പരാതിരഹിത ഓണം; സഹകരണമേഖലയുടെ പങ്ക് പ്രധാനം -വി.എൻ. വാസവൻ
text_fieldsസഹകരണ അംഗ സമാശ്വാസ പദ്ധതി ജില്ലതല സഹായവിതരണ ഉദ്ഘാടനം മന്ത്രി
വി.എൻ. വാസവൻ നിർവഹിക്കുന്നു
കോട്ടയം: ഈവര്‍ഷം പരാതിരഹിതമായി ഓണം ആഘോഷിക്കാന്‍ അവസരമൊരുക്കുന്നതില്‍ സഹകരണമേഖല പ്രധാന പങ്കുവഹിച്ചെന്ന് മന്ത്രി വി.എൻ. വാസവൻ. സഹകരണ അംഗ സമാശ്വാസ പദ്ധതിയുടെ ജില്ലതല സഹായവിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ 1800 സഹകരണസംഘങ്ങള്‍ വഴി ഉത്പന്നങ്ങൾ സമാഹരിച്ച് വിപണിയിൽ സജീവമായി ഇടപെടാൻ സഹകരണ മേഖലക്ക് സാധിച്ചു.
അംഗ സമാശ്വാസ പദ്ധതി വേറിട്ട മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ 43 പ്രാഥമിക സഹകരണസംഘങ്ങളിലെ 162 അംഗങ്ങൾക്കായി അനുവദിച്ച 36.60 ലക്ഷം രൂപയാണ് പദ്ധതിയുടെ ഏഴാംഘട്ട ധനസഹായമായി വിതരണം ചെയ്തത്. പ്രാഥമിക സഹകരണസംഘങ്ങളിലെ ഗുരുതര രോഗങ്ങൾ ബാധിച്ചവരും കിടപ്പുരോഗികളുമായ അംഗങ്ങൾക്ക് സഹായമായി 50,000 രൂപ വരെയാണ് പദ്ധതിയില്‍ സഹകരണവകുപ്പ് അനുവദിക്കുന്നത്.
പ്രവർത്തനമികവിന് സംസ്ഥാനതല പുരസ്കാരം നേടിയ പാമ്പാടി സർവിസ് സഹകരണ ബാങ്ക്, പനച്ചിക്കാട് റീജനൽ സർവിസ് സഹകരണ ബാങ്ക്, കോട്ടയം ജില്ല സഹകരണ ആശുപത്രി സംഘം എന്നിവക്കുള്ള പുരസ്കാരങ്ങളും മന്ത്രി വിതരണം ചെയ്തു. ചടങ്ങിൽ സംസ്ഥാന സഹകരണ യൂനിയൻ ഡയറക്ടർ കെ.എം. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ മുഖ്യപ്രഭാഷണം നടത്തി.
സർക്കിൾ സഹകരണ യൂനിയൻ അധ്യക്ഷരായ അഡ്വ. പി. സതീഷ് ചന്ദ്രൻ നായർ, ജോൺസൺ പുളിക്കീൽ, ടി.സി. വിനോദ്, ജെയിംസ് വർഗീസ്, ജോയന്റ് രജിസ്ട്രാർ പി.പി. സലിം, ഡെപ്യൂട്ടി രജിസ്ട്രാർ കെ.സി. വിജയകുമാർ, സഹകരണ സംഘം ഭാരവാഹികളായ വി.എം. പ്രദീപ്, കെ.ജെ. അനിൽകുമാർ, സി.ജെ. ജോസഫ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

