പരിപ്പ് പാലം നിർമാണം പൂർത്തിയായി; റോഡ് ടാറിങ് ഉടൻ
text_fieldsപരിപ്പ് പാലം മന്ത്രി വി.എൻ. വാസവൻ സന്ദർശിച്ചപ്പോൾ
കോട്ടയം: മൂന്നരക്കോടി രൂപ മുടക്കി റീബിൽഡ് കേരള ഇനീഷ്യേറ്റിവ് പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമിക്കുന്ന പരിപ്പ് പാലത്തിന്റെ നിർമാണം പൂർത്തിയായി. ടാറിങ് ജോലികൾകൂടി പൂർത്തിയാകുന്നതോടെ പാലം ഗതാഗതത്തിന് തുറന്നുകൊടുക്കും. പൂർത്തിയായ പാലം മന്ത്രി വി.എൻ. വാസവൻ സന്ദർശിച്ചു.
കാലപ്പഴക്കവും വീതി കുറവുംമൂലം പഴയ പാലം പൊളിച്ച് പുനർനിർമിക്കുകയായിരുന്നു. 10.5 മീറ്റർ വീതിയിലും 15 മീറ്റർ നീളത്തിലുമാണ് പുതിയ പാലം പുനർനിർമിച്ചത്. ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലൂടെ കടന്നുപോകുന്ന എട്ട് റോഡുകൾ റീബിൽഡ് കേരള ഇനീഷ്യേറ്റിവ് പദ്ധതിയിൽ 121.11 കോടി മുടക്കിയാണ് നവീകരിക്കുന്നത്. ഈ വികസന പദ്ധതികളുടെ ഭാഗമാണ് അയ്മനം-പരിപ്പ് പാലം പുനർനിർമാണം. പാലം പണി പൂർത്തിയാകുന്നതോടെ പടിഞ്ഞാറൻ പ്രദേശത്തെ പാടശേഖരങ്ങളിലെ നെല്ല് സംഭരണം സുഗമമാക്കാനാകും.
പ്രദേശവാസികൾക്ക് മെഡിക്കൽ കോളജ് അടക്കമുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രയും പാലം പൂർത്തിയാകുന്നതോടെ എളുപ്പമാകും. ജില്ലയിലെ ടൂറിസം രംഗത്തെ വികസനത്തിനും പാലം വരുന്നത് മുതൽക്കൂട്ടാകും. ഈ വർഷം ഫെബ്രുവരി ആദ്യമാണ് പാലം പൊളിക്കൽ നടപടികൾ ആരംഭിച്ചത്. പാലം പൊളിച്ചപ്പോഴുള്ള യാത്രാക്ലേശം ഒഴിവാക്കാൻ സമീപത്ത് അനുബന്ധ റോഡ് നിർമിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

