സി.എം.എസ് കോളജ് സംഘർഷം; ഡിവൈ.എസ്.പിക്ക് വീഴ്ചയെന്ന് വിലയിരുത്തൽ
text_fieldsകോട്ടയം സി.എം.എസ് കോളജ് യൂണിയൻ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷം
കോട്ടയം: സി.എം.എസ് കോളജിൽ യൂനിയൻ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ എസ്.എഫ്.ഐ-കെ.എസ്.യു സംഘർഷം മണിക്കൂറുകളോളം നീണ്ടത് പൊലീസിന്റെ വീഴ്ച മൂലമെന്ന് സേനക്കകത്തെ വിലയിരുത്തൽ. ഇതിന്റെ ഫലമാണ് കോട്ടയം ഡിവൈ.എസ്.പി കെ.ജി. അനീഷിന് പത്തനംതിട്ട ക്രൈംബ്രാഞ്ചിലേക്കുള്ള സ്ഥലംമാറ്റം. വൈകീട്ട് നാലോടെ ആരംഭിച്ച സംഘർഷാവസ്ഥക്ക് ശമനമുണ്ടായത് രാത്രി 11ഓടെ മാത്രമാണ്. ഈ സമയം മുഴുവൻ, ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പൊലീസ് കാമ്പസിലുണ്ടായിട്ടും ഇരുവിഭാഗങ്ങളെയും പിരിച്ചുവിടാനായില്ല. ഭരണകക്ഷി നേതാക്കൾ കാമ്പസിലുള്ളപ്പോഴാണ് കോളജിനുപുറത്തുനിന്ന് കല്ലേറുണ്ടായത്.
ഇത് നിയന്ത്രിക്കാനും പൊലീസിന് കഴിഞ്ഞില്ല. കോളജ് ഗേറ്റിനുമുന്നിൽ സി.പി.എം ജില്ല സെക്രട്ടറിയുടെ വാഹനത്തിനുനേരെ ആക്രമണമുണ്ടായി. സി.പി.എം നേതാക്കളെല്ലാം സ്ഥലത്തുണ്ടായിട്ടും ചർച്ച നടത്തി പ്രശ്നം പരിഹരിക്കാൻ പൊലീസ് ശ്രമിച്ചില്ല. ജില്ല പൊലീസ് മേധാവി എത്തിയ ശേഷമാണ് ഇരുവിഭാഗങ്ങളുമായി ഒത്തുതീർപ്പിലെത്തിയത്. ഇത് നേരത്തെ ചെയ്തിരുന്നെങ്കിൽ മണിക്കൂറുകളോളം കാമ്പസ് യുദ്ധക്കളമാകില്ലായിരുന്നു എന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിരീക്ഷണം. കഴിഞ്ഞ മാസം 21നാണ് യൂനിയൻ തെരഞ്ഞെടുപ്പിനിടെ കോളജിൽ സംഘർഷമുണ്ടായത്. മൂന്നുപതിറ്റാണ്ടിനുശേഷം കോളജ് ഭരണം കെ.എസ്.യു പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
സംഘർഷത്തിനിടെ വോട്ടിങ് നടക്കുന്ന ഹാളിലേക്ക് അതിക്രമിച്ചുകടക്കാൻ ശ്രമിച്ച എസ്.എഫ്.ഐക്കാർക്കുനേരെ ഡിവൈ.എസ്.പി ലാത്തിവീശി. ഇതിനെ എസ്.എഫ്.ഐ അപ്പോൾ തന്നെ ചോദ്യം ചെയ്തിരുന്നു. കെ.എസ്.യുവിന്റെ വിജയം മുന്നിൽ കണ്ടതോടെ ഏതുവിധേനയും തെരഞ്ഞെടുപ്പ് മാറ്റിവെപ്പിക്കുക എന്ന ലക്ഷ്യവുമായി എസ്.എഫ്.ഐ ഒരുവശത്തും അതിനെ പ്രതിരോധിക്കാൻ കോളജ് മാനേജ്മെൻറും പൊലീസും മറുവശത്തും നിൽക്കുന്നതാണ് കാമ്പസിൽ കണ്ടത്. ഡിവൈ.എസ്.പിയും കോളജ് മാനേജ്മെൻറും ചേർന്ന് കെ.എസ്.യുവിനെ സഹായിച്ചു എന്ന് എസ്.എഫ്.ഐ ആരോപണമുയർത്തിയത് ഈ സാഹചര്യത്തിലാണ്.
എന്നാൽ തങ്ങൾ ഡിവൈ.എസ്.പിക്കെതിരെ പരാതി നൽകിയിട്ടില്ലെന്ന് എസ്.എഫ്.ഐ നേതൃത്വം പറയുന്നു. അതേ സമയം, തെരഞ്ഞെടുപ്പിനു മുന്നോടിയായ സ്ഥലംമാറ്റമാണിതെന്നാണ് അധികൃതരുടെ വിശദീകരണം. സംസ്ഥാനത്തൊട്ടാകെ 12 ഡിവൈ.എസ്.പിമാർക്ക് മാറ്റമുണ്ട്. ജില്ലക്കാരായ രണ്ട് ഡിവൈ.എസ്.പിമാർ കൂടി കോട്ടയത്തുണ്ട്. തദ്ദേശതെരഞ്ഞെടുപ്പിനുമുമ്പ് അവരെയും മാറ്റുമെന്നാണ് പറയുന്നത്. വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടിയ ഉദ്യോഗസ്ഥനാണ് വൈക്കം മറവന്തുരുത്ത് സ്വദേശിയായ കെ.ജി. അനീഷ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

