പേരിനെച്ചൊല്ലി വിവാദം: കോണത്താറ്റ് പാലം കോടതി കയറും
text_fieldsകുമരകം: ഉദ്ഘാടനത്തിന് തൊട്ടുപിന്നാലെ കുമരകം കോണത്താറ്റ് പാലത്തിന്റെ പേരിനെച്ചൊല്ലി വിവാദം. കോണത്താറ്റ് പാലമെന്ന് അറിയപ്പെട്ടിരുന്ന ഇതിന് കാരിക്കത്തറ പാലമെന്ന പുതിയ പേര് നല്‍കിയതാണ് വിവാദങ്ങൾക്ക് കാരണം. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പേര് മാറ്റിയതിനെതിരെ സ്ഥലം വിട്ടുനല്‍കിയ കോണത്താറ്റ് കുടുംബം പരാതി നല്കി. തോമസ് കോണത്താറ്റിന്റെ ചെറുമകന് റോയി ഫിലിപ്പാണ് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയത്. ഏകദേശം 90 വര്‍ഷം മുമ്പ് കോണത്താറ്റ് തോമസ് സൗജന്യമായി വിട്ടുനല്‍കിയ വസ്തുവിലാണ് നിലവിലെ കോണത്താറ്റ് പാലം സ്ഥിതി ചെയ്യുന്നത്.
കോണത്താറ്റ് തോമസിന്റെ സുഹൃത്തായ കുമരകം മേനോന് വീട്ടില്‍ നാരായണ മേനോന്റെ അഭ്യര്‍ഥന പ്രകാരമാണ് കോണത്താറ്റ് തോമസ് സ്വന്തം ഭൂമിക്ക് നടുവിലൂടെ പാലത്തിന് സ്ഥലം വിട്ടുനല്‍കിയത്. ഇതോടെ തങ്ങളുടെ ഭൂമി രണ്ടായി ഭാഗിക്കപ്പെട്ടെന്നും എങ്കിലും നാട്ടിലൊരു നല്ലകാര്യത്തിന് ഭൂമി വിട്ടുകൊടുക്കുകയായിരുന്നുവെന്നും കോണത്താറ്റ് കുടുംബം 'മാധ്യമ'ത്തോട് പറഞ്ഞു. കുമരകത്തിന്റെ വികസനത്തിന്റെ ആദ്യ ചുവടുവെപ്പിന് കോണത്താറ്റ് കുടുംബം ചെയ്ത സംഭാവനകള്‍ വിസ്മരിക്കരുതെന്നും പാലത്തിന് കോണത്താറ്റ് പാലം എന്ന പേര് നിലനിര്‍ത്തണമെന്നും കോണത്താറ്റ് കുടുംബം ആവശ്യപ്പെടുന്നു. പേരിന് പിന്നിലെ വിവാദങ്ങള്‍ അവസാനിക്കാന്‍ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കുടുംബം. തിങ്കളാഴ്ചയാണ് സഹകരണ രജിസ്ട്രേഷന് വകുപ്പ് മന്ത്രി വി.എന്‍. വാസവന് കോണത്താറ്റ് പാലത്തിന്റെ നിര്‍മാണോദ്ഘാടനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

