കലക്ടറുടെ കത്ത് തള്ളി; തിരുനക്കരയിൽ ബസ് ബേ വൈകും
text_fieldsകോട്ടയം: തിരുനക്കര ബസ് സ്റ്റാൻഡ് മൈതാനത്ത് ബസ് ബേ പുനരാരംഭിക്കാൻ വൈകും. തിരുനക്കര ഉത്സവത്തോടനുബന്ധിച്ചുള്ള വ്യാപാരമേള അവസാനിച്ച ശേഷം മാത്രം ബസ് ബേ പുനരാരംഭിച്ചാൽ മതിയെന്ന് കോട്ടയം നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. മാർച്ച് 31വരെയാണ് വ്യാപാരമേള.
ഉത്സവത്തിനുമുമ്പ് ബസ് ബേ ആരംഭിക്കണമെന്നാവശ്യപ്പെട്ട് കലക്ടർ നഗരസഭക്ക് കത്ത് നൽകിയിരുന്നു. എന്നാൽ വ്യാപാരമേളക്ക് മൈതാനം വിട്ടുനൽകിയതിനാൽ ഇത് കൗൺസിൽ തള്ളി.
തിരുനക്കര ബസ് സ്റ്റാൻഡ് മൈതാനത്തിലൂടെ ബസുകൾ കത്തിവിടുന്നതിന് മുമ്പ് താൽക്കാലിക കാത്തിരിപ്പുകേന്ദ്രം ഒരുക്കും. ഏപ്രിൽ ഒന്നിനുശേഷം ഇതിനായി നടപടി ആരംഭിക്കാനും കൗൺസിൽ തീരുമാനിച്ചു.
ഇതിനിടെ, വ്യാപാരമേളക്ക് മൈതാനം നൽകിയത് കൗൺസിൽ തീരുമാനം ലംഘിച്ചാണെന്ന് കൗൺസിലർ എം.പി. സന്തോഷ്കുമാർ ആരോപിച്ചു. 14 മുതൽ 24 വരെ നൽകാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ പത്രപ്പരസ്യം നൽകിയത് 10 മുതൽ 31 വരെ എന്നാണെന്നും സന്തോഷ് കുമാർ പറഞ്ഞു. ഇതേച്ചൊല്ലി ഏറെ നേരം വാക്കേറ്റവും ബഹളവും ഉണ്ടായി. ഒടുവിൽ വിഷയം അന്വേഷിക്കാൻ സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി.
ചിങ്ങവനത്തെ കുടിവെള്ളപദ്ധതിയുടെ വൈദ്യൂതികുടിശ്ശിക ഉടൻ നൽകണമെന്ന് കൗൺസിലർ ജോസ് പള്ളിക്കുന്നേൽ പറഞ്ഞു. ഇക്കാര്യം അന്വേഷിക്കാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തിയെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല. ഇതോടെ എൽ.ഡി.എഫ് ഈ തുക നൽകുമെന്ന് ഇടത് കൗൺസിലർമാർ അറിയിച്ചു.
കെ സ്മാർട്ട് അപ്ഡേഷൻ നടക്കാത്തതിനാൽ പൊതുജനങ്ങൾക്ക് നികുതി അടക്കാൻ കഴിയുന്നില്ലെന്ന വിഷയവും ചർച്ചയിൽ വന്നു. 3500 വീടുകളുടെ എണ്ണം സോഫ്റ്റ് വെയറിലില്ല. മാർച്ച് 31 നുമുമ്പ് അപ്ഡേഷൻ പൂർത്തിയാക്കാൻ കൂടുതൽ താൽക്കാലിക ജീവനക്കാരെ നിയമിക്കും. അതുവരെ നികുതി അടക്കാൻ പകരം സംവിധാനമൊരുക്കാനും യോഗം തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

