ഗൃഹോപകരണങ്ങൾ വീട്ടിലെത്തിച്ചു തരാമെന്ന് പറഞ്ഞ് പണം തട്ടിയതായി പരാതി
text_fieldsതലയോലപ്പറമ്പ്: ഗൃഹോപകരണങ്ങൾ വീട്ടിലെത്തിച്ചു തരാമെന്ന് പറഞ്ഞ് വീട്ടമ്മമാരെ കബളിപ്പിച്ച് യുവാവ് പണം തട്ടിയതായി പരാതി. വൈക്കം കച്ചേരിക്കവലക്ക് സമീപത്തെ മിടുക്കി ഹോം അപ്ലയൻസിെൻറ പ്രതിനിധിയാണെന്ന് പറഞ്ഞ് വീട്ടമ്മമാരെ തെറ്റിദ്ധരിപ്പിച്ച് 40 വയസ്സ് തോന്നിക്കുന്നയാളാണ് തട്ടിപ്പുനടത്തിയത്. വെള്ളിയാഴ്ച ഉച്ചക്ക് വെള്ളൂർ ഇറുമ്പയത്തെ വീടുകളിൽ കയറിയിറങ്ങി ഇയാൾ വീട്ടമ്മമാരെ കണ്ടിരുന്നു. മുൻകൂറായി കുറച്ചു പണം നൽകുന്നവർക്കു അടുത്ത ദിവസം ആവശ്യപ്പെട്ട ഗൃഹോപകരണം വീട്ടിലെത്തിച്ച് തരുമെന്നാണ് ഇയാൾ അറിയിച്ചത്.
ഇറുമ്പയത്തെ വീട്ടമ്മക്ക് സംശയം തോന്നി ചോദ്യം ചെയ്തപ്പോൾ യുവാവ് തന്ത്രപൂർവം കടന്നുകളഞ്ഞു. ഇറുമ്പയത്തിനു പുറമെ തലയോലപ്പറമ്പ്, പൊതി തുടങ്ങിയ സ്ഥലങ്ങളിലും ഇയാൾ തട്ടിപ്പുനടത്തി പണം കൈക്കലാക്കിയതായി പരാതി ഉയർന്നിട്ടുണ്ട്.
തട്ടിപ്പിന് ഇരയായവർ അറിയിച്ചതിനെ തുടർന്ന് മിടുക്കി ഹോം അപ്ലയൻസ് ഉടമ വൈക്കം പൊലീസിൽ പരാതി നൽകി. വ്യാപാര സ്ഥാപനം ഓർഡറെടുക്കാൻ ആരെയും ഏർപ്പെടുത്തിയിട്ടില്ലെന്നും ഉടമ പൊലീസിൽ അറിയിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

