ചേര്‍പ്പുങ്കല്‍ സമാന്തരപാലം; ഡിസംബര്‍ 25ന് മുമ്പ് തുറന്നുകൊടുക്കും
text_fieldsപാലാ: മീനച്ചിലാറിന് കുറുകെ യാഥാർഥ്യമാകുന്ന ചേര്‍പ്പുങ്കല്‍ സമാന്തരപാലത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ച് ഡിസംബര്‍ 25ന് മുമ്പായി ഗതാഗതത്തിന് തുറന്നുകൊടുക്കാന്‍ നടപടി സ്വീകരിക്കുമെന്ന് എം.എല്‍.എമാരായ അഡ്വ. മോന്‍സ് ജോസഫ് , മാണി സി. കാപ്പന് എന്നിവര്‍ അറിയിച്ചു.
ചേര്‍പ്പുങ്കല്‍ പുതിയ പാലത്തിന്റെ അന്തിമഘട്ടത്തിലുള്ള കോണ്‍ക്രീറ്റ് ജോലികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ചേര്‍പ്പുങ്കല്‍ പാലത്തിന് നാല് സ്പാനുകളാണ് മൊത്തത്തിലുള്ളത്.
മൂന്നാമത്തെ സ്പാനിന്റെ അവശേഷിച്ചിരുന്ന കോണ്‍ക്രീറ്റും നാലാമത്തെ സ്പാനിന്റെ പൂര്‍ണമായ കോണ്‍ക്രീറ്റുമാണ് പൂർത്തിയായത്. പാലത്തിനുവേണ്ടിയുള്ള ബീമുകളുടെ നിർമാണം നേരത്തേ പൂര്‍ത്തീകരിച്ചിരുന്നു.
ഇതോടെ ചേര്‍പ്പുങ്കല്‍ സമാന്തരപാലത്തിന്റെ 133 മീറ്റര്‍ നീളം വരുന്ന സ്ട്രക്ചറല്‍ ജോലികള്‍ പൂര്‍ത്തീകരിച്ചതായി എം.എല്‍.എമാര്‍ അറിയിച്ചു. പാലത്തിന്റെ ഇരുവശവുമുള്ള ഹാന്‍ഡ് റൈലുകളുടെ നിർമാണപ്രവര്‍ത്തനങ്ങളും ഇതോടൊപ്പം ആരംഭിച്ചിട്ടുണ്ട്. പാലത്തിന്റെ ഇരുവശവുമുള്ള അപ്രോച് റോഡുകളില്‍ മണ്ണ് നിറക്കുന്നതിനുള്ള ജോലികള്‍ ഉടൻ പൂര്‍ത്തിയാക്കും.
ഇതേതുടര്‍ന്ന് അപ്രോച് റോഡിന്റെ നിർമാണപ്രവര്‍ത്തനങ്ങളും ടാറിങ്ങും ആരംഭിക്കും. നിലവിലുള്ള പഴയപാലം നവീകരിക്കും. പുതിയപാലം ഗതാഗതത്തിന് തുറന്നുകൊടുത്ത ശേഷം പഴയപാലത്തിന്റെ നിർമാണം നടപ്പാക്കാനാണ് തീരുമാനം.
എം.എല്‍.എമാരുടെ സന്ദര്‍ശനത്തിലും ഇതുസംബന്ധിച്ച് വിളിച്ച യോഗത്തിലും ജില്ല പഞ്ചായത്ത് അംഗം ജോസ്മോന് മുണ്ടയ്ക്കല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഡോ. മേഴ്സി ജോണ്‍ മൂലക്കാട്ട്, കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍, പി.ഡബ്ല്യു.ഡി ബ്രിഡ്ജസ് വിഭാഗം കോട്ടയം എക്സി. എൻജിനീയര്‍ എം.ടി ഷാബു, അസി.എക്സി. എൻജിനീയര്‍ എം.കെ. സന്തോഷ്കുമാര്‍, അസി. എൻജിനീയര്‍ ഹഫീസ് മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

