ഗാന്ധിനഗർ 110 കെ.വി സബ് സ്റ്റേഷൻ നിർമാണം തുടങ്ങി
text_fieldsഗാന്ധിനഗർ: വൈദ്യുതി വിതരണരംഗത്തേക്ക് സ്വകാര്യമേഖല കടന്നുവരുന്നത് സുതാര്യത നഷ്ടമാക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ. ഗാന്ധിനഗർ 110 കെ.വി സബ് സ്റ്റേഷന്റെ നിർമാണോദ്ഘാടനം കോട്ടയം മെഡിക്കൽ കോളജ് ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സർക്കാർ കൊണ്ടുവരാനുദ്ദേശിക്കുന്ന പുതിയ നിയമം വൈദ്യുതി മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കുമെന്നും അദേഹം പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി മുഖ്യാതിഥിയായി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഞ്ജു മനോജ്, ജില്ല പഞ്ചായത്തംഗം ഡോ. റോസമ്മ സോണി, കോട്ടയം നഗരസഭ അംഗം സാബു മാത്യു, കെ.എസ്.ഇ.ബി ചീഫ് എൻജിനീയർ സജി പൗലോസ്, എക്സിക്യൂട്ടിവ് എൻജിനീയർ മോഹൻ ജോർജ്, രാഷ്ട്രീയ പാർട്ടി പ്രതിനിധി എം.ടി. കുര്യൻ എന്നിവർ സംസാരിച്ചു.
പൂവൻതുരുത്ത് ട്രാൻസ്മിഷൻ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ എൽ. മനോജ് ഗോപാൽ റിപ്പോർട്ട് അവതരിപ്പിച്ചു. പദ്ധതി നടപ്പാക്കുന്നതോടെ കോട്ടയം മെഡിക്കൽ കോളജ്, ഐ.സി.എച്ച്, ഡെന്റൽ കോളജ്, മഹാത്മാഗാന്ധി സർവകലാശാല, അനുബന്ധ സ്ഥാപനങ്ങൾ തുടങ്ങിയവയിലും ഏറ്റുമാനൂർ, കോട്ടയം നഗരസഭ പരിധിയിലെ വിവിധ സ്ഥലങ്ങൾ, ആർപ്പൂക്കര, അതിരമ്പുഴ, അയ്മനം ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലും വൈദ്യുതി ആവശ്യകത ഉറപ്പാക്കാനും പ്രസരണനഷ്ടം പരമാവധി കുറക്കാനും സാധിക്കും.
66 കെ.വി ഗാന്ധിനഗർ സബ്സ്റ്റേഷൻ 110 കെ.വി സബ്സ്റ്റേഷനായി ഉയർത്താൻ 14.95 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്.ഗാന്ധിനഗർ സബ് സ്റ്റേഷന്റെ അധീനതയിലുള്ള ഭൂമിയിലാണ് നിർമാണം. ഇവിടെ 20 എം.വി.എ ശേഷിയുള്ള രണ്ട് ട്രാൻസ്ഫോർമറും രണ്ട് 110 ഫീഡർ ബേകളും കൺട്രോൾ റൂമും നിർമിക്കാനാണ് ഭരണാനുമതി ലഭ്യമായത്.
നവീകരണ നിർമാണ പ്രവർത്തനങ്ങൾ രണ്ടു ഘട്ടങ്ങളായാണു പൂർത്തീകരിക്കുന്നത്. ആദ്യഘട്ടത്തിൽ നിലവിലെ 66 കെ.വി സബ് സ്റ്റേഷന്റെ സുഗമമായ പ്രവർത്തനങ്ങളെ ബാധിക്കാത്ത തരത്തിൽ, സബ് സ്റ്റേഷൻ കോമ്പൗണ്ടിന്റെ വടക്കുപടിഞ്ഞാറ് ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്ത് പുതിയ 110 കെ.വി ഫീഡറും 20 എം.വി.എ ട്രാൻസ്ഫോർമറും 11 കെ.വി ചാനലുകളും കൺട്രോൾ റൂമും സ്ഥാപിക്കും. രണ്ടാം ഘട്ടമായി രണ്ടാമത്തെ 110 കെ.വി ഫീഡറും 20 എം.വി.എ ട്രാൻസ്ഫോർമറും സ്ഥാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

