മാതാപിതാക്കളോടുള്ള അവഗണന: ട്രൈബ്യൂണലിൽ പ്രതിവർഷം 300ലധികം കേസ്
text_fieldsകോട്ടയം: മക്കളിൽനിന്ന് മതിയായ സംരക്ഷണം ലഭിക്കാത്തതിന് ആർ.ഡി.ഒമാർ അധ്യക്ഷരായ ജില്ലയിലെ ട്രൈബ്യൂണലുകളിൽ പ്രതിവർഷം എത്തുന്നത് 300 ലധികം കേസ്. പ്രതിമാസം ശരാശരി 25 കേസാണ് കോട്ടയം, പാല റവന്യൂ ഡിവിഷൻ ഓഫിസുകളിൽ പ്രവർത്തിക്കുന്ന പരാതി പരിഹാര ട്രൈബ്യൂണലുകളിൽ എത്തുന്നത്.
മാതാപിതാക്കളുടെയും മുതിർന്ന പൗരരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമുള്ള നിയമം-2007 പ്രകാരമുള്ള പരാതികളാണ് കൂടുതലും. സ്വത്ത് വീതം വെച്ച് നൽകിയ ശേഷം മാതാപിതാക്കളെ സംരക്ഷിക്കാത്തതിനെ കുറിച്ചാണ് ഏറെ പരാതികളും. മക്കൾക്ക് ഇഷ്ടദാനമായി നൽകിയ സ്വത്തുക്കൾ തിരിച്ച് രജിസ്റ്റർ ചെയ്ത് തരാൻ ആവശ്യപ്പെടുന്ന മാതാപിതാക്കളും ഏറെയാണ്.
റവന്യൂ ഡിവിഷനുകളിൽ പരാതി കൈകാര്യം ചെയ്യാൻ പ്രത്യേക സെല്ലുകൾ പ്രവർത്തിക്കുന്നുണ്ട്. നേരിട്ടോ തപാലിലോ മെയിൽ വഴിയോ ലഭിക്കുന്ന പരാതികളിൽ ഇരു കക്ഷികളെയും പങ്കെടുപ്പിച്ച് ആർ.ഡി.ഒ ഹിയറിങ് നടത്തും. വില്ലേജ് ഓഫിസുകൾ വഴിയാണ് ഹിയറിങ് നോട്ടിസ് നൽകുക. എല്ലാ ചൊവ്വാഴ്ചയും ഹിയറിങ് നടക്കാറുണ്ട്.
മാതാപിതാക്കൾക്ക് ജീവിതച്ചെലവിന് പ്രതിമാസം 10,000 രൂപ വരെ മക്കളിൽനിന്ന് വാങ്ങി നൽകാൻ ട്രൈബ്യൂണലിന് അധികാരമുണ്ട്. സാമ്പത്തിക സ്ഥിതി നോക്കിയാണ് ഇത് തീരുമാനിക്കുന്നത്. ഇതിനെതിരെ മക്കൾ ഹൈകോടതിയിൽ പോയി സ്റ്റേ വാങ്ങിയ ഒട്ടേറെ സംഭവങ്ങളും ജില്ലയിലുണ്ട്.
മാറി താമസിക്കാൻ സൗകര്യം ചെയ്ത് തരണമെന്നാണു ചില മാതാപിതാക്കളുടെ പരാതി. ചെലവിന് ഒന്നും തന്നില്ലെങ്കിലും മക്കളുടെ ശാരീരിക ഉപദ്രവവും മാനസിക പീഡനവും നിർത്തണം എന്ന പരാതിയും സമീപകാലത്ത് എത്തി. മക്കൾ ശാരീരിക ഉപദ്രവം ചെയ്തെന്ന പരാതികൾ തുടർ നടപടിക്ക് പൊലീസിന് കൈമാറുകയാണ് പതിവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

