കാറിടിച്ച് പരിക്കേറ്റ ആനക്ക് എക്സ്റേ; വാലിൽ പ്ലാസ്റ്റർ
text_fieldsകാറിടിച്ച് വാലിന് പരിക്കേറ്റ പെരിങ്ങേലിപ്പുറം അപ്പു എന്ന ആനക്ക് ഡോ. ഉണ്ണികൃഷ്ണെൻറ നേതൃത്വത്തിൽ ചങ്ങനാശ്ശേരി അപ്പോളോ മൾട്ടി സ്പെഷാലിറ്റി ആശുപത്രിയിൽ എക്സ്റേ എടുക്കുന്നു
ചങ്ങനാശ്ശേരി: ഒരുവർഷം മുമ്പ് കാറിടിച്ച് പരിക്കേറ്റ ആനക്ക് ചികിത്സയുടെ ഭാഗമായി എക്സ്റേ എടുത്തു. അപൂർവ കാഴ്ച കാണാൻ അവസരം ലഭിച്ച ആവേശത്തിൽ ചങ്ങനാശ്ശേരിയിലെ ആനപ്രേമികളും നാട്ടുകാരും. തുരുത്തിയിലെ സ്വകാര്യ വെറ്ററിനറി ആശുപത്രിയായ അപ്പോളോ മൾട്ടി സ്പെഷാലിറ്റി ആശുപത്രിയിലാണ് ബുധനൂർ പെരിങ്ങേലിപ്പുറം അപ്പു എന്ന 26 വയസ്സുള്ള ആനക്ക് എക്സ്റേ എടുത്തത്.
ആറുമാസം മുമ്പ് ചെങ്ങന്നൂർ അമ്പലത്തിലെ തൃപ്പൂത്ത് ആറാട്ട് കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപ്പുവിനെ കാറിടിച്ചത്. തുടർന്ന് ചികിത്സയിലായിരുന്നു. മാസങ്ങൾക്കുമുമ്പ് ആനയുടെ വാൽ അനക്കാൻ കഴിയാത്ത സ്ഥിതിയായി. വിശദ പരിശോധനയിൽ വാലിൽ നീർക്കെട്ട് കാണുകയും എക്സ്റേ എടുക്കണമെന്ന് വെറ്ററിനറി ഡോക്ടർ നിർദേശിക്കുകയും ചെയ്തു. സാധാരണ വലിയ മൃഗങ്ങൾക്ക് പരിക്കേറ്റാൽ മണ്ണുത്തി വെറ്ററിനറി മെഡിക്കൽ കോളജിൽ മാത്രമാണ് എക്സ്റേ, സ്കാൻ തുടങ്ങിയ പരിശോധനകളുള്ളത്.
ആദ്യമായാണ് സ്വകാര്യ വെറ്ററിനറി ആശുപത്രിയിൽ ഇത്തരം പരിശോധന. കമ്പ്യൂട്ടറൈസ്ഡ് ഡിജിറ്റൽ എക്സ്റേ മൊബൈൽ യൂനിറ്റ് ഉപയോഗിച്ചാണ് റിട്ട. ചീഫ് വെറ്ററിനറി ഡോക്ടർ കെ. ഉണ്ണികൃഷ്ണെൻറ നേതൃത്വത്തിൽ എക്സ്റേ എടുത്തത്. കാറിടിച്ചതിനെത്തുടർന്ന് വാലിൽ ഏറ്റ പരിക്ക് നീർക്കെട്ടായതാണെന്നും എല്ലിന് ചെറിയ പൊട്ടൽ ഉണ്ടായതായും പരിശോധനയിൽ കണ്ടെത്തി. തുടർന്ന് ആനയുടെ വാലിൽ പ്ലാസ്റ്റർ ഇട്ടു.