കെ.എസ്.ആർ.ടി.സിയിൽ ക്ലസ്റ്റർ സംവിധാനമായി
text_fieldsകോട്ടയം: ജില്ലയിൽ കെ.എസ്.ആർ.ടി.സി ക്ലസ്റ്റർ സംവിധാനം നിലവിൽവന്നു. ഇതോടെ ജില്ലയിലെ ഏഴു ഡിപ്പോകളും കോട്ടയം, പാലാ എന്നിങ്ങനെ ക്ലസ്റ്റർ രൂപവത്കരിച്ച് അതിനുകീഴിലാക്കി. കോട്ടയം, ചങ്ങനാശ്ശേരി, വൈക്കം ഡിപ്പോകൾ കോട്ടയം ക്ലസ്റ്ററിന്‍റെ കീഴിലും പാലാ, പൊൻകുന്നം, ഈരാറ്റുപേട്ട, എരുമേലി ഡിപ്പോകൾ പാലാ ക്ലസ്റ്ററിന്‍റെ കീഴിലുമാണ്.
ജില്ല അഡ്മിനിസ്ട്രേഷൻ ഓഫിസ് തിങ്കളാഴ്ച മുതൽ താൽക്കാലികമായി ചങ്ങനാശ്ശേരി ഡിപ്പോയിൽ തുടങ്ങി. കോട്ടയത്ത് ഡിപ്പോ നിർമാണം നടക്കുന്നതിനാലാണ് ഓഫിസ് ചങ്ങനാശ്ശേരിയിൽ തുടങ്ങിയത്. നിർമാണം പൂർത്തിയായാൽ കോട്ടയത്തേക്കുമാറ്റും. ഡി.ടി.ഒ ഓഫിസ് കോട്ടയത്തുതന്നെ തുടരും. ചീഫ് ഓഫിസിലെ പെൻഷൻ ആൻഡ് ഓഡിറ്റ് വിഭാഗം മേധാവി ചിന്‍റു കുര്യനാണ് അഡ്മിനിസ്ട്രേഷൻ ഓഫിസിന്‍റെ ചുമതല. അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസറുടെ നിയന്ത്രണത്തിലായിരിക്കും ജില്ലയിലെ ഏഴ് ഓപറേറ്റിങ് സെന്‍ററുകളുടെയും പ്രവർത്തനം. എല്ലാ ഡിപ്പോകളോടും ചേർന്ന് ദൈനംദിന അറ്റകുറ്റപ്പണി അതത് ഡിപ്പോകളിൽതന്നെ ചെയ്യണം.
വലിയ അറ്റകുറ്റപ്പണി പാലായിലെ മേജർ വർക്ഷോപ്പിലും. ഇതിനായി ഡിപ്പോകളിലെ മെക്കാനിക്കുമാരെ പാലായിലെ വർക്ഷോപ്പിലേക്ക് മാറ്റി. ഡിപ്പോകളിലെ പ്രധാന ഉദ്യോഗസ്ഥരെ ജില്ല ഭരണനിർവഹണ ഓഫിസുകളിലേക്ക് മാറ്റി. സൂപ്രണ്ടും ടിക്കറ്റ്, കാഷ് കൗണ്ടറും സ്റ്റേഷൻ മാസ്റ്ററും മാത്രമേ ഡിപ്പോകളിലുണ്ടാകുകയുള്ളൂ. കെ.എസ്.ആർ.ടി.സിയെ ലാഭത്തിലാക്കാനുള്ള സുശീൽ ഖന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ മാറ്റങ്ങൾ.
നേരത്തേ ഡിപ്പോകളിൽനിന്നുള്ള ബസുകൾ ഒരേസമയം ഓപറേറ്റ് ചെയ്യുന്നതിനാൽ സർവിസുകൾ നഷ്ടത്തിലായിരുന്നു. ക്ലസ്റ്ററുകൾക്ക് കീഴിലാവുമ്പോൾ ഈ പ്രശ്നം ഒഴിവാക്കാനും കാര്യക്ഷമത വർധിപ്പിക്കാനും കഴിയുമെന്നാണ് അധികൃതരുടെ നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

