കുറുപ്പന്തറ റെയിൽവേ മേൽപാലം നിർമാണം യാഥാർഥ്യത്തിലേക്ക്
text_fieldsഎ.ഐ ചിത്രം
കുറുപ്പന്തറ: നിയമക്കുരുക്കിൽപ്പെട്ട് നീണ്ടുപോയ കുറുപ്പന്തറ റെയിൽവേ മേൽപ്പാലം നിർമാണത്തിന് ഒടുവിൽ ജീവൻവെക്കുന്നു. പാലം നിർമാണത്തിനാവശ്യമായ ഭൂമിയേറ്റെടുക്കൽ നടപടി അന്തിമഘട്ടത്തിലാണ്. മേൽപ്പാല നിർമാണ ചുമതലയുള്ള കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ-റവന്യു അധികൃതർ കഴിഞ്ഞദിവസം ഏറ്റെടുക്കേണ്ട സ്ഥലങ്ങൾ സന്ദർശിച്ച് പരിശോധന നടത്തി. മേൽപ്പാലത്തിന് ആവശ്യമായ മുഴുവൻ ഭൂമിയും ഒരാഴ്ചക്കുള്ളിൽ ലഭ്യമാകുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഭൂമി ലഭിച്ചുകഴിഞ്ഞാൽ പാലത്തിന്റെ നിർമാണപ്രവർത്തനത്തിലേക്ക് കടക്കാനാകുമെന്നാണ് പ്രതീക്ഷ.
ഭൂമി ഏറ്റെടുക്കലിൽ കാര്യമായ പ്രശ്നങ്ങളൊന്നുമുണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു. എന്നാൽ ജില്ലയിലെ ചിലയിടങ്ങളിൽ റെയിൽവേ വികസന ഭാഗമായി ഭൂമി ഏറ്റെടുത്തവർക്ക് മതിയായ നഷ്ടപരിഹാരം നൽകിയിട്ടില്ലെന്ന ആക്ഷേപം നിലനിൽക്കുന്നത് ആശങ്കക്ക് കാരണമായുണ്ട്. അത്തരത്തിലുള്ള പ്രശ്നങ്ങളുണ്ടാകില്ലെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.
2012-’13 ലെ റെയിൽവേ ബജറ്റിൽ ഉൾപ്പെടുത്തി നടപടികളാരംഭിച്ച മേൽപാലത്തിന് 68 വ്യക്തികളുടെ ഭൂമിയാണ് ഏറ്റെടുക്കാൻ നിശ്ചയിച്ചത്. ഇതിൽ 67 വ്യക്തികൾക്കും പണം നൽകി വസ്തു ഏറ്റെടുത്ത് കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷന് കൈമാറിയതായി റവന്യു വകുപ്പ് അധികൃതർ വ്യക്തമാക്കി. ഒരു വ്യക്തിയുടെ ഭൂമി കൂടി ഏറ്റെടുക്കാനുണ്ട്. അത് ഈ ആഴ്ച ഏറ്റെടുത്ത് കൈമാറുമെന്നാണ് അധികൃതർ പറയുന്നത്.
നിർമാണത്തിന് തടസ്സവാദം ഉന്നയിച്ച് രണ്ട് വ്യക്തികൾ നൽകിയ കേസ് കോടതി തള്ളിയിരുന്നു. ഇതോടെയാണ് സ്ഥലം ഏറ്റെടുപ്പ് നടപടികൾ റവന്യു വകുപ്പ് വേഗത്തിലാക്കിയത്. ഇതിനിടയിൽ തടസ്സവാദവുമായി ഇവർ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അതും പരിഗണിച്ചിട്ടില്ല. അതിനാൽ എത്രയും പെട്ടെന്ന് ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കി നിർമാണത്തിലേക്ക് കടക്കാനാണ് അധികൃതരുടെ നീക്കം. മേൽപാലം സ്ഥലം ഏറ്റെടുപ്പിനും നിർമാണത്തിനുമായി 2018ൽ കിഫ്ബിയിൽ നിന്ന് 30.56 കോടി രൂപ അനുവദിച്ചിരുന്നു.
ട്രാക്കുകൾ നാലായി; അപകടങ്ങളുമേറി
2024 ഫെബ്രുവരി 26ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിച്ച മേൽപാലങ്ങളുടെ കൂട്ടത്തിൽ കുറുപ്പന്തറ റെയിൽവേ മേൽപാലവും ഉൾപ്പെട്ടിരുന്നെങ്കിലും കേസ് മൂലം ഒന്നും നടന്നില്ല. ഇരട്ടപ്പാത പൂർത്തിയായതോടെ കുറുപ്പന്തറ റെയിൽവേ ക്രോസിൽ നാല് ട്രാക്കുണ്ട്.
ട്രെയിനുകൾ വരുമ്പോൾ റെയിൽവേ ക്രോസ് അടക്കുന്നതോടെ ഇവിടെ വലിയ ഗതാഗതക്കുരുക്കും അപകടങ്ങളും പതിവാണ്.പ്രദേശത്തെ വ്യാപാരി സംഘടനകളും പൗരസമിതികളുമെല്ലാം മേൽപ്പാലത്തിനായി വർഷങ്ങളായി നിലകൊള്ളുകയാണ്. അവർ കോടതിയിലെ കേസിലും പങ്കാളികളായി. തടസ്സങ്ങൾ നീങ്ങിയതോടെ ഉടൻ മേൽപ്പാലം നിർമാണം ആരംഭിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

