മനയ്ക്കച്ചിറ ടൂറിസം; കോടികള്‍ ജലരേഖയാവുന്നു
text_fieldsപോള കയറി കിടക്കുന്ന എ.സി കനാൽ പവലിയനിലെ സംരക്ഷണ ഭിത്തികൾ തകർന്ന നിലയിൽ
ചങ്ങനാശ്ശേരി: സര്‍ക്കാറിന്റെ കോടികള്‍ വിഴുങ്ങിയ എ.സി കനാലിലെ മനയ്ക്കച്ചിറ ടൂറിസം പദ്ധതി ജലരേഖയായി. ടൂറിസം പദ്ധതിക്കായി നിർമിച്ച പവലിയനുകളിലെ സംരക്ഷണ ഭിത്തികൾ തകർന്നു.
ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിനു സമാന്തരമായി എ.സി കനാലിലെ പോളകളും കടകലും വാരി മാറ്റുന്നതിന് സര്‍ക്കാര്‍ കോടികളാണ് ചെലവഴിച്ചിട്ടുള്ളത്. എന്നാലിപ്പോൾ എ.സി കനാലില്‍ മനയ്ക്കച്ചിറ മുതൽ കിടങ്ങറക്കു സമീപം വരെ പോള തിങ്ങി നിറഞ്ഞു കിടക്കുകയാണ്. ചങ്ങനാശ്ശേരി ജലോത്സവത്തിനു മുന്നോടിയായി ഓരോ വര്‍ഷവും ലക്ഷങ്ങളാണ് പോള നീക്കാന്‍ ചെലവഴിച്ചിരുന്നത്. കഴിഞ്ഞ കുറെ വര്‍ഷമായി ജലോത്സവം മുടങ്ങിയിരിക്കുകയാണ്. ജലോത്സവത്തോടും സാംസ്കാരിക വാരാഘോഷത്തോടും അനുബന്ധിച്ച് പുത്തനാര്‍ സംരക്ഷണ സമിതി രൂപവത്കരിച്ചിരുന്നു. ശമ്പള വ്യവസ്ഥയില്‍ പോള നീക്കുന്നതിന് ആളെ നിയമിക്കുന്നതിനുള്ള ആലോചനകള്‍ നടന്നെങ്കിലും പദ്ധതി നടപ്പായില്ല.
എ.സി കനാല്‍ ജനകീയ സമരസമിതി രൂപവത്ക്കരിച്ച് കനാല്‍ മാലിന്യമുക്തമാക്കണമെന്നും പോളയും മറ്റും നീക്കണമെന്നുമാവശ്യപ്പെട്ട് സമരപരിപാടികള്‍ നടത്തിയതിനെ തുടര്‍ന്ന് കാടും പോളകളും നീക്കിയിരുന്നു. എന്നാല്‍, പണം മുടക്കുന്നതല്ലാതെ തുടര്‍ സംരക്ഷണത്തിനു സംവിധാനം ഒരുക്കാത്തതില്‍ പ്രതിഷേധം ശക്തമാണ്. കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ സ്ഥാനം പിടിക്കാന്‍ പാകത്തില്‍ ഒന്നേകാല്‍ കോടിയോളം മുടക്കി നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം നിര്‍വഹിച്ച മനയ്ക്കച്ചിറ ടൂറിസം പദ്ധതി അവസാനിച്ചിടത്തുതന്നെ നില്‍ക്കുകയാണ്. നിർമാണ പ്രവർത്തനങ്ങൾ തകർന്നതോടെ ലക്ഷങ്ങളാണ് പാഴായത്. കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തിയ ഈ പ്രദേശത്ത് പദ്ധതിയുമായി ബന്ധപ്പെട്ട തുടര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനായിരുന്നു നീക്കം. എന്നാല്‍, പിന്നീട് പാക്കേജ് ഇല്ലാതായതോടെ ഈ പദ്ധതിയും ആശങ്കയിലായി. മലയോര മേഖലയേയും കുട്ടനാടിനെയും ബന്ധിപ്പിക്കുന്ന സ്വപ്ന പദ്ധതിയായിരുന്നു മനയ്ക്കച്ചിറ ടൂറിസം പദ്ധതി. ചങ്ങനാശ്ശേരി മുതല്‍ മങ്കൊമ്പ് വരെയുളള 20 കി.മീ നീളത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരുന്നതെങ്കിലും കിഴക്കുനിന്ന് ഒരു കി.മീ നീളത്തില്‍ എ.സി കനാലിന്റെ ഭാഗങ്ങളിലെ സൗന്ദര്യവത്കരണങ്ങളാണ് നടന്നത്. സി.എഫ് തോമസ് എം.എല്‍.എ മുന്‍കൈയെടുത്ത് ടൂറിസം വകുപ്പ് അനുവദിച്ച 33 ലക്ഷത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ആദ്യം നടന്നത്.
രണ്ടാംഘട്ടം 2005ല്‍ 39 ലക്ഷവും അന്തിമഘട്ടമെന്ന നിലയില്‍ 49 ലക്ഷം രൂപയും ചെലവഴിച്ചു. വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എ.സി കനാലിന് വടക്കുഭാഗത്ത് എ.സി റോഡിനും കനാലിനും സമാന്തരമായി പവലിയന് നിര്‍മിക്കുകയും തറയില്‍ ടൈല്‍സ് പാകുകയും ചെയ്തിരുന്നു.
ചുറ്റു മതിലും നിർമിച്ചു. കനാലിന്റെ മധ്യഭാഗത്തെ പവലിയൻ പണി ഇനിയും പൂര്‍ത്തിയായിട്ടില്ല. തുടര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഇതുവരെ ചെലവഴിച്ച ലക്ഷങ്ങള്‍ വെള്ളത്തിലാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

