നേരേകടവ്-മാക്കേകടവ് പാലം നിർമാണം അന്തിമഘട്ടത്തിൽ
text_fieldsകോട്ടയം: നേരേകടവ്-മാക്കേകടവ് പാലവുമായി വൈക്കം-എറണാകുളം പാതയെ ബന്ധിപ്പിക്കുന്ന റോഡിന്റെ വികസനത്തിന് സത്വര നടപടികൾ സ്വീകരിക്കുമെന്ന് ജലവിഭവ-ഭവനനിർമാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ്.
കോട്ടയം ജില്ലയിലെ ഉദയനാപുരം, ആലപ്പുഴ ജില്ലയിലെ തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ച് വേമ്പനാട്ട് കായലിനു കുറുകെ നിർമിച്ചു കൊണ്ടിരിക്കുന്ന 800 മീറ്റർ നീളമുള്ള നേരേകടവ്-മാക്കേകടവ് പാലം പദ്ധതിയുടെ പുരോഗതി വിലയിരുത്താനെത്തിയതായിരുന്നു അദ്ദേഹം.
പൊതുമരാമത്ത്, റവന്യൂ മന്ത്രിമാരുമായി എം.എൽ.എമാരുടെ സാന്നിധ്യത്തിൽ ചർച്ച നടത്തി റോഡ് വികസനത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കും. പാലത്തിന്റെ നിർമാണം അന്തിമഘട്ടത്തിലാണ്.
അപ്രോച്ച് റോഡിന്റെ ടാറിങ് ജോലികളാണ് ബാക്കിയുള്ളത്. അനുബന്ധജോലികൾ അതിവേഗം പൂർത്തിയാക്കും. വൈദ്യുതി കേബിളുകൾ ഇടുന്നതടക്കമുള്ള കാര്യങ്ങളിൽ കെ.എസ്.ഇ.ബിയുമായി പൊതുമരാമത്ത് വകുപ്പ് ചർച്ച നടത്തി തീരുമാനമെടുത്തിട്ടുണ്ട്. കെ.എസ്.ഇ.ബിയുടെ പ്രവൃത്തികൾ അഞ്ച് ദിവസത്തിനകം പൂർത്തിയാക്കണമെന്ന് നിർദേശം നൽകി. അതിനുശേഷം ഉടൻതന്നെ ടാറിങ് തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. സെപ്റ്റംബർ 30നകം ടാറിങ് ഉൾപ്പെടെ പൂർത്തിയാക്കണമെന്നായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. നിലവിലെ സാഹചര്യത്തിൽ ഏതാനും ദിവസങ്ങൾകൂടി വേണ്ടിവരും. തോടിന്റെ അരികിലുള്ള സമീപനപാതയുടെ ഭാഗം കെട്ടുന്നതുമായി ബന്ധപ്പെട്ട് ജലസേചന വകുപ്പ് പഠനം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. അതിനുള്ള ഫണ്ട് ഉടൻ അനുവദിക്കും. ഈ പഠനത്തിന്റെ അടിസ്ഥാനത്തിൽ എസ്റ്റിമേറ്റ് എടുത്ത് കൂടുതൽ തുക അനുവദിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
ഒക്ടോബർ പകുതിയോടെ പാലം തുറന്നു കൊടുക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നതെന്ന് കെ. ബിനിമോൻ എം.എൽ.എ പറഞ്ഞു.
കെ.എസ്.ഇ.ബിയിലെയും പൊതുമരാമത്ത്, ജലസേചന വകുപ്പുകളിലെയും ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. തുറവൂർ-പമ്പാ പാതയുടെ രണ്ടാംഘട്ട പദ്ധതിയിൽ ഉൾപ്പെടുത്തി 93.35 കോടി രൂപ ചെലവിട്ടു നിർമിക്കുന്ന നേരേകടവ്-മാക്കേകടവ് പാലം പൂർത്തിയാകുന്നതോടെ വൈക്കത്തുനിന്ന് കൊച്ചിയിലേക്കുള്ള എളുപ്പവഴിയാണ് തുറന്നുകിട്ടുക. 11.23 മീറ്റർ വീതിയുള്ള പാലത്തിന് 22 സ്പാനുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

