കലക്ടർ ഫീൽഡ് ഓഫിസർ; ജനങ്ങൾക്കരികിലെത്തും -വിഘ്നേശ്വരി
text_fieldsകോട്ടയം പ്രസ് ക്ലബിന്റെ
‘മുഖാമുഖം’ പരിപാടിയിൽ
ജില്ല കലക്ടർ
വി. വിഘ്നേശ്വരി
കോട്ടയം: ‘കലക്ടർ ഫീൽഡ് ഓഫിസറാണ്. ഓഫിസിലിരുന്ന് മാത്രം ചെയ്യേണ്ട ജോലിയല്ല’- ജനങ്ങളുടെ അടുത്തെത്തി അവരുടെ പ്രശ്നങ്ങളും വികാരങ്ങളും മനസ്സിലാക്കി ഇതനുസരിച്ച പദ്ധതികൾ നടപ്പാക്കുകയാണ് കലക്ടറുടെ ഉത്തരവാദിത്തമെന്നും വി. വിഘ്നേശ്വരി. കോട്ടയം പ്രസ് ക്ലബിന്റെ ‘മുഖാമുഖം’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ജില്ല കലക്ടറായി ചുമതലയേറ്റ വിഘ്നേശ്വരി.
സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങളുടെ നിർദേശങ്ങളും ആശയങ്ങളും അറിയാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. എന്നാൽ, ഇതിനു കഴിയാത്തവരുടെ അടുത്തേക്ക് നേരിട്ട് എത്താനാണ് ശ്രമം. ഇതിനായി വിവിധ പ്രദേശങ്ങൾ സന്ദർശിക്കുമെന്നും അവർ പറഞ്ഞു. തിരക്കിനിടെ ഇതിന് സമയം ലഭിക്കുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു കലക്ടർ പദവി ജനങ്ങൾക്കിടയിലിറങ്ങി പ്രവർത്തിക്കേണ്ട പദവിയാണെന്ന ഇവരുടെ മറുപടി. ഏറെ സന്തോഷത്തോടെയാണ് കോട്ടയത്തേക്ക് എത്തിയത്. നേരത്തേ കുമരകത്ത് എത്തിയിരുന്നു. അതിനാൽ കോട്ടയം അപരിചിത സ്ഥലമായിരുന്നില്ല. കുമരകത്തിനു പുറമെ, ജില്ലയുടെ മറ്റ് സ്ഥലങ്ങളിലേക്കും സഞ്ചാരികളെ ആകർഷിക്കാൻ കഴിയും. ഇത്തരം സ്ഥലങ്ങൾ കണ്ടെത്തി, ഇവയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തും. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികക്ഷേമം എന്നീ വിഷയങ്ങളിലാകും ഊന്നൽ.
ശബരിമല വിമാനത്താവളവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാനുള്ള ചുമതല ജില്ല ഭരണകൂടത്തിനാണ്. പ്രാഥമിക നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. സർക്കാർ നിർദേശപ്രകാരം അടുത്തഘട്ടത്തിലേക്ക് കടക്കും.
ജില്ല ഭരണകൂടത്തിന് ലഭിക്കുന്ന പരാതികളിൽ അതിവേഗത്തിൽ തീർപ്പുണ്ടാക്കാൻ ഇടപെടലുണ്ടാകും. ആകാശപ്പാതയുടെ നിലവിലെ സ്ഥിതി പഠിച്ചശേഷമാകും തുടർനടപടി. ഇതുമായി ബന്ധപ്പെട്ട കേസ് ഹൈകോടതിയിലുമുണ്ട്. വിശദപരിശോധനക്കു ശേഷമാകും പൊളിക്കണമോയെന്ന് തീരുമാനിക്കുക. സർക്കാറാകും അന്തിമ തീരുമാനമെടുക്കുക- അവർ പറഞ്ഞു.
മധുര മീനാക്ഷി ക്ഷേത്രത്തിന് രണ്ടുകിലോമീറ്റർ അകലെയാണ് വിഘ്നേശ്വരിയുടെ വീട്. പിതാവ് കെ.ആർ. വേലൈച്ചാമി കോളജ് പ്രഫസറായിരുന്നു. മാതാവ് എം.എസ്.വി. ശാന്തി സ്കൂൾ പ്രിൻസിപ്പലായിരുന്നു. ഏക സഹോദരി വി. ഭൂവനേശ്വരി ഡോക്ടറാണെന്നും ഇവർ പറഞ്ഞു.
കൊളീജിയറ്റ് എജുക്കേഷൻ ഡയറക്ടറായിരുന്ന വിഘ്നേശ്വരി കെ.ടി.ഡി.സി എം.ഡിയുടെ അധികചുമതലയും വഹിച്ചിരുന്നു. ആദ്യമായി കലക്ടറുടെ ചുമതലയിലെത്തുന്ന ഇവരുടെ ഭർത്താവ് എറണാകുളം ജില്ല കലക്ടറായ എൻ.എസ്.കെ. ഉമേഷാണ്. ഒരേ നാട്ടുകാരായ ഇരുവരും എൻജിനീയറിങ് ബിരുദധാരികളുമാണ്. സിവിൽ സർവിസ് നേടിയശേഷമാണ് പരിചയപ്പെടുന്നതും വിവാഹിതരാകുന്നതും.
ജനാഭിപ്രായം തേടി കലക്ടർ; വൻ പ്രതികരണം
കോട്ടയം: മുൻഗണനാവിഷയങ്ങളിൽ ജനങ്ങളുടെ അഭിപ്രായം തേടി ജില്ല കലക്ടർ തുടക്കമിട്ട സോഷ്യൽ മീഡിയ കാമ്പയിന് വൻപ്രതികരണം.
വ്യാഴാഴ്ച ജില്ല കലക്ടറായി ചുമതലയേറ്റതിനുപിന്നാലെയാണ് വി. വിഘ്നേശ്വരി ഫേസ്ബുക്കിലൂടെ ഓരോ മേഖലയിലും എന്തിനാണ് മുൻതൂക്കം നൽകേണ്ടതെന്നതിൽ ജനങ്ങളിൽനിന്ന് വിവരം തേടിയത്. കോട്ടയം കലക്ടർ എന്ന ഫേസ് ബുക്ക് പേജിലായിരുന്നു പോസ്റ്റിട്ടത്. പിന്നാലെ നിരവധി പരാതികളും നിർദേശങ്ങളും ഇതിൽ നിറഞ്ഞു. ആദ്യ നാലുമണിക്കൂറിനുള്ളിൽ കമന്റുകളുടെ എണ്ണം 400 പിന്നിട്ടു.
വെള്ളിയാഴ്ച വൈകീട്ടോടെ 742 കമന്റുകളാണ് ഈ പോസ്റ്റിന് ലഭിച്ചത്. വിദ്യാഭ്യാസമേഖലയുമായി ബന്ധെപ്പട്ടായിരുന്നു ആദ്യദിനം ജനാഭിപ്രായം തേടിയത്. സ്കൂളിന്റെ മതിൽ ഇടിഞ്ഞത്, സ്കൂളിലേക്ക് പോകാൻ പാലമില്ലാത്തത്, വിദ്യാഭ്യാസ നിലവാരം അടക്കം നിരവധി പ്രതികരണമാണ് കാമ്പയിന് ലഭിച്ചതെന്ന് ജില്ല കലക്ടർ പറഞ്ഞു. പരാതികൾ പരിശോധിച്ച് മാസ്റ്റർ പ്ലാൻ തയാറാക്കാൻ വിദ്യാഭ്യാസവകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. ഇവയിൽ പരിഹരിക്കാൻ കഴിയുന്നവയിൽ ഉടൻ തീരുമാനമെടുക്കുമെന്നും ഇവർ പറഞ്ഞു. വിഷയവുമായി ബന്ധമില്ലാത്ത കമന്റുകളും ഏറെയാണ്.
വെള്ളിയാഴ്ച വൈകീട്ട് ആരോഗ്യമേഖലയെക്കുറിച്ച് പുതിയ പോസ്റ്റ് ഇട്ടിട്ടുണ്ട്. അടുത്തദിവസങ്ങളിലും വിവിധ വിഷയങ്ങളിൽ അഭിപ്രായം തേടാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

