എൽ.ഡി.എഫിൽ അവകാശത്തർക്കം
text_fieldsകോട്ടയം: മുന്നണിയിലെ രണ്ടാംസ്ഥാനത്തെച്ചൊല്ലി എൽ.ഡി.എഫിൽ തർക്കം മുറുകുന്നു. ഇടവേളക്ക് ശേഷമാണ് ഇടതുമുന്നണിയിൽ സി.പി.എം കഴിഞ്ഞാൽ രണ്ടാമതാര് എന്ന ചർച്ച സജീവമാകുന്നത്. ജില്ലയിൽ സി.പി.എം കഴിഞ്ഞാൽ തങ്ങളാണ് പ്രമുഖ പാർട്ടിയെന്ന അവകാശവാദം സി.പി.ഐയും കേരള കോൺഗ്രസ് എമ്മും ഉന്നയിച്ചതോടെയാണ് വിഷയം വീണ്ടും ഉയർന്നത്. കേരള കോൺഗ്രസ് എമ്മിനെ മുന്നണി മാറ്റിക്കൊണ്ടുപോകാനുള്ള ചരടുവലികൾ അണിയറയിൽ പുരോഗമിക്കുമ്പോൾ ഈ ചർച്ചക്കും പ്രാധാന്യം ഏറുകയാണ്.
സി.പി.ഐ ജില്ല സമ്മേളനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ സമ്മേളനത്തിൽ അവതരിപ്പിക്കാനുള്ള റിപ്പോർട്ടിൽപോലും ജില്ലയിൽ സി.പി.ഐക്ക് വലിയ വളർച്ചയുണ്ടെന്നാണ് വ്യക്തമാക്കുന്നത്. എന്നാൽ, തങ്ങളുടെ വരവോടെയാണ് നേട്ടമുണ്ടാക്കാൻ സാധിച്ചതെന്ന് കേരള കോൺഗ്രസ് എം നേതൃത്വം അവകാശപ്പെടുന്നു.
ജില്ല പഞ്ചായത്ത് ഭരണവും 11 ബ്ലോക്ക് പഞ്ചായത്തിൽ പത്തും 71 ഗ്രാമപഞ്ചായത്തിൽ 51ഉം ലഭിച്ചത് തങ്ങൾ മൂലമാണെന്ന് കണക്കുകൾ നിരത്തി കേരള കോൺഗ്രസ് എം നേതൃത്വം പറയുന്നു. ഏറ്റുമാനൂർ, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ മണ്ഡലങ്ങളിൽ ജയിക്കാനായതും ഇതുകൊണ്ടൊണെന്നും അവർ അവകാശപ്പെടുന്നു. എന്നാൽ, ഈ അവകാശവാദം തള്ളുകയാണ് സി.പി.ഐ നേതൃത്വം.
വൈക്കം നിയമസഭ മണ്ഡലത്തിൽ ഉൾപ്പെടെ വ്യക്തമായ സ്വാധീനമുണ്ടെന്നും അത് സി.പി.എം ഉൾപ്പെടെ അംഗീകരിച്ചതാണെന്നും സി.പി.ഐ നേതൃത്വം വിലയിരുത്തുന്നു. സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം സി.പി.എമ്മിനും തലവേദന സൃഷ്ടിച്ചിട്ടുണ്ട്.
കേരള കോൺഗ്രസ് എം മുന്നണി വിടുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനാൽ അവരെ പിണക്കരുതെന്ന നിർദേശമാണ് സി.പി.എം സംസ്ഥാന നേതൃത്വം പ്രാദേശിക ഘടകങ്ങൾക്ക് നൽകിയിട്ടുള്ളത്. അതിനാൽ വളരെ കരുതലോടെയാണ് സി.പി.എമ്മിന്റെ നീക്കവും. സ്ഥാനമൊക്കെ അപ്രസക്തമാണെന്നും ഘടകകക്ഷികൾ ഒരേ മനസ്സോടെ തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രവർത്തിക്കുമെന്നാണ് സി.പി.എം നേതൃത്വത്തിന്റെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

