വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനിടെ സംഘർഷം: കച്ചവടക്കാരി തിളച്ച പാൽ ഒഴിച്ചു; കൗൺസിലർമാർക്കും ജീവനക്കാർക്കും പരിക്ക്
text_fieldsറെയിൽവേ സ്റ്റേഷനു മുന്നിൽ ഫുട്പാത്ത് കൈയേറി കച്ചവടം നടത്തിയവരെ ഒഴിപ്പിക്കുമ്പോൾ
ജീവനക്കാർക്ക് നേരെ തിളച്ച പാൽ ഒഴിക്കുന്നു
ചെങ്ങന്നൂർ: ശബരിമല തീർഥാടനത്തോടനുബന്ധിച്ച് വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനിടെ വാക്കേറ്റവും സംഘർഷവും. കച്ചവടക്കാരി ഒഴിച്ച തിളപ്പിച്ച പാൽ ദേഹത്തുവീണ് കൗൺസിലർമാർക്കും ജീവനക്കാർക്കും പരിക്കേറ്റു. ആരോഗ്യസമിതി ചെയർപേഴ്സൻ ടി. കുമാരി, കൗൺസിലർ ശോഭ വർഗീസ്, ക്ലീൻ സിറ്റി മാനേജർ ഇൻ ചാർജ് സി. നിഷ, ശുചീകരണ തൊഴിലാളികളായ എൻ. മുത്തുക്കുട്ടി, ബി. സുര, വി. ജോസഫ് എന്നിവർക്കാണ് പരിക്ക്. പൊലീസുകാരുടെയും നാട്ടുകാരുടെയും ദേഹത്ത് ചൂടുപാൽ വീണു.
റെയിൽവേ സ്റ്റേഷൻ മുതൽ വെള്ളാവൂർ കവല വരെയും ഷൈനി വിൽസൻ റോഡുൾപ്പെടെ 200 മീ. വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കണമെന്ന കൗൺസിലിന്റെ തീരുമാനമനുസരിച്ചായിരുന്നു നടപടി. ശനിയാഴ്ച വൈകീട്ട് 3.30ഓടെയാണ് സി. നിഷയുടെ നേതൃത്വത്തിൽ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള നടപടികളാരംഭിച്ചത്.
റെയിൽവേ സ്റ്റേഷനുമുന്നിൽ ഫുട്പാത്ത് അടച്ച് കച്ചവടം നടത്തിയവരെ ഒഴിപ്പിക്കുന്നതിനിടയിലാണ് സംഘർഷമുണ്ടായത്. കച്ചവടം നടത്തിയിരുന്ന തിട്ടമേൽ മോഴിയാട്ട് പ്രസന്നയും മകൾ രാഖി ദിലീപും ചേർന്ന് ജീവനക്കാരുമായി തർക്കത്തിലായി. ഇതിനിടയിൽ രാഖി ദിലീപ് തിളച്ച പാലെടുത്ത് ഒഴിക്കുകയായിരുന്നു.
തിളച്ച എണ്ണകൂടി ഒഴിക്കാനുള്ള ശ്രമം ജീവനക്കാരും പൊലീസും ഇടപെട്ട് തടഞ്ഞു. ഇതിനിടയിൽ വഴിയോര കച്ചവടക്കാരുടെ സംഘടനയിലെ സി.പി.എം നേതാക്കളെത്തി ജീവനക്കാരെ തടയാൻ ശ്രമിച്ചു. സംഘർഷത്തെതുടർന്ന് നഗരസഭയിൽനിന്ന് ചെയർപേഴ്സൻ സൂസമ്മ എബ്രഹാം, വൈസ് ചെയർമാൻ മനീഷ് കീഴാമഠത്തിൽ, സ്ഥിരം സമിതി ചെയർപേഴ്സന്മാരായ മിനി സജൻ, റിജോ ജോൺ ജോർജ്, ടി. കുമാരി, അശോക് പടിപ്പുരയ്ക്കൽ, ശ്രീദേവി ബാലകൃഷ്ണൻ എന്നിവരും കൗൺസിലർമാരുമെത്തി.
ചെയർപേഴ്സനും വൈസ് ചെയർമാനുമെതിരെ പ്രതിഷേധവുമായി സി.പി.എമ്മുകാരെത്തിയെങ്കിലും സി.ഐ എ.സി. വിപിന്റെ നേതൃത്വത്തിലുള്ള സംഘം ഇടപെട്ട് രംഗം ശാന്തമാക്കുകയും തടയാൻ ശ്രമിച്ചവരെ സംഭവസ്ഥലത്തുനിന്ന് നീക്കുകയുമായിരുന്നു. തുടർന്ന് കച്ചവടം നടത്തിയിരുന്ന പ്രസന്നയും രാഖിയും സാധനങ്ങൾ വഴിയരികിൽനിന്ന് എടുത്തുമാറ്റി കച്ചവടം അവസാനിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

