തുരുത്തിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്
text_fieldsഎം.സി റോഡിൽ പുന്നമൂട് ജങ്ഷനിൽ അപകടത്തിൽപ്പെട്ട വാഹനങ്ങൾ
ചങ്ങനാശ്ശേരി: എം.സി റോഡിൽ തുരുത്തിയിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്. ഞായറാഴ്ച രാത്രി എട്ടോടെ മിഷ്യൻ പള്ളിക്ക് സമീപം പുന്നമൂട് ജങ്ഷനിലായിരുന്നു അപകടം.
അമിത വേഗത്തിൽ എത്തിയ കാർ ബൈക്ക് യാത്രികനെ മറികടക്കാൻ ശ്രമിക്കുമ്പോൾ ബൈക്കിൽ ഇടിക്കുകയും നിയന്ത്രണംവിട്ട കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോയിൽ ഇടിക്കുകയുമായിരുന്നു.
ഇടിയുടെ ആഘാതത്തിൽ നിയന്ത്രണംവിട്ട ബൈക്ക് റോഡരികിൽ നിന്നവരെ ഇടിച്ചു മറിച്ചു. ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഗ്നിശമന സേന അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്നും മാറ്റി. അരമണിക്കൂറോളം ഗതാഗതക്കുരുക്കുണ്ടായി. ചങ്ങനാശ്ശേരി പൊലീസ് സ്ഥലത്തെത്തി. ഞായറാഴ്ച വൈകീട്ട് ആറോട് കൂടി ചങ്ങനാശ്ശേരി ഉദയഗിരി ജംഗ്ഷനിലും കാർ ബൈക്കിൽ ഇടിച്ച് രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. സാരമായ പരിക്കേറ്റ യുവാക്കളെ നാട്ടുകാർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

