കോണത്താറ്റ് പാലം നിർമാണം; എന്ന് തീരും ഈ ദുരിതം
text_fieldsകുമരകം കോണത്താറ്റ് പാലം പണി നടക്കുന്നതിനാൽ ബസിറങ്ങി നടന്ന് അക്കരെ പോകുന്ന യാത്രക്കാർ
കോട്ടയം: ടൗണിൽനിന്ന് ബസ് കയറി കുമരകം കോണത്താറ്റ് പാലത്തിന്റെ കിഴക്കേഭാഗത്തെ ആറ്റാമംഗലം പള്ളിക്ക് മുന്നിലിറങ്ങണം. തുടർന്ന് നടന്ന് പാലം കടന്ന് പടിഞ്ഞാറുഭാഗത്തെ ബസ് ബേയിലെത്തി അടുത്ത ബസ് കയറണം. കോണത്താറ്റ് പാലത്തിന്റെ നിർമാണം മൂലം രണ്ടരവർഷമായി വൈക്കം, ചേർത്തല ഭാഗത്തേക്കുള്ള യാത്രക്കാർ അനുഭവിക്കുന്ന ദുരിതമാണിത്. തിരിച്ച് വൈക്കം, ചേർത്തല ഭാഗത്തുനിന്ന് കോട്ടയത്തേക്ക് വരണമെങ്കിലും ഇതുതന്നെ അവസ്ഥ.
അട്ടിപ്പീടിക, കൊഞ്ചുമട ഭാഗത്തേക്കുള്ള ബസ് സർവിസും നിലച്ചു. 18 മാസംകൊണ്ട് നിർമാണം പൂർത്തിയാകുമെന്ന് പറഞ്ഞ പാലമാണ് അങ്ങോട്ടുമിങ്ങോട്ടുമില്ലാതെ കിടക്കുന്നത്. ബസുകൾ ഒഴികെയുള്ള ചെറുവാഹനങ്ങൾക്ക് കടന്നുപോകാൻ സമാന്തര റോഡ് നിർമിച്ചിട്ടുണ്ട്. ഈ വാഹനങ്ങൾക്കിടയിലൂടെ വേണം യാത്രക്കാർ നടക്കാൻ.
രാവിലെയും വൈകീട്ടും ജോലിക്കാരും വിദ്യാർഥികളുമടക്കം നിരവധി പേരാണ് ഇതുമൂലം വലഞ്ഞത്. പണി നടക്കുന്നതിനാൽ നിറയെ പൊടിയാണ് പരിസരത്ത്. മഴ പെയ്താൽ റോഡ് മൊത്തം ചളിയുമാകും. ദൂരയാത്രക്കാർ പാലം പണി കാരണം വഴി മാറി പോകുന്നുണ്ടെങ്കിലും പടിഞ്ഞാറുഭാഗത്തേക്കുള്ളവർക്ക് ഇതുവഴി അല്ലാതെ വേറെ മാർഗമില്ല. രാവിലെയും വൈകീട്ടും വാഹനങ്ങളുടെ വലിയ കുരുക്കാണ് ഇവിടെ. ഇതിനിടയാണ് വിദ്യാർഥികളടക്കം നടന്നുപോകുന്നത്.
സംരക്ഷണഭിത്തി രൂപരേഖ കിട്ടിയില്ല
പണി പൂർത്തിയായിട്ടും സമീപനപാതയില്ലാത്തതിനാൽ കരതൊടാതെ നിൽക്കുകയാണ് പാലം. 2022 നവംബർ ഒന്നിനാണ് നാലുമീറ്റർ മാത്രം വീതിയുണ്ടായിരുന്ന പഴയ പാലം പൊളിച്ചുതുടങ്ങിയത്. 18 മാസമാണ് നിർമാണക്കാലാവധി നിശ്ചയിച്ചിരുന്നതെങ്കിലും സാങ്കേതിക തടസ്സങ്ങളും അടിക്കടിയുണ്ടായ രൂപരേഖ മാറ്റവും മൂലം പണി വൈകുകയായിരുന്നു.
നിലവിൽ പാലത്തിന്റെ സമീപനപാതയുടെ സംരക്ഷണഭിത്തി രൂപരേഖയിൽ തീരുമാനമാകാത്തതാണ് കാലതാമസത്തിനു കാരണം. കേരള ഹൈവേ റിസർച് ഇൻസ്റ്റിറ്റ്യൂട്ടാണ് രൂപരേഖ പരിശോധിക്കുന്നത്. ഇത് കിട്ടിയാലേ മഴക്കുമുമ്പ് നിർമാണം തുടങ്ങാനും മണ്ണടിക്കാനും കഴിയൂ. കുമരകം ഭാഗത്തെ സമീപനപാതയുടെ പൈലിങ് കഴിഞ്ഞ് സ്ലാബ് നിർമാണം നടക്കുകയാണ്.
സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് സമീപനപാതയുടെ പൈലിങ് തടസ്സപ്പെട്ട് കിടക്കുകയായിരുന്നു. സമീപത്തെ കടക്കാരന്റെ സ്ഥലം ജനുവരി അവസാനമാണ് വിട്ടുകിട്ടിയത്. വീണ്ടും സ്ഥലം വേണ്ടിവന്നതിനാൽ സമീപനപാത അൽപം വളച്ചാണ് ഇവിടെ പണിയുക. കോട്ടയം ഭാഗത്ത് പാതയരികിലെ ട്രാൻസ്ഫോർമർ മാറ്റിയിട്ടുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

