കാഞ്ഞിരപ്പള്ളി മെയിൻ ബൈപാസ് നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം
text_fieldsകാഞ്ഞിരപ്പള്ളി: രണ്ടു പതിറ്റാണ്ടത്തെ സ്വപ്നപദ്ധതിയായ മെയിൻ ബൈപാസ് യാഥാർഥ്യമാകുന്നു. കുന്നുകൾ ഇടിച്ചുനിരത്തി റോഡിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോര്പറേഷന് ആഗസ്റ്റ് 24ന് ടെൻഡര്‍ ചെയ്തെങ്കിലും നവംബറിലാണ് ഗുജറാത്തിലെ ബാക് ബോൺ കമ്പനി 22 കോടിക്ക് ടെൻഡർ എടുത്തത്. തുടർന്ന് ബൈപാസ് കടന്നുപോകുന്ന ഭാഗത്തെ മരങ്ങൾ മുറിച്ചുനീക്കുകയും കെട്ടിടങ്ങൾ പൊളിച്ചുമാറ്റുകയും ചെയ്തിരുന്നു. പഴയ പഞ്ചായത്ത് ഓഫിസ് സ്ഥിതി ചെയ്യുന്ന ഭാഗത്ത് ദേശീയപാത 183ലുള്ള വളവില്‍നിന്ന് ആരംഭിച്ച് കാഞ്ഞിരപ്പള്ളി-മണിമല റോഡിനു കുറുകെ മേല്‍പാലം നിര്‍മിച്ച് ദേശീയപാതയിലെ റാണി ആശുപത്രിക്ക് സമീപം എത്തുന്ന രീതിയില്‍ 1.626 കിലോമീറ്റര്‍ നീളത്തില്‍ 15 മുതല്‍ 18 മീറ്റര്‍ വീതിയിലാണ് ബൈപാസ് വരുന്നത്. മൂന്ന് ഹെക്ടര്‍ 49 ആര് 84 ച. മീ. സ്ഥലമാണ് പദ്ധതിക്ക് ആവശ്യമുള്ളത്. 29 വസ്തു ഉടമസ്ഥരില്‍നിന്ന് 13 സര്‍വേ നമ്പറുകളിലായി കിടക്കുന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു. 24 .76 കോടി നല്‍കിയാണ് സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയത്. 2004ലാണ് ബൈപാസ് എന്ന ആശയത്തിന് തുടക്കമിട്ടത്. വിവിധ കാരണങ്ങളാല്‍ അന്ന് നടന്നില്ല.
ചട്ടപ്രകാരമുള്ള സ്റ്റേറ്റ് ലെവല്‍ എംപവേര്‍ഡ് കമ്മിറ്റിയുടെ അനുമതിയോടെ 2016ല്‍ കാഞ്ഞിരപ്പള്ളി വില്ലേജിലെ 308.13 ആര് സ്ഥലം ഏറ്റെടുക്കാന്‍ ഉത്തരവായി. 2016-17ലെ സംസ്ഥാന ബജറ്റില്‍ 20 കോടി ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ചു. പുതുക്കിയ ബജറ്റില്‍ ബൈപാസ് കിഫ്ബി പദ്ധതിയായി പ്രഖ്യാപിച്ചു. വിശദമായ ഡിസൈനും റിപ്പോര്‍ട്ടും എസ്റ്റിമേറ്റും തയാറാക്കാന്‍ കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോര്പറേഷന് ലിമിറ്റഡിനെ ചുമതലപ്പെടുത്തി. ബൈപാസിന് ഏഴ് മീറ്റര്‍ വീതിയുള്ള രണ്ടുവരി കാരിയേജ് വേയുണ്ട്. ഇരുവശത്തും 1.5 മീറ്റര്‍ ടൈല്‍ഡ് ഫുട്പാത്ത്, ഇരുവശത്തും ഒരു മീറ്റര്‍ വീതിയില്‍ മണ് പ്രദേശം, ആവശ്യമായ സ്ഥലങ്ങളില്‍ ഫുട്പാത്ത് കം ഡ്രെയിനേജും നിര്‍ദേശിച്ചിട്ടുണ്ട്. മണിമല റോഡിനും ചിറ്റാര്‍പുഴക്കും കുറുകെയുള്ള പാലത്തിന് 90 മീറ്റർ നീളമാണുള്ളത്. ആകെയുള്ള വീതി 14.50 മീറ്ററില്‍ 7.50 മീറ്റര്‍ വീതിയുള്ള രണ്ടുവരിപ്പാത, 1.50 മീറ്റര്‍ നടപ്പാത എന്നിവ ഉള്‍പ്പെടുന്നു. 1.50 മീറ്റര്‍ ഫുട്പാത്ത്, 0.25 മീറ്റര്‍ ഹാന്‍ഡ് റെയില്‍, ഇരുവശത്തും 0.50 മീറ്റര്‍ ക്രാഷ് ബാരിയറുകള്‍ എന്നിവയും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇതിനായി പുതുക്കിയ എസ്റ്റിമേറ്റ് തുക 20.65 കോടിയും കാലാവധി 18 മാസവുമാണ്.
ഗതാഗതക്കുരുക്കുമൂലം വീർപ്പുമുട്ടുന്ന കാഞ്ഞിരപ്പള്ളിക്ക് ബൈപാസ് ഏറെ പ്രയോജനം ചെയ്യുമെങ്കിലും ടൗണിലെ വ്യാപാരം നഷ്ടമാകുമോ എന്ന ആശങ്കയിലാണ് വ്യാപാരികൾ. ബൈപാസ് പ്രാവർത്തികമാകുന്നതോടെ ടൗണിൽ എത്താതെ വാഹനങ്ങൾക്ക് പോകാൻ കഴിയും എന്നതിനാൽ ഇവിടുത്തെ വ്യാപാര സ്ഥാപനങ്ങളെ ജനം കൈയൊഴിയുമോ എന്ന ആശങ്കയാണ് ഇവർക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

