ബാലഭിക്ഷാടനം: ആന്ധ്ര സ്വദേശികളായ നാല് കുട്ടികളെ രക്ഷിച്ചു
text_fieldsകോട്ടയം: നഗരത്തിൽ റെയിൽവേ സ്റ്റേഷനുസമീപം ഭിക്ഷാടനം നടത്തിയ നാലു കുട്ടികളെ രക്ഷിച്ചു. ആന്ധ്രയിൽനിന്നുള്ള മൂന്ന്, അഞ്ച്, ഏഴ്, 12 വയസ്സുള്ള ആൺകുട്ടികളെയാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതരും ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റ് അധികൃതരും ചേർന്ന് സംരക്ഷണകേന്ദ്രത്തിലെത്തിച്ചത്.
കുട്ടികളെ ഭിക്ഷാടന മാഫിയ ഉപയോഗിച്ചതാണെന്നാണ് വിവരം. ഇതുസംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. തെലുങ്ക് ഭാഷയാണ് കുട്ടികൾ സംസാരിച്ചിരുന്നത്. ഇവർക്കൊപ്പമുണ്ടായിരുന്ന മാതാപിതാക്കളെന്ന് അവകാശപ്പെട്ട മുതിർന്നവരെ വിട്ടയച്ചു. മക്കളാണെന്ന് തെളിയിക്കാനുള്ള രേഖയുമായി എത്തിയാൽ കുട്ടികളെ തിരിച്ചുനൽകാമെന്ന് അറിയിച്ചാണ് വിട്ടയച്ചത്.
ഓണത്തോടനുബന്ധിച്ച് ട്രെയിനിൽ എത്തിയതാണ് കുട്ടികളെന്നു കരുതുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഹോട്ടലുകാർ കുട്ടികൾക്ക് ഭക്ഷണം നൽകിയിരുന്നു. റെയിൽവേ സ്റ്റേഷനു സമീപത്തെ ഹോട്ടലിലെത്തുന്നവരുടെ മുന്നിലും വാഹനങ്ങൾക്കു സമീപവും എത്തി ഭിക്ഷതേടുകയായിരുന്നു കുട്ടികൾ.ഇക്കാര്യം ശ്രദ്ധയിൽപെട്ടവർ ചൈൽഡ്ലൈനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കുട്ടികളെയും ഒപ്പമുള്ളവരെയും ശിശുസംരക്ഷണ കേന്ദ്രത്തിൽ എത്തിച്ചു.
കുട്ടികളുടെ കൃത്യമായ പേര്, പ്രായം, സ്വദേശം, മേൽവിലാസം തുടങ്ങി ഒരുവിവരങ്ങളും ഔദ്യോഗിക രേഖകളും ഇവരിൽനിന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കുട്ടികളെ താൽക്കാലികമായി കോട്ടയത്തെ സംരക്ഷണ കേന്ദ്രത്തിൽ പരിപാലിക്കാനാണ് തീരുമാനം.ആന്ധ്ര സർക്കാറുമായി ബന്ധപ്പെട്ട് കുട്ടികളുടെ കാര്യത്തിൽ തീരുമാനമെടുക്കുമെന്നും ജില്ലയിൽ ബാലഭിക്ഷാടനം സംബന്ധിച്ച പരിശോധനകൾ ശക്തമാക്കുമെന്നും ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

