സി.പി.എം യോഗം 22, 23 തീയതികളിൽ; ‘എന്തുകൊണ്ട് നമ്മൾ തോറ്റു’
text_fieldsകോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിലേറ്റ തോൽവിയെക്കുറിച്ച് സി.പി.എം ജില്ല കമ്മിറ്റി 22, 23 തീയതികളില്‍ യോഗം ചേർന്ന് വിശദമായ വിലയിരുത്തൽ നടത്തും. കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗം എൽ.ഡി.എഫ് പരാജയത്തിന്റെ പ്രാഥമിക കാര്യങ്ങൾ ചര്‍ച്ച ചെയ്തിരുന്നു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ജില്ലയിലെ ഏരിയ സെക്രട്ടറിമാരുടെയും തെരഞ്ഞെടുപ്പ് ചുമതലയുള്ള സെക്രട്ടറിമാരുടെയും യോഗം ഓണ്‍ലൈനില്‍ വിളിച്ചിരുന്നു. താഴേ തട്ടില്‍നിന്ന് വിശദമായ തെരഞ്ഞെടുപ്പ് അവലോകനവുമായി ജില്ല കമ്മിറ്റി യോഗത്തില്‍ എത്താനാണ് നിര്‍ദേശം. പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.കെ. ബിജു, കെ.കെ. ജയചന്ദ്രന്, വി.എന്‍. വാസവന് തുടങ്ങിയവര്‍ ദ്വിദിന യോഗത്തിൽ പങ്കെടുക്കും. അതിന്റെ അടിസ്ഥാനത്തിൽ ബ്രാഞ്ച് സെക്രട്ടറിമാരോട് ബൂത്തുതല കണക്കുകള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
പാർട്ടി ചിഹ്നം ഒഴിവാക്കിയിട്ടും പാലാ ഉൾപ്പെടെ പലയിടത്തും തോൽവി നേരിടേണ്ടി വന്നത് സി.പി.എമ്മിനെ ചിന്തിപ്പിക്കുന്നുണ്ട്. കേരള കോൺഗ്രസ് എമ്മിന് പലയിടങ്ങളിലും അടിപതറിയില്ലെങ്കിലും സി.പി.എമ്മിനും സി.പി.ഐക്കും ഒരുപോലെ ജില്ലയിൽ നഷ്ടം സംഭവിച്ചതായാണ് പൊതുവിലയിരുത്തൽ.
മൂന്ന് നിയമസഭ മണ്ഡലത്തില്‍ വോട്ടിങ് ശതമാനത്തില്‍ വര്‍ധനയുണ്ടായതായും വിലയിരുത്തലുണ്ട്. എന്നാല്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൂടിയായ മന്ത്രി വി.എന്‍. വാസവന്റെ മണ്ഡലത്തിലെ കുമരകം ജില്ല പഞ്ചായത്ത് ഡിവിഷനിലെ തോല്‍വി വിശദമായി പരിശോധിക്കും. അതിരമ്പുഴ ജില്ല പഞ്ചായത്ത് ഡിവിഷന് തിരിച്ചുപിടിക്കാനായത് നേട്ടമാണെങ്കിലും മന്ത്രിയുടെ മണ്ഡലത്തിലെ അയ്മനം പഞ്ചായത്തില്‍ ബി.ജെ.പി ഭൂരിപക്ഷം നേടിയതും ഏറ്റുമാനൂര്‍ നഗരസഭയില്‍ ബി.ജെ.പി അംഗങ്ങള്‍ വര്‍ധിച്ചതും ചര്‍ച്ചയാകും.
കുമരകം, പൊന്‍കുന്നം, തൃക്കൊടിത്താനം, വെള്ളൂര്‍ ജില്ല ഡിവിഷനുകളിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാളിച്ച സംഭവിച്ചതായുള്ള വിമർശനവും പാർട്ടിക്കുള്ളിലുണ്ട്. കുമരകത്ത് ജില്ല പഞ്ചായത്ത് മുന്‍പ്രസിഡന്റ് കെ.വി. ബിന്ദുവിന് ഒരവസരംകൂടി നല്കിയിരുന്നെങ്കില് വിജയിക്കുമായിരുന്നുവെന്ന അഭിപ്രായവുമുണ്ട്. കോട്ടയം നഗരസഭയിലും സമീപങ്ങളിലും സ്ഥാനാർഥി നിർണയത്തിൽ ഉൾപ്പെടെ ജില്ലയിലെ ഒരു സംസ്ഥാന നേതാവിന്റെ ഇടപെടലും താൽപര്യവും ദോഷം ചെയ്തതായി വിമര്‍ശനമുണ്ട്. ഇദ്ദേഹത്തിന്റെ പല പരാമർശങ്ങളും അനാവശ്യവിവാദങ്ങളുണ്ടാക്കലും ദോഷം ചെയ്തെന്നും മുമ്പ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സന്ദർഭത്തിലും ഇത്തരത്തിൽ ഈ നേതാവ് അനാവശ്യവിവാദമുണ്ടാക്കിയെന്ന ആക്ഷേപവുമുണ്ട്. കോട്ടയം, ഏറ്റുമാനൂർ, ചങ്ങനാശ്ശേരി, പാലാ, വൈക്കം നഗരസഭകളിൽ പാർട്ടിക്ക് മികച്ച മുന്നേറ്റം നടത്താനുള്ള സാഹചര്യമുണ്ടായിരുന്നു. എന്നാൽ, സ്ഥാനാർഥി നിർണയത്തിൽ ഉൾപ്പെടെയുണ്ടായ സൂക്ഷ്മതക്കുറവാണ് പ്രശ്നമായത്.
മുണ്ടക്കയം ഡിവിഷനില്‍ ജില്ല സെക്രട്ടേറിയറ്റ് അംഗം കെ. രാജേഷ് പരാജപ്പെട്ടതിലെ സമുദായ ധ്രുവീകരണം പഠിക്കണമെന്ന നിർദേശവുമുണ്ട്. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത പഞ്ചായത്തുകളില്‍ എന്തു നിലപാട് എന്നതും പാലാ ഉള്‍പ്പെടെ നഗരസഭകളിലെ നിലപാടും അധ്യക്ഷന്മാരെ സംബന്ധിച്ച തീരുമാനവും യോഗത്തിലുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

