കൈതപ്പോളയും കിട്ടാക്കനിയാകുന്നു; ക്ഷീരകർഷകർക്ക് തിരിച്ചടി
text_fieldsകോട്ടയം: ക്ഷീരകർഷകർക്ക് തിരിച്ചടിയായി ജില്ലയിലെ തോട്ടങ്ങളിൽനിന്ന് വൻതോതിൽ കൈതപ്പോള (പൈനാപ്പിൾ ഇല) തമിഴ്നാട്ടിലേക്ക്. കമ്പം, തേനി മേഖലകളിലെ വന്‍കിട കന്നുകാലി ഫാമുകളിലേക്കാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് കൈതപ്പോള കൊണ്ടുപോകുന്നത്.
ജില്ലയിൽ ഒന്നിലേറെ പശുക്കളെ വളര്‍ത്തുന്ന കര്‍ഷകരും ഫാം ഉടമകളും പ്രധാനമായി തീറ്റക്കായി ഉപയോഗിച്ചിരുന്നത് കൈതപ്പോളയായിരുന്നു. മുമ്പ് വേനല്‍ക്കാലത്ത് കന്നുകാലികളുടെ ശരീരത്തിൽ ജലാംശം നിലനിർത്താൻ ലക്ഷ്യമിട്ട് ചെറിയതോതിലാണ് കൈതപ്പോള നല്കിയിരുന്നതെങ്കില് ഇപ്പോള്‍ ഫാമുകളിലടക്കം ഇത് സ്ഥിരം തീറ്റയായി മാറി. പച്ചപുല്ലിന്റെ ലഭ്യത കുറഞ്ഞതും കാലിത്തീറ്റ അടക്കമുള്ളവയുടെ വിലവർധനവും ഇതിന് കാരണമാണ്. സുലഭവും ചെലവ് കുറവും മികച്ച പാലുത്പാദനവും കൈതപ്പോളയെ സ്വീകരിക്കാന്‍ പ്രേരകമാണ്.
ഭൂരിഭാഗം പേർക്കും കൈതപ്പോള സൗജന്യമായി ലഭിക്കുമ്പോൾ ചിലയിടങ്ങളിൽ കിലോക്ക് ഒരു രൂപ നൽകേണ്ടതുണ്ട്. സംഭരിച്ച് എത്തിച്ചുനല്കുന്നവർക്കൊപ്പം കർഷകർ തോട്ടങ്ങളിലെത്തിയും ഇവ ശേഖരിച്ചിരുന്നു. പെട്ടെന്ന് ഉണങ്ങിനശിക്കാത്ത ഇവ കട്ടര്‍ ഉപയോഗിച്ച് മുറിച്ച് പശുക്കൾക്ക് നൽകാനാകും. എന്നാല്‍, കൈതപ്പോളയുടെ സാധ്യതകള്‍ തിരിച്ചറിഞ്ഞ തമിഴ്നാട് ലോബി ഏതാനും ആഴ്ചകളായി ഇവ തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുകയാണ്. കമ്പം, തേനി മേഖലകളിലെ വന്‍കിട ഫാമുകളിലേക്ക് ലോറിയിലാണ് കൈതപ്പോള കൊണ്ടുപോകുന്നത്. കടുത്തുരുത്തി, കുറവിലങ്ങാട്,മുണ്ടക്കയം മേഖലകളിൽനിന്നാണ് ഇവ തമിഴ്നാട് ലോബി ശേഖരിക്കുന്നത്. മൂവാറ്റുപുഴ അടക്കമുള്ളിടങ്ങളിൽ നിന്നും ഓരോ സീസണും അവസാനിക്കുമ്പോള്‍ തോട്ടങ്ങളില്‍ മിച്ചമാകുന്ന കൈതപ്പോള കൂട്ടമായി കടത്തുന്നുണ്ട്. കിലോക്ക് രണ്ട്രൂപ വരെ നൽകിയാണ് ഇവർ ശേഖരിക്കുന്നത്. വന്‍കിട എസ്റ്റേറ്റുകളില്‍ നിന്ന് കൈതപ്പോള സംഘടിപ്പിച്ചു നല്‍കാനായി ഏജന്റുമാരും ഇവർക്കായി സജീവമാണ്. ചെറിയ വിലയ്ക്ക് ലഭിക്കുമെന്നതാണ് തമിഴ്നാട് കര്‍ഷകർ പ്രധാനമായും കൈതപ്പോളയിലേക്ക് തിരിയാൻ കാരണം.
ഇലക്ക് രണ്ട്രൂപ ലഭിക്കുന്നത് പൈനാപ്പിൾ കർഷകൾക്ക് ആശ്വാസമാണെങ്കിലും ക്ഷീരമേഖലയെ കാത്തിരിക്കുന്നത് വലിയ തിരിച്ചടിയാണെന്ന് കർഷക കോൺഗ്രസ് ക്ഷീര സെൽ ജില്ല ചെയർമാൻ എബി ഐപ്പ് പറഞ്ഞു. മധ്യകേരളത്തില്‍ ഏറ്റവും കൂടുതല്‍ പൈനാപ്പിള്‍ കൃഷിയുള്ള ജില്ലകളിലൊന്ന് കോട്ടയമാണ്. തമിഴ്നാട്ടിലേക്ക് കൈതപ്പോള കൊണ്ടുപോകുന്നത് നിലവില്‍ പ്രതിസന്ധിയുണ്ടാക്കില്ലെങ്കിലും വേനല്‍ക്കാലത്ത് തിരിച്ചടിയാകും. ഇവിടെ കര്‍ഷകര്‍ക്ക് യഥാസമയം ലഭിക്കില്ലെന്ന് മാത്രമല്ല വില ഉയരാനുള്ള സാധ്യതയും നിലനില്ക്കുന്നു. ക്ഷീരമേഖലയില്‍ ഇതു വന്‍ ആഘാതമായിരിക്കും സൃഷ്ടിക്കുകയെന്നും അദേഹം പറഞ്ഞു.
തമിഴ്നാട്ടില്‍ നിന്നും എത്തിക്കുന്ന ചോളവും വേനല്‍ക്കാലങ്ങളില്‍ പശുക്കൾക്ക് നല്‍കിയിരുന്നു. ഇപ്പോള്‍ കിലോക്ക് മൂന്ന് രൂപക്കാണ് കർഷകർക്ക് ചോളം ലഭിക്കുന്നത്. തമിഴ്നാട്ടില്‍ കന്നുകാലി തീറ്റക്ക് മാത്രമായി ചോളം കൃഷി ചെയ്യുന്നവര്‍ നിരവധിയാണ്. കൈതപ്പോള ലഭ്യമാകുമെന്നതിനാൽ വലിയതോതിൽ ചോളം വിലകൊടുത്ത് വാങ്ങേണ്ട സ്ഥിതിയില്ലായിരുന്നു. എന്നാൽ, ഇത് കുറയുന്നതോടെ ചോളം വലിയതോതിൽ വാങ്ങേണ്ടിവരുമെന്നും ഈഘട്ടത്തിൽ തമിഴ്നാടൻ ലോബി വില ഉയർത്താൻ സാധ്യതയുണ്ടെന്നും കർഷകർ പറയുന്നു.
ഗോതമ്പ് ഉമിക്കും വിലവർധന
കോട്ടയം: ആടുകൾക്കും പശുക്കൾക്കും തീറ്റക്കായി ഉപയോഗിക്കുന്ന ഗോതമ്പ് ഉമിക്കും വിലവർധന. മാസങ്ങൾക്ക്മുമ്പ് 26 രൂപ മാത്രമായിരുന്ന ഉമിയുടെ വില ഇപ്പോൾ 29-30 രൂപയായിട്ടാണ് ഉയർന്നിരിക്കുന്നത്.
കോവിഡ് കാലത്ത് 24 രൂപ നൽകിയാൽ ഒരുകിലോ ഉമി ലഭിക്കുമായിരുന്നു. ആടിനെ വളർത്തുന്ന ചെറുകിട കർഷകർ വ്യാപകമായി ഇതാണ് ഉപയോഗിക്കുന്നത്. ഗോതമ്പിന്റെ ഉപ ഉൽപ്പന്നമായ ഇതിന് അനിയന്ത്രിതമായാണ് വില വർധിപ്പിക്കുന്നതെന്ന് കർഷകർ പറയുന്നു. ഗോതമ്പിന്റെ അതേവില തന്നെ മിക്കുംം നൽകേണ്ട സ്ഥിതിയാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

