പൊന്നുംവിലയിൽ വെളിച്ചെണ്ണ; കട്ടക്ക് വ്യാജനും
text_fieldsകോട്ടയം: വിപണിയിൽ വെളിച്ചെണ്ണ വില കുതിക്കുന്നതിനിടെ നേട്ടം കൊയ്യാൻ വ്യാജന്മാർ. ഓരോ ആഴ്ചയും ലിറ്ററിന് ശരാശരി കൂടുന്നത് 10 രൂപ വീതമാണ്. വിപണിയില്‍ പ്രധാന ബ്രാന്‍ഡുകളുടെ ചില്ലറവില 360 -380 രൂപ നിരക്കിലാണ്. നാടന്‍, ചക്കില്‍ ആട്ടിയത് എന്നിങ്ങനെയുള്ള വിവിധ പേരുകളില്‍ വരുന്ന കമ്പനികള്‍ ചിലത് 400 രൂപയും വാങ്ങുന്നു.
ഒരുമാസം മുമ്പ് 300 രൂപയിലായിരുന്ന വിലയാണ് അനുദിനം കുതിക്കുന്നത്. നേരത്തെ ഒരു ലിറ്റര്‍ വാങ്ങിയിരുന്നവര്‍ ഇപ്പോള്‍ അര ലിറ്ററാണ് വാങ്ങുന്നത്. പലരും, സൂര്യകാന്തി എണ്ണ, പാമൊയില്‍ എന്നിവയിലേക്കും മാറുകയാണ്. ഇതിനൊപ്പം എണ്ണ ഉപയോഗം കുറച്ചവരുമുണ്ട്.
വെളിച്ചെണ്ണ വില കുതിച്ചുയരാന്‍ തുടങ്ങിയതോടെ വ്യാജന്മാരും കളത്തിലിറങ്ങി.
വിലക്കുറവ് അന്വേഷിക്കുന്നവരെയാണ് വ്യാജന്മാര് ചാക്കിലാക്കുന്നത്. പല കടകളിലും ഓഫര്‍ എന്ന പേരിലും വ്യാജ വെളിച്ചെണ്ണ വില്പന നടക്കുന്നുണ്ട്. വ്യാജൻ ആളുകള്‍ കൂടുതല്‍ വാങ്ങിക്കാന്‍ തുടങ്ങിയതോടെ നല്ല വെളിച്ചെണ്ണ പുറത്തായി. പാം കെര്ണല് ഓയിലും മറ്റ് വിലകുറഞ്ഞ എണ്ണകള്‍ ചേര്‍ത്തതുമായ വെളിച്ചെണ്ണയാണ് വിലക്കുറവില്‍ ലഭിക്കുന്നത്.
ഇതിന് പുറമെ ശ്രീലങ്കയില്‍ നിന്ന് ഉള്‍പ്പെടെ വരുന്ന തേങ്ങാപ്പിണ്ണാക്ക് ലായകം ഉപയോഗിച്ച് വീണ്ടും ആട്ടിയെടുക്കുന്ന എണ്ണ ചേര്‍ത്തും വെളിച്ചെണ്ണ വിപണിയിലെത്തുന്നുണ്ട്. നിശ്ചിത അളവില്‍ മാത്രമാണ് ഇത്തരം മായം ഉപയോഗിക്കുന്നതെങ്കില്‍ ഇവയൊന്നും കണ്ടെത്താന്‍ സാധിക്കില്ലെന്നതാണ് യാഥാർഥ്യം. തേങ്ങ വില ഇനിയും വര്‍ധിച്ചാല്‍ വെളിച്ചെണ്ണ ഉപയോഗം എല്ലാവരും അവസാനിപ്പിക്കുമെന്നാണ് വ്യാപാരികളുടെ ആശങ്ക.
വില കുതിച്ചതോടെ വന്‍കിട കമ്പനികൾ നേട്ടം കൊയ്യുമ്പോള്‍, ചെറുകിട മില്ലുകാരും കമ്പനികളും വിയര്‍ക്കുകയാണ്. ആവശ്യത്തിന് കൊപ്ര കിട്ടാനില്ലെന്നതാണ് പ്രധാനകാരണം. കൊപ്ര വില, തൊഴില്‍, വൈദ്യുതിനിരക്ക് എന്നിവ അടിസ്ഥാനമാക്കുമ്പോള്‍ 400 രൂപക്ക് വിറ്റാല്‍പോലും നഷ്ടമാണെന്ന് ഇവര്‍ പറയുന്നു. ഇതോടെ, ചെറുകിട മില്ലുകാര്‍ പലരും പ്രവര്‍ത്തനം നിര്‍ത്തുകയാണ്. വില കൂടിയതോടെ, ചില്ലറ വില്‍പ്പനയില്‍ വന്‍ഇടിവ് സംഭവിച്ചതായും ഭക്ഷ്യസുരക്ഷ വകുപ്പിന്റെ ഭാഗത്തുനിന്നും യാതൊരു പരിശോധനയുമില്ലെന്നും വ്യാപാരികള്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

