ശുചീകരണം താളം തെറ്റി; പാതയോരങ്ങളിൽ മാലിന്യക്കൂമ്പാരം
text_fieldsകൊടുങ്ങൂരിൽ ദേശീയപാതയോരത്ത് ടി.എം.എം ആശുപത്രിക്ക് സമീപത്തെ മാലിന്യം
വാഴൂർ: മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ വാഴൂരിൽ താളം തെറ്റിയപ്പോൾ പാതയോരങ്ങളിൽ മാലിന്യം കെട്ടിക്കിടക്കുന്നു. വാഴൂർ പഞ്ചായത്തിന്റെ ആസ്ഥാനമായ കൊടുങ്ങൂരിൽ പ്രധാന പാതയോരങ്ങളിലെല്ലാം മാലിന്യം നിറഞ്ഞിരിക്കുകയാണ്.
പഞ്ചായത്ത് ഓഫിസിൽനിന്ന് നോക്കിയാൽ കാണാവുന്ന ദൂരത്തിലുള്ള മണിമല റോഡിലെ ഗവ. ഹൈസ്കൂളിന് സമീപം മാലിന്യം കുന്നുകൂടി. ദേശീയപാതയിൽ തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയുടെ മുൻഭാഗത്തെ വളവും സമീപപ്രദേശങ്ങളും സ്ഥിരം മാലിന്യ നിക്ഷേപകേന്ദ്രമായി. ഇവിടെ പാതയോരത്ത് മാലിന്യം നിരന്നുകിടക്കുകയാണ്. മൂക്കുപൊത്താതെ ഇതുവഴി പോകാൻ കഴിയില്ല.
പഞ്ചായത്തിലെ മാലിന്യം നീക്കം ചെയ്യൽ കാര്യക്ഷമമല്ലെന്ന ആക്ഷേപം ശക്തമാണ്. മഴ ആരംഭിച്ചതോടെ മാലിന്യത്തിൽനിന്ന് സാംക്രമിക രോഗങ്ങൾ പടരുമോ എന്ന ആശങ്കയും ഉണ്ട്. പാതയോരത്ത് നിരന്നുകിടക്കുന്ന മാലിന്യം തെരുവുനായ് ശല്യം വർധിക്കാനും കാരണമാകുന്നു. കാക്കയും മറ്റും മാലിന്യങ്ങൾ കൊത്തിവലിച്ച് സമീപത്തെ കിണറുകളിലിടുന്നതിനാൽ കുടിവെള്ളം മലിനമാകുന്നതായി നാട്ടുകാർ പറയുന്നു.
മഴക്കാലം ആരംഭിച്ചതോടെ പൊതുജനാരോഗ്യം കണക്കിലെടുത്ത് പൊതുസ്ഥലങ്ങളിലെ മാലിന്യം നീക്കം ചെയ്യാൻ പഞ്ചായത്ത് അടിയന്തര നടപടികൾ സ്വീകരിക്കണം. പൊതുസ്ഥലത്തെ മാലിന്യ നിക്ഷേപം തടയാൻ പഞ്ചായത്ത് നടപടികൾ സ്വീകരിക്കുകയും കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുകയും വേണമെന്ന് പരിസരവാസികൾ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

