കുറയുന്നില്ല സൈബർ കുറ്റകൃത്യങ്ങൾ
text_fieldsകോട്ടയം: ജില്ലയിൽ സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്നു. കഴിഞ്ഞ വർഷം 1598 പരാതിയാണ് സൈബർ പൊലീസ് സ്റ്റേഷനിൽ എത്തിയത്. ഇവയിൽ മുപ്പതോളം പരാതിയിൽ നടപടി പുരോമിക്കുന്നു. ബാക്കി തീർപ്പാക്കി. 22 കേസാണ് രജിസ്റ്റർ ചെയ്തത്. വ്യാജ ഐ.ഡി ഉപയോഗിച്ച് പണം ആവശ്യപ്പെടുന്നതും വായ്പ ആപ്പുകളിലെ തട്ടിപ്പിനിരയാവുന്നതുമാണ് പരാതികളിൽ ഏറെയും. ഇത്തരം കേസുകളിൽ സൈബർ പൊലീസ്തന്നെ വ്യാജ ഐ.ഡിയും വായ്പ ആപ്പുകളും ഫോണിൽനിന്ന് ഒഴിവാക്കിനൽകുകയാണു ചെയ്യുന്നത്.
ഫേസ്ബുക്കിൽ വ്യാജ ഐ.ഡി ഉപയോഗിച്ച് പണം ആവശ്യപ്പെടുന്ന തട്ടിപ്പുകളിൽ റിപ്പോർട്ട് ചെയ്ത് അക്കൗണ്ട് പൂട്ടിക്കാൻ കഴിയുമെങ്കിൽ അത് ചെയ്യും. അല്ലാത്ത കേസുകളിൽ ഫേസ്ബുക്കിനോട് അക്കൗണ്ട് ഒഴിവാക്കാൻ ആവശ്യപ്പെടും. ഇതിന് ഒരുമാസമെടുക്കുമെന്നതാണ് നിലവിലെ പരിമിതി.
കേസുകളിൽ അധികവും ഫോട്ടോകൾ മോർഫ് ചെയ്ത തട്ടിപ്പ്, നഗ്നചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തൽ, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയവയാണ്. സ്റ്റേഷനിൽ എത്താത്ത പരാതികളും ഏറെയാണ്. മാനഹാനി കരുതി പരാതി നൽകാൻ മടിക്കുന്ന വലിയൊരു വിഭാഗം ഇപ്പോഴുമുണ്ട്. കഴിഞ്ഞ വർഷം എല്ലാ കേസുകളും രജിസ്റ്റർ ചെയ്തതും നടപടിയെടുത്തതും സൈബർ സ്റ്റേഷൻ തന്നെയാണ്. സഹായത്തിന് സൈബർസെല്ലുമുണ്ടായിരുന്നു. നേരത്തേ സൈബർ പൊലീസ് വിവരങ്ങൾ കണ്ടെത്തി അതത് പൊലീസ് സ്റ്റേഷനുകൾക്ക് കൈമാറുകയാണ് ചെയ്തിരുന്നത്. ബോധവത്കരണം നടത്തിയാലും തട്ടിപ്പിൽ കുടുങ്ങുന്നവരുടെ എണ്ണം കുറയുന്നില്ല.
കഴിഞ്ഞ മേയിൽ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ചങ്ങനാശ്ശേരി സദേശിനിയിൽനിന്ന് 81 ലക്ഷം രൂപയാണ് നൈജീരിയക്കാരൻ തട്ടിയെടുത്തത്. യു.കെ സ്വദേശിനിയുടെ പേരിൽ വ്യാജ അക്കൗണ്ട് നിർമിച്ച് കസ്റ്റംസ് ഓഫിസറാണെന്നു പറഞ്ഞ് ഇസിചിക്കു എന്നയാളാണ് തട്ടിപ്പ് നടത്തിയത്. പരാതിയെ തുടർന്ന് സൈബർ പൊലീസ് ഡൽഹിയിൽനിന്ന് ഇയാളെ പിടികൂടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

