അപ്രതീക്ഷിത മഴ; വഴികൾ വെള്ളക്കെട്ടിൽ, ദുരിതത്തിലായി യാത്രക്കാര്‍
text_fieldsചങ്ങനാശ്ശേരി പി.പി ജോസ് റോഡില്‍ ശക്തമായ മഴയില്‍ രൂപപ്പെട്ട വെള്ളക്കെട്ട്
ചങ്ങനാശ്ശേരി: അപ്രതീക്ഷിത മഴയിൽ റോഡുകൾ മുങ്ങിയതോടെ യാത്രക്കാര്‍ ദുരിതത്തിലായി. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു മൂന്നുമണിയോടെ പെയ്ത ശക്തമായ മഴയില്‍ ചങ്ങനാശ്ശേരി നഗരത്തിലെ പി.പി ജോസ് റോഡ്, എൻ.എച്ച് 163 ൽ എസ്. ബി കോളജിന്റെ മുൻവശം, പെരുന്ന രാജേശ്വരി കോംപ്ലക്സ് ജങ്ഷൻ എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. നഗരത്തിലെ ഓടകൾ പലതും നീരൊഴുക്ക് തടസ്സപ്പെട്ട് മൂടപ്പെട്ട നിലയിലാണ്. ശക്തമായി ഒറ്റപ്പെട്ട മഴ പെയ്താൽ പോലും ചങ്ങനാശ്ശേരിയിലെ ഉപവഴികളിലും ഓടകള്‍ നിറഞ്ഞ് കവിഞ്ഞ് വെള്ളക്കെട്ട് രൂപപ്പെടുന്നത് പതിവാണെന്ന് സമീപത്തെ വ്യാപാരികളും പ്രദേശവാസികളും പറയുന്നു. പി.പി ജോസ് റോഡ് നവീകരിച്ചെങ്കിലും ഈ ഭാഗത്തെ ഓട നികന്നു പോയതാണ് വെള്ളക്കെട്ടിന് ഇടയാക്കിയത്. നിലവിൽ വെള്ളം ഒഴുകിപ്പോകുന്നതിനുള്ള സംവിധാനമില്ല.
മഴ പെയ്തൊഴിഞ്ഞാലും വെള്ളം ഇറങ്ങിപ്പോകുന്നതിനും താമസമെടുക്കുന്നു. കാല്‍നടക്കാരും സമീപത്തെ വ്യാപാരസ്ഥാപനങ്ങളുമാണ് ദുരിതം അനുഭവിക്കുന്നത്. വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ കടകളിലേക്ക് വെള്ളം കയറുന്നതിനും ഇടയാക്കുന്നു. എസ്.ബി , അസംപ്ഷന്‍ എന്നീ കോളജുകളിലേ വിദ്യാർഥികളും, അധ്യാപകരും സെന്‍ട്രല്‍ ജങ്ഷനിലേക്കും രണ്ടാം നമ്പര്‍ ബസ് സ്റ്റാന്‍ഡിലേക്കും എളുപ്പത്തില്‍ എത്തുന്നതിനും ഉപയോഗിക്കുന്ന റോഡ് കൂടിയാണിത്. മുട്ടറ്റം വെള്ളത്തിൽ വിദ്യാർഥികളും മറ്റ് കാല്‍നടയാത്രികരും വെള്ളക്കെട്ടിലൂടെ നടന്നുനീങ്ങേണ്ട സ്ഥിതിയാണ് ഉണ്ടായത്. റോഡില്‍ വെള്ളക്കെട്ട് കാരണം റോഡരികില്‍ സ്ഥാപിച്ചിരിക്കുന്ന ട്രാന്‍സ്ഫോമറിന്റെ സംരക്ഷണ വേലിയില്‍ പിടിച്ച് അപകടകരമായ അവസ്ഥയിലാണ് നടപ്പാതയിലേക്ക് കാല്‍നടക്കാര്‍ കടക്കുന്നത്. റോഡിന്റെ ഒരുവശത്താണ് നടപ്പാതയുള്ളത്. വെള്ളക്കെട്ടിൽ നടപ്പാത വരെ മുങ്ങിപ്പോകുന്ന സ്ഥിതിയാണ് ഉണ്ടായത്. നവീകരണത്തിന്റെ ഭാഗമായി റോഡ് ഉയര്‍ത്തിയതിനാല്‍ ഈ ഭാഗത്തെ ഇടറോഡുകള്‍ താഴ്ന്ന് സ്ഥിതി ചെയ്യുന്നതും വെള്ളക്കെട്ട് രൂപപ്പെടുന്നതിനിടയാക്കുന്നു. നാട്ടുകാരുടെയും യാത്രക്കാരുടെയും പരാതിയെ തുടർന്ന് ചങ്ങനാശ്ശേരി നഗരസഭ ചെയർമാൻ ജോമി ജോസഫ്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ കുഞ്ഞുമോൻ പുളിമൂട്ടിൽ, മുനിസിപ്പൽ സെക്രട്ടറി സൗമ്യ ഗോപാലൻ,എക്സിക്യൂട്ടീവ് എൻജിനീയർ ആർ. സുധ,ജെ.എച്ച്. ഐ ഗായത്രി ദേവി, ഹെൽത്ത് സൂപ്പർവൈസർ എൻ മനോജ് ഹെൽത്ത് ഇൻസ്പെക്ടർ ടി. എം ഷംസുദ്ദീൻ എന്നിവർ സ്ഥലത്തെത്തി.
പി.പി ജോസ് റോഡിലെയും നഗരത്തിലെ ഉപവഴികളിലെയും വെള്ളക്കെട്ട് പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് ചങ്ങനാശ്ശേരി നഗരസഭ അധ്യക്ഷൻ ജോമി ജോസഫ് പറഞ്ഞു. പ്രാഥമികമായി ഓടകൾ ശുചീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. അടിയന്തര പ്രാധാന്യത്തോടെ വെള്ളക്കെട്ടിനു പരിഹാരം കാണുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി നഗരസഭ അധ്യക്ഷൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

