വൈറൽ സ്റ്റാറായി 'ഒമിക്രോണ്‍': ക്രിസ്മസ് വിപണി സജീവം
text_fieldsകോട്ടയം: ഒമിക്രോണ്‍ എന്ന് കേള്‍ക്കുമ്പോള്‍ എല്ലാവരും ഒന്നു ഭയക്കുമെങ്കിലും ഈ 'ഒമിക്രോണിന്' ക്രിസ്മസ് വിപണിയിൽ പ്രിയമേറുന്നു. വ്യത്യസ്തമായ നക്ഷത്രങ്ങള്‍ വാങ്ങാൻ എത്തുന്നവരിൽ ഒമിക്രോണ്‍ എന്ന ഇത്തിരിക്കുഞ്ഞന് നക്ഷത്രത്തിന് വൻ ഡിമാൻഡാണ്. കോവിഡ് വകഭേദമായ ഒമിക്രോണ്‍ വ്യാപിക്കുമ്പോള്‍ അതിെൻറ രൂപത്തിലുള്ള നക്ഷത്രങ്ങള്‍ വിപണിയില്‍ എത്തുന്നത് ആളുകളില്‍ കൗതുകം ഉണർത്തുന്നു.
മുംബൈയില്‍നിന്ന് എത്തുന്ന ഈ ഇത്തിരിക്കുഞ്ഞന് കഞ്ഞിക്കുഴി പിങ്കി ലേഡീസ് സ്റ്റോറിലാണ് ഉള്ളത്. സ്വര്ണനിറത്തില് നിരവധി കാലുകളുള്ള നക്ഷത്രത്തിന് 125 രൂപയാണ് വില.
ഫോയില്പേപ്പറുകള് കൊണ്ടാണ് നിര്‍മിക്കുന്നത്. പേരിലെ വ്യത്യസ്തയും രൂപവും കൊണ്ട് ഇത്തിരിക്കുഞ്ഞന് ആളുകളെ ആകര്‍ഷിക്കുന്നു. ആദ്യം കൊണ്ടുവന്ന ഒമിക്രോണ്‍ സ്റ്റോക്ക് തീര്‍ന്നതുകൊണ്ട് രണ്ടാമത്തെ സ്റ്റോക്ക്് കടയിലെത്തിച്ച് വിപണം നടത്തുകയാണെന്ന് കടയുടമ ഫിലിപ് പറഞ്ഞു.
നീണ്ട വാലുകള്‍ ഉള്ള പരമ്പരാഗ വാല്‍നക്ഷത്രങ്ങള്‍ക്കും ആളുകള്‍ കൂടുതലായും എത്തുന്നുണ്ട്. എട്ടും പത്തും കാലുകളുള്ള നക്ഷത്രങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറെയാണെന്നും അദ്ദേഹം പറഞ്ഞു.
ക്രിസ്മസ് വിപണിക്കൊരുങ്ങി കേക്കുകൾ
കോട്ടയം: ക്രിസ്മസ് വിപണി കീഴടക്കി കേക്കുകൾ. ബേക്കറികളിലും ബോർമകളിലും കേക്കുകളുടെ നിർമാണം ആരംഭിച്ചു. മുൻവർഷങ്ങളിൽ നവംബർ അവസാനവാരത്തോടെ ആരംഭിക്കുന്ന കേക്ക് നിർമാണം ഇത്തവണ താമസിച്ചാണ് പലയിടങ്ങളിലും ആരംഭിച്ചത്. ഓർഡറുകളും ലഭിച്ചുതുടങ്ങിയതായി ബേക്കറി-ബോർമ ഉടമകൾ പറയുന്നു.
കേക്ക് പ്ലം തന്നെ....
സാധാരണയായി ജന്മദിനം, ആനിവേഴ്സറി തുടങ്ങിയ വിശേഷങ്ങൾക്കായി കേക്കുകൾ ലഭ്യമാണെങ്കിലും ക്രിസ്മസ് എത്തുന്നതോടെ പ്ലം കേക്കിനാണ് വിപണിയിൽ ഡിമാൻഡ്. കൂടുതൽ ആവശ്യക്കാർ പ്ലം കേക്കിനാണെന്ന് വ്യാപാരികളും പറയുന്നു. പിന്നീട് ആവശ്യക്കാർ ഉള്ളത് മാർബിൾ കേക്കിനാണ്. കൂടുതൽ ട്രെൻഡിങ്ങായ കേക്കുകൾ കാരറ്റ്, പൈനാപ്പിൾ, അൽമോണ്ട് എന്നിവയാണ്.
വീടുകളിൽ പലരും കേക്ക് നിർമാണം ആരംഭിച്ചതിനാൽ കടകളിലെ വിപണിയിൽ പതിവ് തിരക്ക് കുറവാണ്. പ്ലം കേക്ക് -കിലോ 240, മാർബിൾ കേക്ക് -260, കാരറ്റ്, പൈനാപ്പിൾ, അൽമോണ്ട് തുടങ്ങിയവ -400 രൂപ മുതൽ ലഭ്യമാണ്. സ്കൂൾ, കോളജ്, സംഘടനകൾ, പള്ളികൾ, മറ്റ് ആവശ്യക്കാർ എന്നിവരുടെ ഓർഡറുകൾ ലഭിച്ചു തുടങ്ങുന്നതോടെ വിപണി സജീവമാകും. കൂടാതെ, മേളകളും പ്രത്യേകം സ്റ്റാളുകളും വരും ദിവസങ്ങളിൽ സജീവമാകുമെന്ന് വ്യാപാരികൾ പറയുന്നു.
ഒരുങ്ങുന്നു, നാടും നഗരവും
കട്ടപ്പന: നാടും നഗരവും ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്ക് ഒരുങ്ങുകയാണ്. വിപണിയിൽ തിരക്ക് തുടങ്ങി. എന്തിനും ഏതിനും ഒാഫർ നൽകി ഉപഭോക്താക്കളെ ആകർഷിക്കാൻ വ്യാപാരികൾ മത്സരിക്കുകയാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ആഘോഷങ്ങള്‍ക്ക് ഇളവ് കിട്ടിയതിെൻറ ആശ്വാസം എങ്ങുമുണ്ട്. കരോള്‍ ഗാന മത്സരങ്ങളുമായി ക്രൈസ്തവ ദേവാലയങ്ങളും സജീവമാണ്.
പലയിടത്തും പ്രാരംഭ ആഘോഷ പരിപാടികളും ചടങ്ങുകളും തുടങ്ങിക്കഴിഞ്ഞു. ക്രിസ്മസ് ട്രീയും പുല്‍ക്കൂടും അലങ്കാര വിളക്കുകളും നക്ഷത്രവെളിച്ചവമായി ക്രിസ്മസിനെയും പുതുവത്സരത്തെയും വരവേൽക്കാൻ വീടുകൾ ഒരുങ്ങി. കോവിഡിെൻറ ഭീതി അകന്നുനിൽക്കുേമ്പാൾ വിലക്കയറ്റത്തിെൻറ ആശങ്കയാണ് ഇത്തവണ ആഘോഷങ്ങളുടെ തിളക്കം കുറക്കുന്നത്. ക്രിസ്മസ് ട്രീയും പുൽക്കൂടും മുതൽ കരോള്‍ സാമഗ്രികൾക്കും അലങ്കാര വസ്തുക്കള്‍ക്കുമെല്ലാം വില ഉയർന്നുതന്നെ. വലുപ്പമനുസരിച്ച് 2500 മുതല്‍ 10,000 രൂപ വരെയാണ് ക്രിസ്തുമസ് ട്രീയുടെ വില. ഗ്രാമപ്രദേശങ്ങളില്‍ വില പിന്നെയും കൂടും. ചെറിയ അലങ്കാര നക്ഷത്രങ്ങള്‍, ക്രിസ്മസ് അപ്പൂപ്പന്, വര്ണപ്പന്തുകള്, ബലൂണ്‍ എന്നിവക്കും ഇത്തവണ വില കൂടുതലാണ്. തോരണങ്ങള്‍ക്ക് 25 മുതല്‍ 100 രൂപ വരെ വിലയുണ്ട്. സാമാന്യം നീളമുള്ള എല്‍.ഇ.ഡി മാലകള്‍ക്ക് 400 മുതല്‍ 1000 രൂപ വരെ കൊടുക്കണം. ചെറിയവക്ക് 100 രൂപ മുതലാണ് വില. ക്രിസ്മസ് അപ്പൂപ്പെൻറ മുഖംമൂടിക്ക് 500 രൂപയിലധികമാണ്.
വില കൂടുതലാണെങ്കിലും അലങ്കാര വസ്തുക്കള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണെന്ന് വ്യാപാരികൾ പറയുന്നു. അടുത്തയാഴ്ച പുതുവത്സരത്തെ വരവേൽക്കാൻ ആളുകൾ കൂടുതലായി വിപണിയിൽ എത്തുന്നത്തോടെ വില അൽപം കൂടിയേക്കാമെന്നും സൂചനയുണ്ട്.
നിത്യോപയോഗ സാധനങ്ങൾക്കും പഴം, പച്ചക്കറികൾക്കും മത്സ്യം, മാംസം എന്നിവക്കും വില കൂടുതലായതിനാൽ ഇൗ ആഘോഷക്കാലത്ത് പലരുടെയും കുടുംബ ബജറ്റ് താളംതെറ്റും.
കേക്ക് വിപണി സജീവം
അടിമാലി: ക്രിസ്മസിന് ദിവസങ്ങൾ മാത്രം ശേഷിക്കെ കേക്ക് വിപണി സജീവമാണ്. രുചിയൂറും കേക്കുകളാണ് ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്ക് എപ്പോഴും കൊഴുപ്പേകുന്നത്. വഴിയോര കച്ചവട കേന്ദ്രങ്ങളിലും ബേക്കറികളിലും ഇതര വ്യാപാര ശാലകളിലുമെല്ലാം രുചിയുടെ വകഭേദം തീര്‍ത്ത് കേക്കുകള്‍ നിറഞ്ഞുകഴിഞ്ഞു.
ക്യാരറ്റ് കേക്ക്, പൈനാപ്പിള്‍ കേക്ക്, ചോക്ലേറ്റ് കേക്ക്, മാര്‍ബിള്‍ കേക്ക് തുടങ്ങി വൈവിധ്യമാർന്ന ഇനങ്ങൾ വിപണിയിലുണ്ടെങ്കിലും പ്ലം കേക്കിനാണ് ആവശ്യക്കാര്‍ ഏറെ. 700 ഗ്രാം കേക്കിന് 235 രൂപയാണ് ശരാശരി വില. 350 ഗ്രാമിന് 120 രൂപയും.
700 ഗ്രാം കേക്കിെൻറ കുറഞ്ഞ വില 180 രൂപയാണ്. കോവിഡ് കവര്‍ന്ന കഴിഞ്ഞ ക്രിസ്മസ് കാലത്തെ അപേക്ഷിച്ച് കേക്ക് വില്പനയില് വര്‍ധനയുണ്ടെന്ന് കച്ചവടക്കാര്‍ പറയുന്നു. വരും ദിവസങ്ങളില്‍ കേക്ക് വിപണി കൂടുതല്‍ സജീവമാകുമെന്നാണ് പ്രതീക്ഷ.
ക്രമക്കേട് കണ്ടെത്താൻ സ്ക്വാഡ്
തൊടുപുഴ: ക്രിസ്മസ്-പുതുവത്സര ആഘോഷത്തോട് അനുബന്ധിച്ച് പൊതുവിപണിയിലെ ക്രമക്കേട് തടയാൻ ജില്ലയിൽ ലീഗൽ മെട്രോളജി വകുപ്പിെൻറ പ്രേത്ര്യക സ്ക്വാഡ് പരിശോധന തുടങ്ങി. അമിത വില ഈടാക്കുക, മുദ്ര പതിക്കാതെ അളവ് തൂക്ക ഉപകരണങ്ങൾ ഉപയോഗിക്കുക, തൂക്കത്തിലും അളവിലും തട്ടിപ്പ് നടത്തുക, എം.ആർ.പി ഉൾപ്പെടെ രേഖപ്പെടുത്താത്ത പാക്കറ്റുകൾ വിൽപനക്കായി പ്രദർശിപ്പിക്കുകയോ സൂക്ഷിക്കുകയോ ചെയ്യുക, രേഖപ്പെടുത്തിയ വില തിരുത്തുക തുടങ്ങിയ നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പരാതിപ്പെടാം. സ്ഥാപനത്തിൽ ഉപയോഗിക്കുന്ന അളവുതൂക്ക ഉപകരണം യഥാസമയം മുദ്രപതിപ്പിച്ചവ ആയിരിക്കണം. ഉപഭോക്താവിന് തൂക്കം കൃത്യമായി കാണാവുന്ന വിധത്തിലാകണം ത്രാസ് ഉപയോഗിക്കേണ്ടത്. പരാതികൾ അറിയിക്കാൻ: അസി. കൺട്രോളർ -തൊടുപുഴ താലൂക്ക് 8281698053, പീരുമേട് താലൂക്ക് ഇൻസ്പെക്ടർ- 8281698053, ദേവികുളം താലൂക്ക് ഇൻസ്പെകടർ-8281698055, ഇടുക്കി താലൂക്ക് ഇൻസ്പെക്ടർ- 9400064084, ഉടുമ്പൻചോല താലൂക്ക് ഇൻസ്പെക്ടർ-8281698054, ഡെപ്യൂട്ടി കൺട്രോളർ ഫ്ലയിങ് സ്ക്വാഡ്-828169805.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

