കോട്ടയം മണ്ഡലത്തിലെ 66 ഗ്രാമീണ റോഡുകൾക്ക് നിർമാണ അനുമതി
text_fieldsകോട്ടയം: പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതി പ്രകാരം കോട്ടയം ലോക്സഭാ മണ്ഡലത്തിലെ 66 ഗ്രാമീണ റോഡുകൾക്ക് നിർമാണ അനുമതി ലഭിച്ചതായി ഫ്രാൻസിസ് ജോർജ് എം.പി അറിയിച്ചു. ജനവാസ കേന്ദ്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതും കുറഞ്ഞത് 6 മീറ്റർ വീതിയെങ്കിലും ഉള്ള മൺറോഡുകളെയാണ് പി.എം.ജി.എസ് വൈ 4-ാം പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇപ്പോൾ അനുമതി ലഭിച്ച റോഡുകൾ ഉന്നത നിലവാരത്തിൽ നിർമിക്കുന്നതിനുള്ള വിശദമായ പ്രോജക്ട് റിപ്പോർട്ട് ഉടൻ തയ്യാറാക്കും.
കോട്ടയം ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട കോട്ടയം ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിൽ ഉള്ള 55 റോഡുകളുടെ 112 കിലോമീറ്ററും എറണാകുളം ജില്ലയിലെ പിറവം നിയോജക മണ്ഡത്തിലെ 11 റോഡുകളുടെ 15 കിലോമീറ്റർ ദൂരവും ആണ് ഇപ്പോൾ ഈ പദ്ധതിയിൽ ചേർത്തിരിക്കുന്നത്. കേന്ദ്രത്തിൽ നിന്നും അനുമതി ലഭിക്കുന്ന മുറക്ക് സർവ്വേ പൂർത്തിയാക്കി സമർപ്പിച്ചിട്ടുള്ള മറ്റു റോഡുകളെയും ഈ പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു.
കേന്ദ്ര സർക്കാർ 60ശതമാനവും സംസ്ഥാന സർക്കാർ 40ശതമാനവും തുകകൾ മുടക്കിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. റോഡുകളുടെ അടിഭാഗം ശക്തമായി ബലപ്പെടുത്തിയതിന് ശേഷം ഉന്നത നിലവാരത്തിൽ ടാർ ചെയ്യുകയും ഇരുവശങ്ങളും കോൺക്രീറ്റ് ചെയ്യുന്ന വിധത്തിലാണ് എസ്റ്റിമേറ്റ് തയ്യാറാക്കുക. ഈ റോഡുകളിൽ ആവശ്യമായ സ്ഥലങ്ങളിൽ കലുങ്കുകളും പാലങ്ങളും നിർമ്മിക്കും.
5 വർഷത്തെ റോഡ് പരിപാലനവും ഉൾപ്പെടുത്തിയാണ് പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കുന്നതെന്ന് എം.പി കൂട്ടിച്ചേർത്തു. അവികസിത ഗ്രാമീണ മേഖലകളിലെ ജനങ്ങളുടെ സഞ്ചാര സൗകര്യം വർധിപ്പിക്കാനും ഈ പ്രദേശങ്ങളുടെ വികസനം ലക്ഷ്യമാക്കിയുമാണ് ഇതുവരെ വികസനം നടത്താത്ത ഇത്തരം റോഡുകളെ തെരഞ്ഞടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ റോഡുകളുടെ നിർമാണം പൂർത്തിയാകുന്നതോടെ ഈ പ്രദേശങ്ങളുടെ അടിസ്ഥാന വികസന രംഗത്ത് വലീയ കുതിച്ച് ചാട്ടം ഉണ്ടാകുമെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

