾ പ്രധാനമായും പഴയ എ വിഭാഗക്കാരുടെ പ്രവർത്തനം. ചാണ്ടി ഉമ്മന്റെ നേതൃത്വത്തിന്റെ മറ്റൊരു വിഭാഗം അടുത്തിടെ രൂപപ്പെട്ടിട്ടുണ്ട്.
തിരുവഞ്ചൂര്‍ നേതൃത്വം നല്കുന്ന വിഭാഗം കെ.സി. വേണുഗോപാലിനെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും പിന്തുണക്കുന്നവരുമാണ്. ഇതിൽ ഉൾപ്പെടാതെ ഒരു ഗ്രൂപ് കെ.സി. വേണുഗോപാലിന്റെ അടുപ്പക്കാരെന്ന നിലയിൽ സ്വന്തമായും പ്രവർത്തിക്കുന്നുണ്ട്. കെ.സി. ജോസഫ് നേതൃത്വം നല്കുന്ന വിഭാഗവും ആരോടും അടുപ്പം കാട്ടാതെയാണ് നിൽപ്.
ക്രൈസ്തവ വിഭാഗത്തിന് മുൻതൂക്കമുള്ള ജില്ലയില്‍ ഈ വിഭാഗത്തില്‍നിന്ന് ഒരാള്‍ പ്രസിഡന്റാകണമെന്ന അഭിപ്രായമാണ് കെ.പി.സി.സിക്കുള്ളത്. തിരുവഞ്ചൂർ വിഭാഗം യു.ഡി.എഫ് കൺവീനർ ഫിൽസൺ മാത്യൂസിന്റെ പേരാണ് ഉയർത്തിക്കാട്ടുന്നത്. പ്രതിപക്ഷ നേതാവിന്റെ പിന്തുണയും ഫില്സണിനുണ്ട്. എന്നാൽ, സഭ ഘടകങ്ങൾ പരിഗണിച്ചാൽ പിന്നിലാകാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
ഇതിനിടെ, നിലവിലെ ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് സ്ഥാനം നിലനിര്‍ത്താനായി ശ്രമം നടത്തുന്നുമുണ്ട്. ഇല്ലെങ്കിൽ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകുമെന്ന ഉറപ്പ് ലഭിക്കണമെന്നാണ് നാട്ടകത്തിന്റെ ആവശ്യം. എല്ലാ ഡി.സി.സികളിലും മാറ്റം വേണ്ടെന്ന കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന്റെ നിലപാട് ചൂണ്ടിക്കാട്ടി നാട്ടകത്തിന് മാറ്റം ഉണ്ടാകില്ലെന്നും ചിലർ പ്രചരിപ്പിക്കുന്നുണ്ട്.
ഫിലിപ് ജോസഫിന്റെ പേരാണ് ‘ഐ’ ഗ്രൂപ് മുന്നോട്ടുവെക്കുന്നത്. മുതിര്‍ന്ന അംഗമെന്ന പരിഗണന ഫിലിപ്പിന് അനുകൂലമാണ്. ഡി.സി.സി വൈസ് പ്രസിഡന്റ് ബിജു പുന്നത്താനം, ഡി.സി.സി സെക്രട്ടറി അഡ്വ. സിബി ചേനപ്പാടി, അജീസ് ബെന്‍ മാത്യൂസ് തുടങ്ങിയവരുടെ പേരുകളും ചര്‍ച്ചകളില്‍ സജീവമാണ്. കെ. സുധാകരനൊപ്പം സജീവമായിരുന്ന അജീസിന്റെ പേര് അദ്ദേഹം മുന്നോട്ടുവെക്കുമെന്ന തരത്തിലുള്ള പ്രചാരണങ്ങളുമുണ്ട്.
ചാണ്ടി ഉമ്മന്റെ നേതൃത്വത്തില്‍ ഒരുപറ്റം നേതാക്കള്‍ ഉമ്മന്‍ ചാണ്ടിയുടെ ‘എ’ ഗ്രൂപ് എന്ന നിലയിലും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരുടെ നേതൃത്വത്തില്‍ ചാണ്ടി ഉമ്മനെ പ്രസിഡന്റാക്കണമെന്ന ആവശ്യവും ഉയർത്തുന്നുണ്ട്. എന്നാല്‍, ഈ നീക്കത്തിന് സംസ്ഥാന-കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

