ചെല്ലി ഭീഷണി; പ്രതീക്ഷ മങ്ങി കേരകർഷകർ
text_fieldsകോട്ടയം: തെങ്ങുകൾക്ക് സർവനാശ ഭീഷണിയായി കൊമ്പൻ, ചെമ്പൻ ചെല്ലികൾ. രാസ കീടനാശിനിയുടെ വില വർധനയിൽ പ്രതീക്ഷ മങ്ങി കേരകർഷകർ. ബ്ലോക്ക് പഞ്ചായത്തുകളുടെ കീഴിൽ നടത്തിയ കീടനാശിനികളുടെ വിതരണത്തിൽ ഫലപ്രാപ്തി ഉണ്ടായില്ലെന്ന് ആക്ഷേപം. ചെല്ലിശല്യത്തെ തുടർന്നും മറ്റ് കാരണങ്ങളാലും കർഷകർക്ക് വിതരണം ചെയ്ത ലക്ഷക്കണക്കിന് തെങ്ങിൻതൈകൾ നശിച്ചതായാണ് വിവരം. തെങ്ങിൻതൈകൾ വിതരണം ചെയ്യുന്നതല്ലാതെ അവയുടെ പരിപാലനത്തിനായി വകുപ്പ് കാര്യമായ നടപടികൾ സ്വീകരിക്കുന്നില്ല.
10 വര്‍ഷത്തിനുള്ളില്‍ പുതുതായി തെങ്ങുകൃഷിയിലേക്ക് ഇറങ്ങിയവരില്‍ ഭൂരിഭാഗം കർഷകരും ചെല്ലിശല്യം മൂലം പരാജയത്തിന്റെ വക്കിലാണ്. ഇപ്പോള്‍ ഇവയുടെ ശല്യം കമുകിലേക്കും പനയിലേക്കും എത്തിയിട്ടുണ്ട്. ചെല്ലികളെ പൂർണമായും നശിപ്പിക്കാൻ കൃഷിവകുപ്പിൽനിന്ന് നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം. ചെല്ലിയുടെ ആക്രമണം തടയാനുള്ള രാസകീടനാശിനികളുടെ ഉയര്‍ന്ന വില കര്‍ഷകരെ കടക്കെണിയിലാക്കുന്നു. ഇത് ഗുരുതര വിഷയമായിട്ടും കൃഷിവകുപ്പിന്റെ ഭാഗത്തുനിന്നു ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നും കർഷകർക്ക് ആക്ഷേപമുണ്ട്.
തെങ്ങിന്റെ വളപ്രയോഗ സമയത്ത് അനുവദിക്കാത്ത രാസകീടനാശിനികൾ ചെല്ലിശല്യത്തിന് പ്രതിരോധത്തിനുള്ള കീടനാശിനികളായി നൽകുകയാണെന്ന് കർഷകർ പറയുന്നു. ഈ കാലയളവിൽ വളം ലഭിച്ചിട്ട് ഉപയോഗമില്ലെന്നതാണ് കാരണം. ഇതുപോലെ പരിപാലനത്തിന് കോട്ടംതട്ടുന്നതും കേരകർഷകർക്ക് തിരിച്ചടിയാകുന്നുണ്ട്. ഒരു തെങ്ങിൻതൈ നടുന്നതിന്റെ പ്രാരംഭഘട്ടത്തിൽ തന്നെ 1000 രൂപ മുതലാണ് കർഷകന് ചെലവ് വരുന്നത്. തുടർന്നുള്ള പരിപാലന ചെലവും കാലക്രമേണ ഉയരുകയാണ്.
പാമ്പാടി, അയർക്കുന്നം, അകലക്കുന്നം, കൂരോപ്പട, മണിമല, മുണ്ടക്കയം കോരുത്തോട് തുടങ്ങിയ പ്രദേശങ്ങളിലെ ഭൂരിഭാഗം കർഷകരെയാണ് ചെല്ലിശല്യം പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. തെങ്ങിന്‍തൈകളില്‍ ചൊട്ടവീണ് കര്ഷകനില് പ്രതീക്ഷ മുളക്കുന്നതിനു മുമ്പേ ചെല്ലികളുടെ ഉപദ്രവം തുടങ്ങും.
തെങ്ങുകളെ വ്യാപകമായി ആക്രമിക്കുന്ന കൊമ്പൻ ചെല്ലികളും ചെമ്പൻ ചെല്ലികളും മലയോരമേഖലയിൽ തെങ്ങുകൾക്ക് സർവനാശ ഭീഷണിയായി മാറിയിരിക്കുകയാണ്. തെങ്ങ് തടിയാകുന്ന സമയം മുതൽ തണ്ടുതുരപ്പന്മാരും പണിതുടങ്ങും. തെങ്ങിന്റെ ചോറ് തിന്ന് വളർന്ന് തടിക്കുള്ളിൽ തന്നെ മുട്ടയിട്ട് പെരുകുന്ന ചെല്ലികൾ ആ പ്രദേശത്തെ സർവ തെങ്ങുകളെയും പിന്നീട് നശിപ്പിക്കുകയാണ് ചെയ്യുന്നത്. കൊമ്പൻ ചെല്ലിയുടെ ആക്രമണം കൂമ്പുചീയല്‍ ഉള്‍പ്പെടെയുള്ള രോഗങ്ങളും ഉണ്ടാക്കുന്നു. അഴുകുന്ന ജൈവവസ്തുക്കൾ, ചാണകം, കമ്പോസ്റ്റ്, പഴകിയ തെങ്ങിൻതടികൾ എന്നിവയിലാണ് ഇവ പെരുകുന്നത്. ഫിറമോൺ കെണിവെച്ച് ചെല്ലികളെ കെണിയിലേക്ക് ആകർഷിച്ച് നശിപ്പിക്കുന്നതോ മണ്ടപോയ പന, കമുക്, തെങ്ങ് ഇവ പറമ്പുകളില്‍ വെട്ടിയിട്ട് കത്തിച്ചുനശിപ്പിക്കുകയോ ആണ് ചെല്ലികളെ തുരത്താനുള്ള വഴികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

