കണക്കില്ലാ നഷ്ടം; എവിടെ തുടങ്ങണം, എന്തെടുക്കണം എന്നറിയാതെ വ്യാപാരികൾ
text_fieldsപ്രളയംമൂലം സഞ്ചാരം തടസ്സപ്പെട്ട റോഡുകൾ വ്യാപാരി വ്യവസായി യൂത്ത് വിങ് പ്രവർത്തകരുടെ നേതൃത്വത്തിൽ വൃത്തിയാക്കുന്നു
ഈരാറ്റുപേട്ട: നേരം ഇരുട്ടിവെളുത്തപ്പോൾ ഉണ്ടായിരുന്നതെല്ലാം നഷ്ടപ്പെട്ട വ്യാപാരികൾ വലിയ ഞെട്ടലോടെയാണ് കഴിഞ്ഞ ദിവസങ്ങളെ ഓർത്തെടുക്കുന്നത്. എവിടെ തുടങ്ങണം, എന്തെടുക്കണം എന്നറിയാതെ കഴിഞ്ഞ മൂന്ന് ദിവസമായി പകച്ചുനിൽക്കുകയാണ് പലരും. പതിറ്റാണ്ടുകൾക്ക് ശേഷം കേരളത്തെ ഇളക്കിമറിച്ച പ്രളയം 2018ലായിരുന്നെങ്കിലും അന്ന് ഈരാറ്റുപേട്ട താരതമ്യേന സുരക്ഷിതമായിരുന്നു. ദുരിതമനുഭവിച്ച വിവിധ പ്രദേശങ്ങളിലേക്ക് ഇവിടുത്തെ വ്യാപാരികളും നാട്ടുകാരും സഹായഹസ്തം നീട്ടുകയും ചെയ്തിരുന്നു. എന്നാൽ, 2019ലും 2021ലുമുണ്ടായ വെള്ളപ്പൊക്കത്തിൽ വ്യാപാര മേഖലക്ക് വലിയ തിരിച്ചടിയേറ്റു.
മുൻ അനുഭവങ്ങളിൽനിന്ന് പാഠം ഉൾക്കൊണ്ട് കഴിഞ്ഞ നാല് വർഷങ്ങളിലെ മഴക്കാലങ്ങളിൽ പലരും മുൻകരുതലുകൾ സ്വീകരിച്ചിരുന്നു. എന്നാൽ, ഇത്തവണ പ്രകൃതിയുടെ ഭാവമാറ്റം എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു. മഴ പെയ്യേണ്ട ദിവസങ്ങളിൽ കനത്ത വെയിൽ അനുഭവപ്പെട്ടതോടെ അപകടസാധ്യത കുറവാണെന്ന വിലയിരുത്തലിലായിരുന്നു പലരും. തെളിഞ്ഞുനിന്ന ആകാശം മണിക്കൂറുകൾക്കകം ഇരുണ്ടതോടെ പെയ്തിറങ്ങിയ കനത്ത മഴയും മലവെള്ളപ്പാച്ചിലും വ്യാപാര സ്ഥാപനങ്ങളെ അപ്രതീക്ഷിതമായി വിഴുങ്ങി.
വരാനിരുന്ന ഓണവിപണി ലക്ഷ്യമിട്ട് ലക്ഷങ്ങൾ മുതൽ കോടികൾ വരെ മുടക്കി സാധനങ്ങൾ സ്റ്റോക്ക് ചെയ്ത വ്യാപാരികളാണ് ഏറ്റവും വലിയ പ്രതിസന്ധിയിലായത്. ബാങ്ക് വായ്പയെടുത്തും സ്വർണവും മറ്റ് സ്വത്തുക്കളും പണയം വെച്ചും വർഷങ്ങളായി സ്വരൂപിച്ച സമ്പാദ്യം മുഴുവൻ നിക്ഷേപിച്ചുമാണ് പലരും ഓണ സീസണിനായി സാധനം സ്റ്റോക്ക് ചെയ്തത്. എന്നാൽ, മണിക്കൂറുകൾക്കുള്ളിൽ കടകളിൽ കയറിയ വെള്ളവും ചളിയും ലക്ഷങ്ങളുടെ സാധനങ്ങൾ ഉപയോഗശൂന്യമാക്കി.
മഴ ശക്തമായി പെയ്യുമ്പോൾ മീനച്ചിലാറിന്‍റെ തീരങ്ങളിലെ വ്യാപാരികൾ കൂടുതലും മുൻകരുതലെടുക്കാറുള്ളതാണ്. എന്നാൽ, പാതിരാത്രിയിൽ വെള്ളം ഉയർന്നത് ഉടമകളുടെ എല്ലാ കണക്കുകൂട്ടലും തെറ്റിച്ചു. മീനച്ചിലാറ്റിൽ വെള്ളം ക്രമാതീതമായി ഉയരുന്നു എന്ന് വിവരമറിഞ്ഞ ഉടമകൾ രാത്രിയിൽതന്നെ സ്വന്തം സ്ഥാപനത്തിൽ എത്തിയെങ്കിലും അതിവേഗം ഉയർന്നുവന്ന വെള്ളം നിസ്സഹായതയോടെ നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ. വലിയ തുണിക്കടകൾ, ഫാൻസി സ്റ്റോറുകൾ, ഫർണിച്ചർ സ്ഥാപനങ്ങൾ, ഇലക്ട്രോണിക്സ് ഷോറൂമുകൾ, പലചരക്ക് വ്യാപാരികൾ തുടങ്ങി വിവിധ മേഖലകളിലെ വ്യാപാരികൾക്ക് താങ്ങാവുന്നതിലും അപ്പുറമാണ് നഷ്ടമുണ്ടായത്. വെള്ളത്തിൽ മുങ്ങിയ സാധനങ്ങളിൽ ഭൂരിഭാഗവും വീണ്ടും വിൽപനക്ക് അനുയോജ്യമല്ലെന്നാണ് വ്യാപാരികൾ പറയുന്നത്.
ഇപ്പോൾ കടകൾ വൃത്തിയാക്കാനും ചളിയും മാലിന്യങ്ങളും നീക്കം ചെയ്യാനുമുള്ള ശ്രമങ്ങളാണ് എല്ലായിടത്തും നടക്കുന്നത്. നഷ്ടത്തിന്റെ കണക്കുപോലും പൂർത്തിയാക്കാൻ കഴിയാത്ത അവസ്ഥയിലാണ് പലരും. നഷ്ടപരിഹാരവും അടിയന്തര സാമ്പത്തിക സഹായവും ലഭ്യമാക്കിയില്ലെങ്കിൽ നിരവധി ചെറുകിട വ്യാപാരികൾക്ക് വീണ്ടും കരകയറുക ദുഷ്കരമാണ്.
അനേകം സാന്ത്വന ജീവകാരുണ്യ പ്രവൃത്തിക്കളെ താങ്ങിനിർത്തുന്നവരാണ് ഇവിടുത്തെ വ്യാപാരികൾ. കേന്ദ്ര-കേരള സർക്കാറുകൾ സമഗ്രമായ നഷ്ടപരിശോധന നടത്തി അടിയന്തര സാമ്പത്തിക സഹായവും നഷ്ടപരിഹാരവും പ്രഖ്യാപിച്ചില്ലെങ്കിൽ, നിരവധി വ്യാപാര സ്ഥാപനങ്ങൾ വീണ്ടും തുറന്ന് പ്രവർത്തിപ്പിക്കാൻപോലും കഴിയാത്ത സാഹചര്യം ഉണ്ടാകുമെന്നാണ് വ്യാപാരികൾ പറയുന്നത്. ഓണച്ചന്തയെ പ്രതീക്ഷിച്ച് നടത്തിയ നിക്ഷേപം മുഴുവൻ നഷ്ടമായ സാഹചര്യത്തിൽ വ്യാപാര മേഖലയെ പുനരുജ്ജീവിപ്പിക്കാൻ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും പലിശരഹിത വായ്പ, നികുതി-വായ്പ തിരിച്ചടവുകളിൽ ഇളവ്, ഇൻഷുറൻസ് ക്ലെയിമുകൾ വേഗത്തിൽ തീർപ്പാക്കൽ എന്നിവ ഉൾപ്പെടെയുള്ള അടിയന്തര നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

