സാംസ്കാരികവിനിമയ പരിപാടിക്ക് കോട്ടയത്ത് തുടക്കം
text_fieldsസംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന് സൊസൈറ്റിയുടെ സാംസ്കാരിക വിനിമയ പരിപാടിയുടെ ഭാഗമായി കസേരകളി മത്സരത്തില്‍ പങ്കെടുക്കുന്ന വിദേശ വിനോദസഞ്ചാരികള്‍
കോട്ടയം: കേരള ഉത്തരവാദിത്ത ടൂറിസം മിഷന് സൊസൈറ്റി സംഘടിപ്പിക്കുന്ന സാംസ്കാരിക വിനിമയ പരിപാടിക്ക് കോട്ടയത്ത് വര്‍ണാഭമായ തുടക്കം. അന്താരാഷ്ട്ര ടൂറിസം മാര്‍ക്കറ്റില്‍ കേരളത്തിന്റെ മികച്ച ടൂറിസം ഉൽപന്നങ്ങളിലൊന്നായി ഓണത്തെ അവതരിപ്പിക്കാനും സാംസ്കാരിക ടൂറിസത്തിന്റെ സാധ്യതകള്‍ ഫലപ്രദമായി ഉപയോഗിക്കാനുമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി കേരളത്തിലെത്തിയ വിദേശീയരും സ്വദേശീയരുമായ സംഘത്തെ ഉത്തരവാദിത്ത ടൂറിസം മിഷന് സൊസൈറ്റി സി.ഇ.ഒ കെ. രൂപേഷ് കുമാര്‍ സ്വീകരിച്ചു.
കോട്ടയത്തെ വിവിധ ഗ്രാമങ്ങളിലെത്തിയ സംഘത്തെ പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെയാണ് വരവേറ്റത്. യു.കെ, ഫ്രാന്‍സ്, ദക്ഷിണ കൊറിയ, ഇന്തോനേഷ്യ, തായ്ലന്ഡ്, വിയറ്റ്നാം, തായ്വാന്, നേപ്പാള്‍, ശ്രീലങ്ക, റുമാനിയ തുടങ്ങിയ രാജ്യങ്ങളില്‍നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുമുള്ള ഉത്തരവാദിത്ത ടൂറിസം നേതാക്കള്‍, അക്കാദമിഷ്യന്മാര്, ടൂര്‍ ഓപറേറ്റര്‍മാര്‍ എന്നിവര്‍ സംഘത്തിലുണ്ട്.
വിവിധ ഹോംസ്റ്റേകളില്‍ എത്തിയ സംഘം പൂക്കളവും ഓണസദ്യയും തയാറാക്കി. തദ്ദേശവാസികള്‍ക്കും ജനപ്രതിനികള്ക്കുമൊപ്പമുള്ള തിരുവോണസദ്യ, പ്രാദേശിക ക്ലബുകള്ക്കൊപ്പമുള്ള തിരുവോണ ഘോഷയാത്ര എന്നിവയും ആകര്‍ഷകമായി. ബാര്ട്ടര്സമ്പ്രദായ കാലത്ത് ആരംഭിച്ചെന്ന് കരുതുന്ന മാറ്റപറമ്പിലെ തിരുവോണംമാറ്റവും സന്ദര്‍ശിച്ചു. ഗ്രാമത്തിലെ വീടുകളില്‍ തിരുവോണ സന്ദേശവുമായി എത്തിയ സംഘം ചിരട്ടയും പായയുംകൊണ്ടുള്ള വിവിധ ഉൽപന്നങ്ങള് വാങ്ങി. പ്രാദേശിക ഓണമത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.
പരിപാടി 11ന് സമാപിക്കും. തൃശൂരില്‍ പുലികളിയിലും കുമരകം കവണാറ്റിന്‍കര ജലോത്സവത്തിലും സംഘം പങ്കെടുക്കും. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സര്‍ക്കാറിന്റെ ഓണം വാരാഘോഷ സമാപന ഘോഷയാത്രയിലും ഇവര്‍ ഭാഗമാകും. സംസ്ഥാനത്തെ സ്ത്രീസൗഹൃദ വിനോദസഞ്ചാരം, ജെന്‍ഡര്‍ ഇന്‍ക്ലൂസിവ് ടൂറിസം, ഗ്രാമജീവിത അനുഭവം, സ്ട്രീറ്റ് പെപ്പര്‍ മോഡല്‍ ആർ.ടി വില്ലേജ് പദ്ധതികള്‍ തുടങ്ങിയവ പ്രതിനിധി സംഘത്തിന് മുന്നില്‍ അവതരിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

