ഏറ്റുമാനൂർ-എറണാകുളം റോഡിലെ വളവുകൾ നിവർത്തും; പദ്ധതിക്ക് പച്ചക്കൊടി
text_fieldsകോട്ടയം: ഏറ്റുമാനൂർ-എറണാകുളം റോഡിലെ വളവുകൾ നിവർത്താനുള്ള പദ്ധതിക്ക് പച്ചക്കൊടി. ഇതിനായി ഭൂമി ഏറ്റെടുക്കാൻ വിജ്ഞാപനം പുറപ്പെടുവിപ്പിച്ചു. പട്ടിത്താനം ജങ്ഷൻ മുതൽ തലയോലപ്പറമ്പ് പള്ളിക്കവലവരെ 41 വളവാണുള്ളത്. റോഡ് നവീകരിച്ച് ഇവ നിവർത്താനായി 1.1859 ഹെക്ടർ ഭൂമി സ്വകാര്യ വ്യക്തികളിൽനിന്ന് ഏറ്റെടുക്കും.
മീനച്ചിൽ താലൂക്കിലെ കാണക്കാരി, വൈക്കം താലൂക്കിലെ മുട്ടുചിറ, കോതനല്ലൂർ, മാഞ്ഞൂർ, കടുത്തുരുത്തി, വടയാർ വില്ലേജുകളിൽനിന്നാണ് ഭൂമി ഏറ്റെടുക്കുന്നത്. ഇതിനായി കഴിഞ്ഞദിവസം കലക്ടർ പ്രാരംഭ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതോടൊപ്പം സാമൂഹിക പ്രത്യാഘാത വിലയിരുത്തൽ പഠനരേഖയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാലാ ലാൻഡ് അക്വിസിഷൻ (ജനറൽ) സ്പെഷൽ തഹസിൽദാർക്കാണ് ഭൂമി ഏറ്റെടുക്കലിന്റെ ചുമതല. എറ്റവും വേഗത്തിൽ ഭൂമി ഏറ്റെടുത്ത് റോഡ് നിർമാണത്തിനായി പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന് കൈമാറാനാണ് നിർദേശം.
റോഡിലെ വളവുകളിൽ വാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവായതോടെ 2015ലാണ് റോഡ് നവീകരിക്കാൻ പദ്ധതി തയാറാക്കിയത്. 2018ൽ ഇത് പുതുക്കിയെങ്കിലും തുടർനടപടിയുണ്ടായില്ല. ഇതോടെ റോഡിനോട് ചേർന്നുള്ള ഉടമകൾക്ക് തങ്ങളുടെ വസ്തുവിൽ നിർമാണ പ്രവർത്തനങ്ങളൊന്നും നടത്താൻ കഴിയാത്ത സ്ഥിതിയായിരുന്നു. ഇതിൽ പ്രതിഷേധം ഉയർന്നതോടെയാണ് പുതിയ നടപടി.
തിരക്കേറിയ ഏറ്റുമാനൂർ-തലയോലപ്പറമ്പ് റോഡിൽ അപകടങ്ങൾ പതിവാണ്. കൊടുംവളവിലാണ് അപകടങ്ങൾ ഏറെ. ഇതോടെയാണ് ഈ ഭാഗങ്ങൾ നവീകരിക്കാൻ തീരുമാനിച്ചത്. ട്രെയ്ലറുകളും കണ്ടെയ്നർ ലോറികളും മറ്റ് ചരക്കു വാഹനങ്ങളും നിരനിരയായി കടന്നുപോകുന്ന റോഡുകൂടിയാണിത്. യാത്രാ വാഹനങ്ങൾക്ക് വലിയ വാഹനങ്ങളെ മറികടക്കാൻ ഏറെ പ്രയാസപ്പെടുന്നതും പതിവാണ്. പലയിടങ്ങളിലും വീതി കുറവായതിനാൽ അപകടമോ പ്രകടനങ്ങളോ നടത്തിയാൽ മണിക്കൂറുകൾ ഗതാഗതം സ്തംഭിക്കുന്ന സ്ഥിതിയുമാണ്. റോഡ് നവീകരിക്കുന്നതിലൂടെ ഇത്തരം പ്രശ്നങ്ങൾക്കും പരിഹാരമാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
വാഹനയാത്രക്കാരുടെ വർഷങ്ങളായുള്ള ആവശ്യമാണ് നടപ്പാകുന്നതെന്നും റോഡ് വികസനത്തിന് നടപടി സ്വീകരിച്ച സംസ്ഥാന സർക്കാറിനെയും പൊതുമരാമത്ത് അധികൃതരെ അഭിനന്ദിക്കുന്നതായും പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ ജയ്സൺ മാന്തോട്ടം പറഞ്ഞു. വളവുകൾ നിവർത്തുന്നതിനൊപ്പം ടാർ വീതി കുറഞ്ഞത് പത്ത് മീറ്ററാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റോഡ് വികസനം യാത്രാസമയ ലാഭവും തടസ്സരഹിത വാഹനയാത്രയും സാധ്യമാക്കുമെന്ന് എൽ.ഡി.എഫ് കടുത്തുരുത്തി നിയോജക മണ്ഡലം കൺവീനർ തോമസ് കീപ്പുറം പറഞ്ഞു. എറ്റെടുക്കുന്ന ഭൂമിക്ക് ഉയർന്ന നഷ്ടപരിഹാര പാക്കേജ് ലഭ്യമാക്കുമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

